പോക്കും വരവും ബന്ധനസ്ഥമായ നിലനില്‍പ്പും മൊഴിയുടെ പുതു സ്വച്ഛന്ദതയില്‍ ആഖ്യാനം ചെയ്യുകയാണ് റഫീക്ക് "തിരുവള്ളൂരി'ല്‍. സമയം തെറ്റാതെ, ദിശ തെറ്റാതെ, കൃത്യമായ റൂട്ടുകളില്‍, കൃത്യമായ സമയപ്പട്ടികയില്‍ പോക്കുവരവ് നടത്തുന്ന ബസ്സുകള്‍. സ്കൂള്‍ കുട്ടികളും. ഒരു പട്ടിയും ചിട്ടയുമില്ലാതെ തെക്കുവടക്ക് നടന്ന് കുരുത്തക്കേട് പാസായി ചിലര്‍ പാസ്പോര്‍ട്ടെടുത്ത് ഗള്‍ഫില്‍ പോയി ധനികരായി തിരിച്ചെത്തുന്നു. മുഹമ്മദിന്റെ തുണിപ്പീടികയും മൊയ്തീന്റെ അനാദിക്കടയും മുന്നോട്ടു പോയി; യഥാക്രമം ഫാഷന്‍ സ്പോട്ടിലേക്കും സൂപ്പര്‍ മാര്‍ക്കറ്റിലേക്കും. അതുവഴി നാട്ടിലെ ഒരു വിഭാഗവും മുന്നോട്ടു പോയി. ചലനമറ്റു നിന്നുപോയി മുനീറിന്റെ ചെരുപ്പുകട; ഈ ചെരിപ്പെല്ലാമുണ്ടായിട്ടും ഒരടി എങ്ങോട്ടും പോകാനാവാതെ. പടിക്കു പുറത്തുവച്ച ചെരുപ്പു പോലെ അതവിടെത്തന്നെ ഉണ്ട്; ആരും തട്ടി വീഴ്ത്താതെ. നിശ്ചലതയുടെയും മരവിക്കലിന്റെയും തീരത്തെ പുതിയൊരു കെടുനില്‍പ്പ്. എത്രയോ നിസ്വജന്മങ്ങളുടെ ഛായാചിത്രമാകുന്നുണ്ടിത്. ലത്തീഫിന്റെ തുന്നല്‍പ്പീടികയുമുണ്ട് കൂട്ടുനില്‍പ്പിന്. ഒരു വ്യത്യാസം മാത്രം. ലത്തീഫിന്റെ ജന്മം മറ്റുള്ളവരുടെ ആഘോഷങ്ങളുടെയും വളര്‍ച്ചയുടെയും അളവുബുക്കാണ്. പെരുന്നാളിന്റെയും നിക്കാഹിന്റെയും സന്തോഷഭാഷയുടെയും അഴകളവുകളുടെയും കണക്കുകള്‍ അതിലുണ്ട്. സ്വന്തം പെങ്ങളുടെ ജീവിതവും പടവുകള്‍ പിന്നിട്ടത് ആ അളവു ബുക്കിന്റെ പടികള്‍ ചവിട്ടി. എത്ര പരതിയാലും കാണില്ല, ആ ഏടുകളില്‍ അവന്റെ സ്വന്തം ഒരളവും. ചരിത്രത്തില്‍ ഇല്ലാത്തവരില്‍ ഒരാള്‍. ഇങ്ങനെയുണ്ട് എത്രയെങ്കിലും പരാര്‍ത്ഥ ജന്മങ്ങള് ഇന്നും നമ്മുടെ നാടന്‍ വാഴ്വില്. പോകാന്‍ മോഹമുണ്ടെങ്കിലും പോകാനാവാത്ത ബഹുഭൂരിപക്ഷത്തെ മുഴുവനായി കാണിക്കുന്നു ഇപ്പോഴും നിരത്തിലിറങ്ങി അടുത്ത ബസ്സിനു പോയാലോ എന്നു നില്‍പ്പായ അങ്ങാടി എന്ന ഗ്രൂപ്പ് ഫോട്ടോ. തീവെപ്പും അടിപിടിയും കൊള്ളയും ഭീകരാക്രമണങ്ങളും എത്രയുണ്ടായാലും അകലെയോ അടുത്തോ മറ്റൊരഭയമില്ലാത്തവ; വിട്ടുപോകാനാവാത്ത ബന്ദിജനത. അങ്ങനെ പോക്കുവരവുകളുടെയും പോകാവരായ്കകളുടെയും പൊരുള്‍ ആളുന്ന വെട്ടവുമായി റഫീക്കിന്റെ വാക്കുകളും. കാലത്തെ തൊട്ട്.
-ദുബൈയില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രവാസ ചന്ദ്രികയില്‍ നിന്ന്