നീ എന്‍റെ ഭാര്യ


ആലോചനയാണ്
ഇപ്പോള്‍ എനിക്ക് പ്രാപിക്കാനാകാത്ത
ഏതോ അജ്ഞാത കേന്ദ്രത്തില്‍
നീയും
ഇതേ ആലോചനകളില്‍ ഇരിക്കുകയാവാം
നിന്നെപ്പറ്റി ആലോചിക്കുന്ന
ഒരാളെപറ്റി
ഇതു പോലെ ആലോചിക്കുന്നു പോലുമുണ്ടാകാം

ഈ ആലോചനയുടെ
ലക്ഷണങ്ങള്‍
എന്റെ വീടിനെ വരെ
ചമയിക്കുന്നുണ്ട്

മീന്‍ മുളകിട്ടു വറ്റിച്ച
കുടുക്ക കഴുകാനെടുക്കുമ്പോള്‍
കല്ലുമ്മക്കായ പൊളിച്ചിട്ട
ഇത്തിളെടുത്തു വന്ന്
കറി പറ്റിപ്പിടിച്ച അടി ചുരണ്ടുന്ന
നീയാകാം ഉമ്മയുടെ പ്രതീക്ഷയില്‍

ദേശ്യപ്പെടലുകളുടെ
കൂറ്റ് പോലും
എത്രയോ കുറച്ചു വച്ചിരിക്കുന്നൂ ഉപ്പ
അകത്തെത്തണ്ട
വാതുക്കലെ വാക്കേറ്റങ്ങള്‍ എന്ന കരുതലോടെ

യഥേഷ്ടം
കയറിയിറങ്ങാമായിരുന്ന അകങ്ങള്‍
അനിയനു നേരെ
ചില വാതിലുകള്‍ വെക്കാന്‍
ആലോചന തുടങ്ങിയ പോലെ അവന്

ചായ കുടിക്കാനിരിക്കുമ്പോള്‍
കറിക്കരിയുമ്പോള്‍
അലക്കാനുള്ളത് പൊതിര്‍ത്തുമ്പോള്‍
ടിവി കാണുമ്പോഴെല്ലാം
ഒരാള്‍ കൂടിയുള്ളതായി
പെങ്ങളുടെ പെരുമാറ്റത്തില്‍

ഞാനുമെന്നെ വിരിച്ചിട്ടു തുടങ്ങി
എത്ര നിവര്‍ത്തിയിട്ടാലും
പിന്നെയും ചുരുണ്ടു കൂടുന്ന
പുത്തന്‍ പായ
നാലു മൂലക്കും ആളിരുന്നോ
തലയണ കനം വച്ചോ
നിലത്ത് നിവര്‍ത്തിയിടുന്ന മാതിരി

മേപ്പടി പ്രതീക്ഷകള്‍ക്കൊത്തുയരണോ
അതിനപ്പുറമിപ്പുറം
നിന്നെ
വിഭാവന ചെയ്യണോ
എന്നുള്ളില്‍ ഒരു ഭാവന വേറെ

ഇത്രയും വെളിപ്പെടുത്തിയ സ്തിഥിക്ക്
കൈമാറിയാലോ
ആലോചനകളന്യോന്യം.

7 comments:

  1. ആവര്‍ത്തന വിരസനെ
    സഹിക്കേണ്ടി വന്നവരോട്
    ക്ഷമാപണം
    പണം

    ReplyDelete
  2. നല്ല വരികള്‍

    ReplyDelete
  3. നല്ല കവിത
    അഭിനന്ദനങ്ങള്‍
    നന്‍മകള്‍ നേരുന്നു

    ReplyDelete
  4. ബ്യൂട്ടിഫുള്‍!

    ReplyDelete
  5. നീ നല്ല ഒരു ഭര്‍ത്താവ് ആയിത്തീരുമെടാ...
    ഞാന്‍ അനുഗ്രഹിച്ചിരിക്കുന്നു.

    ReplyDelete
  6. so mentally you are ............

    ReplyDelete
  7. AnonymousJuly 16, 2009

    "പൂമുഖ വാതില്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂം തിങ്കള്‍ ആകുന്നു ഭാര്യ .."എന്ന പാട്ട് കേള്‍കുമ്പോഴ താങ്കളുടെ ഈ "ഭാര്യയെ " കാണുന്നത് ...നല്ല ഭാര്യ ....

    ReplyDelete