മഴ പോലൊന്ന്‌

വീടുമാറിക്കയറിയ അതിഥിയാണ്‌
ദുബായിലെ മഴ
ഉറങ്ങുന്നവരുണരുമോയെന്ന
പരുങ്ങലോടെ
ഒച്ച കൂട്ടാതെ
തൊട്ടുവിളിക്കുക മാത്രം ചെയ്‌ത്‌
ഒന്ന്‌ കൊണ്ടയുടനെ
തെല്ലു ജാള്യതയോടെ
തിരിച്ചിറങ്ങിപ്പോയി

നാട്ടിലേതു പോലെ
തുള്ളിക്കൊരു കുടമില്ല
മഴ പോലൊന്ന്‌
ഒറ്റ ദിവസം കൊണ്ട്‌
പാവം പിടിച്ചൊരു മഴക്കാലം

മഴ പെയ്യുന്നതറിഞ്ഞ്‌
മുറി വിട്ടിറങ്ങിയവര്‍ക്കത്‌
നാട്ടില്‍ നിന്ന്‌ കൊടുത്തയച്ച
പലഹാരപ്പൊതി
രുചിച്ച്‌
മതി വരും മുന്നേ
തീര്‍ന്നു പോയ മധുരം

ജീവിതം
നിലത്തു വീണ മഴ

12 comments:

  1. ജീവിതം
    നിലത്തു വീണ മഴ

    ReplyDelete
  2. “ജീവിതം
    നിലത്തു വീണ മഴ“

    ശരിക്കും.. അതു നിലത്തു വീണ മഴ തന്നെ.

    നല്ല മഴക്കവിത.
    ആശംസകള്‍.. മഴയ്ക്കും മഴക്കവിയ്ക്കും.

    ReplyDelete
  3. കൊല്ലം നീളുന്ന ചൂടില്‍
    പൊള്ളിപ്പോകുന്ന മനസ്സിനെ കുളിര്‍പ്പിക്കാന്‍ ആ ഒരൊറ്റ മഴക്ക് കഴിയുന്നു.

    ReplyDelete
  4. റഫീക്ക് ,
    ദുബായിലെ മഴയെ ഇതിലും നന്നായി വര്‍ണ്ണിക്കാന്‍ വാക്കുകള്‍ ഇല്ല അല്ലെ?!!!
    പറഞ്ഞു കേട്ട അറിവേ ഉള്ളു.എങ്കിലും ഇപ്പോള്‍ അത് കുടുതല്‍ വ്യക്തമായി ..
    കൊള്ളാം....വാക്കുകളുടെ ഈ പ്രയോഗ ഭദ്രത കാത്തു സുക്ഷിക്കുക.
    ആശംസകളോടെ.

    ReplyDelete
  5. jeevitham nilathu vezhum munbe chitharippoya mazhathulli..

    ReplyDelete
  6. പാവം പിടിച്ചൊരു മഴക്കാലം..!


    അവസാന വരിയില്‍ വീണുപോകുന്നു,,
    വാറ്റാതെ അവിടവിടെ വീണുകിടക്കുന്ന മഴത്തുണ്ടുകള്‍ കാണുമ്പോള്‍.

    ReplyDelete
  7. മഴക്കായികാത്ത് കാത്ത് മരുഭൂമിയാകുന്ന മനസ്സ്............... അവിടത്തെ പോലെതന്നെയാണ് ഇവിടെയും മഴ.........

    ReplyDelete
  8. ജീവിതം നിലത്തു വീണ മഴയാണ്!
    പെയ്യരുതെന്നു ആരൊന്നു പറയും?

    ReplyDelete
  9. ജീവിതം
    നിലത്തു വീണ മഴ

    ഒരു ജന്‍മം മുഴുവന്‍ ഉള്ളതിനാല്‍ ഈ വരികള്‍ക്ക്‌ വല്ലാത്ത കനം...

    ReplyDelete
  10. മഴ പെയ്യുന്നതറിഞ്ഞ്‌
    മുറി വിട്ടിറങ്ങിയവര്‍ക്കത്‌
    നാട്ടില്‍ നിന്ന്‌ കൊടുത്തയച്ച
    പലഹാരപ്പൊതി
    രുചിച്ച്‌
    മതി വരും മുന്നേ
    തീര്‍ന്നു പോയ മധുരം

    നല്ല ഭാവന

    ReplyDelete
  11. ജീവിതം മേലേക്ക് പോയ നീരാവി...
    എന്നെങ്കിലും ഒരു തുള്ളിയായി തിരിച്ചു വരുമെന്ന പ്രത്യാശയോടെ..

    ReplyDelete