അനേകാഗ്രത


മാംസവും രക്തവുമുള്ള
മനുഷ്യ ബന്ധങ്ങളൊക്കെയും
നമ്പറുകളായി മാറുന്നല്ലോ
എന്നൊരാധിയിലകപ്പെട്ട ദിവസം

അക്കമിട്ട തടവുകാരന്
കുടുസ്സു മുറിയിലേക്കിറ്റുന്ന
വെളിച്ചത്തിനോടെന്ന പോലെ
അവന്
ദൈവത്തോട് കമ്പം തോന്നി

ജയിലെന്നാല്‍
അത്യാവശ്യമായതിലും കുറഞ്ഞ സ്ഥലവും
ആവശ്യമായതിലുമേറെ സമയവും മാത്രമല്ല
പേരിനു പകരം കുത്തിയ അക്കവുമാണെന്ന്
അവന്‍ അപ്പോള്‍ ബോധവാനായി

പരമോന്നത നീതി പീഠവും
ന്യായാധിപനുമായ
ദൈവത്തോട് കുറച്ചധികം സംസാരിക്കണം
എന്നൊരു ഉള്‍വിളി വന്നതങ്ങനെയാണ്

ദൈവത്തോട്
സംസാരിച്ചിരിക്കുന്നതിനിടെ
അവന്റെ കൈഫോണ്‍
അരികെ പതുങ്ങി നിന്ന ആരോ
കൈക്കലാക്കിയിരുന്നു

പ്രാര്‍ത്ഥിക്കുന്നവനേക്കാള്‍
എത്രയോ കൂടിയ ഏകാഗ്രത വേണം
മോഷ്ടിക്കുന്നവന് എപ്പോഴും

പ്രാര്‍ത്ഥനകള്‍
ആഗ്രഹിച്ചതൊന്നും കവര്‍ന്നെടുക്കാനാവാത്ത
പാഴ് ശ്രമങ്ങളായി തുടരുമ്പോള്‍
മോഷണം എത്ര ഫലവത്താണ് മിക്കപ്പോഴും

നിലവിലില്ലാത്ത ഫോണിലേക്ക്
എന്നെ വിളിക്കേണ്ട നേരമായെന്ന
പ്രണയിനിയുടെ
പാഴ്വിളി പോലെയാകും
ചില നേരം പ്രാര്‍ത്ഥനകള്‍

കടം വാങ്ങിയവനെ വിളിച്ച പോലെ
പരിധിക്ക് പുറത്തോ
സ്വിച്ച്ഡ് ഓഫ്ഫോ ആവും
മിക്കവാറും ദൈവ സന്നിധി

രോഗികള്‍ക്ക് മരുന്നു കൊടുക്കുന്ന
അതേ കൃത്യതയില്‍
അവളെഴുതിയ
കുഞ്ഞു കുഞ്ഞു പ്രേമക്കുറികളാല്‍
ദിവസവും രണ്ടു നേരം
ശുശ്രൂഷ ചെയ്യപ്പെട്ട അവന്‍
അഞ്ചു നേരമുള്ള
ദൈവത്തിന്റെ വിളി
അറിഞ്ഞിരുന്നു പോലുമില്ല അതു കൊണ്ട്.
00

ഇത് കവിതയല്ല. ഇതിലെ അവന്‍ മറ്റൊരാളുമല്ല. പോയ്പ്പോയത് സ്വന്തം ഫോണ്‍ തന്നെയാണ്. എന്റെ പ്രിയപ്പെട്ട ഫോണ്‍ നോക്കിയ 5310 എക്സ്പ്രസ്സ് മ്യൂസിക്ക്. കഴിഞ്ഞ ജനുവരിയില്‍ 850 ദിര്‍ഹമിനു വാങ്ങിയത്. ദേരയിലെ ഗ്ലാസ്സ് മസ്ജിദില്‍, തൊട്ടപ്പുറം പ്രാര്‍ത്ഥിക്കാനെന്ന പോലെ നിന്നിരുന്ന ആരോ ഒരാള്‍ അതും കൊണ്ട് കടന്നു കളയുകയായിരുന്നു. വിചാരിക്കുമ്പോള്‍ കരച്ചില്‍ വരുന്നത് സൌഹൃദങ്ങളുടേയും സഹവാസങ്ങളുടേയും അക്കബന്ധങ്ങളൊക്കെ കൈവിട്ടു പോയതോര്‍ക്കുമ്പോഴാണ്. വീണ്ടെടുപ്പില്ലാത്തവയുമുണ്ട് ആ കൂട്ടത്തില്‍. എന്നേക്കുമായി കൈവിട്ട ചങ്ങാത്തങ്ങള്‍. കാത്തു വച്ച ചെറു ലിഖിതങ്ങള്‍ കുറെ. കേട്ടാല്‍ കൊതി തീരാത്ത പ്രിയ ഗാനങ്ങള്‍ വേറെ. നടപ്പുകളുടേയും ദുര്‍നടപ്പുകളുടേയും അവശിഷ്ടങ്ങളായുള്ള സൂക്ഷിപ്പുകള്‍ ഏറെ.
നഷ്ടങ്ങളുടെ നഷ്ടം വിവാഹ നിശ്ചയത്തിനും വിവാഹത്തിനുമിടയിലുള്ള കുറഞ്ഞ ദിനങ്ങളുടെ, ഹൃസ്വതയുടെ ദൈര്‍ഘ്യം വെട്ടിക്കുറക്കാന്‍ എന്റെ പ്രണയിനി എഴുതിയ കുഞ്ഞു കുഞ്ഞു ലിഖിതങ്ങളുടെ നഷ്ടമാണ്. പ്രണയക്കടുപ്പത്തില്‍ ആയിരുന്നു ഞങ്ങളപ്പോള്‍. പരസ്പരം കൂട്ടിയിടിച്ച് തകരാനുള്ള വെമ്പലോടെ ഭ്രമണ പഥങ്ങളില്‍ നിന്ന് പിണങ്ങിയ രണ്ടു ഗ്രഹങ്ങളുടെ വേഗവും പിണ്ഠവുമാകുമല്ലോ അക്കാലം ഏതു പ്രണയികള്‍ക്കും. ഈ വിരഹത്തിലാവട്ടെ അവളുടെ നേരം കൂട്ടിയുള്ള സ്നേഹ ശുശ്രൂഷകള്‍ എനിക്കായി സ്വീകരിച്ചിരുന്നതും ആ ഫോണായിരുന്നു. imei കോഡ് ഉപയോഗിച്ച് ആ ഫോണിനു പിന്നാലെ പോകാമെന്ന് കേള്‍ക്കുന്നു. 358976018271477 ആണ് ആ നമ്പറ്. അതിനൊന്നും നില്‍ക്കണ്ട, നിനക്കേതായാലും പോയി, അതെടുത്തവനെങ്കിലും ഉപകാരത്തിനെത്തിക്കോട്ടെ എന്ന് പറയുന്നു ഉള്ളിലെ മാന്യന്‍. അപ്പോഴും ചില ജീവിത രംഗങ്ങള്‍ ഓര്‍മ്മയിലെത്തുമ്പോള്‍ അവിടെ സന്നിഹിതരും അതോടെ എനിക്ക് സുഹൃത്തുക്കളുമായി മാറിയ ചില മുഖങ്ങളെ ഇനി തിരിച്ചു പിടിക്കാന്‍ ഒരു വഴിയുമില്ലെന്ന ദുഖം മനസ്സില്‍ മൂടിക്കെട്ടി പെയ്യാതെ നില്‍ക്കുന്നു. അവരുടെ അസാന്നിധ്യം പകരുന്ന വേദന... ജീവിതത്തിന്റെ ഒരടര് ഡിലീറ്റ് ചെയ്യപ്പെട്ട പോലെ...