മുൻ പുഴു

പൂക്കൾക്കും കുഞ്ഞുങ്ങൾക്കുമൊപ്പമാണിപ്പോൾ
ഒരു പൂവിലുമിരിപ്പുറക്കാത്തതിനാൽ
മാറിമാറി പ്രേമിക്കുന്ന പൂവാലനെന്ന്
കളിയാക്കി ഇന്നാളൊരാൾ*
പൂമ്പാറ്റയെന്നത് വീട്ടിൽ വിളിക്കുന്ന പേരോന്ന്
ചോദിച്ചിരുന്നു അതിനും മുമ്പൊരു കുട്ടി*
കുട്ടികളെനിക്ക് ജീവൻ
അവർക്കുമെന്നെ പെരുത്തിഷ്ടം
ബാല സാഹിത്യങ്ങളേക്കാൾ
അവരെന്നെ ഇഷ്ടപ്പെടുന്നൂ

അവരെപ്പോലിരിക്കുന്നതിനാണ്
പല നിറങ്ങളുള്ള ഉടുപ്പിട്ട് പുറത്തേക്കിറങ്ങുന്നത്
അവരോടൊപ്പം കളിക്കുന്നതിനാണ്
അവരുടെ വഴികളിൽ വന്നിരിക്കുന്നത്

നിങ്ങൾക്കും എന്നെ സ്നേഹമാണെന്നറിയാം
പൂമ്പൊടിയേറ്റിച്ചെന്ന്
പ്രണയങ്ങളെ പൂവിടീക്കുന്നതു മുതൽ
സ്വപ്നങ്ങളിൽ പറ്റിക്കൂടി
ഓർമ്മകളുടെ ആൽബത്തിന്റെ വക്കിലെ 
തൊങ്ങലായിരിക്കുന്നതു വരേ,

ചിത്രച്ചിറകുകളിലെ
ഭാഷകൾക്കു മുന്നേയുള്ള ലിപികൾ
പാറ്റകളുടെ വംശത്തിലെ 
പറന്നു പോകുന്ന പൂക്കൾ
ഉടലിൽ ചിത്രത്തുന്നലുള്ള പുളകങ്ങൾ
സ്വപ്നദർശനം പോലെ മനംകിളിർപ്പിക്കുന്ന
ജീവന്റെ പലനിറത്തുള്ളികൾ
വെയിലിന്റെ നിലാവിന്റെ സൂര്യന്റെ
താരാട്ടിന്റെ വാൽസല്യത്തിന്റെ
പച്ചയുടെ പ്രാണന്റെ
ഏഴുനിറങ്ങളുടേയും പേരക്കിടാങ്ങൾ ഞങ്ങൾ

എന്നിട്ടും
ഭൂതകാലം തിന്നു കൊതി തീരാത്ത
ചില ജീവികളുടെ ദോഷൈകദൃഷ്ടിയിൽ
ഞാൻ മുൻ പുഴു,
അവർക്കറിയില്ല
കാറ്റിനു പോലും തുളക്കാവുന്ന ചിറകുകൾ കൊണ്ട്
ജീവിതമെഴുതുന്നതിന്റെ പ്രാണിവേദന.


*ശൈലന്റെ കവിതയിൽ
*വീരാൻ കുട്ടിയുടെ കവിതയിൽ

3 comments:

  1. 'മുൻ' ചേർത്തു വിളിക്കപ്പെടുന്ന ലേബലുകളാൽ
    ഇപ്പോഴത്തെ ജീവിതത്തിൽ തിരസ്കൃതരാകുന്ന പലർക്ക്:

    ReplyDelete
  2. കുട്ടികളെനിക്ക് ജീവൻ
    അവർക്കുമെന്നെ പെരുത്തിഷ്ടം
    ബാല സാഹിത്യങ്ങളേക്കാൾ
    അവരെന്നെ ഇഷ്ടപ്പെടുന്നൂ

    ഭാഗ്യവാന്‍ !!!!

    ReplyDelete
  3. "എന്നിട്ടും
    ഭൂതകാലം തിന്നു കൊതി തീരാത്ത
    ചില ജീവികളുടെ ദോഷൈകദൃഷ്ടിയിൽ
    ഞാൻ മുൻ പുഴു,
    അവർക്കറിയില്ല
    കാറ്റിനു പോലും തുളക്കാവുന്ന ചിറകുകൾ കൊണ്ട്
    ജീവിതമെഴുതുന്നതിന്റെ പ്രാണിവേദന."

    നല്ല വരികള്‍.. ആശംസകള്‍..

    ReplyDelete