അമ്പത്തൊന്നക്ഷരാധീ,

അമ്പത്തൊന്നക്ഷരാളീ
മലയാളമേ
വ്രണിത തനു ലതേ
അമ്പത്തൊന്നു മുറിവുകളില്‍
ചോരയുടെ വേദമാകുക
വേദനേ,

തിരുത്തുന്നതിനു പകരം
വെട്ടിക്കളഞ്ഞല്ലോ കൈപ്പട
ശരിയായാലും തെറ്റായാലും
നീ പഠിപ്പിച്ചതില്‍ നിന്നും
കിട്ടിയ ഉത്തരങ്ങളായിരുന്നൂ
കൂട്ടിവായിച്ചതൊക്കെയും

അമ്പത്തിയൊന്നെന്ന്
അക്ഷയമാല പഠിപ്പിച്ച
നീ
അന്നേ പറഞ്ഞതല്ലേ
വേറെയും വര്‍ണ്ണങ്ങള്‍
സ്വരങ്ങള്‍ വന്നു ചേരുമെന്ന്,
സ്വരങ്ങളധികം വഹിച്ചതിനല്ലേ
ഇങ്ങനെ വരഞ്ഞു
വെട്ടിയതെന്നെ..

അമ്പത്തൊന്നക്ഷരാധീ,
കഠാരകള്‍ക്കു പകരം
വ്രണിത നാരായം
ലിപികളെഴുതിയ
ദേഹമാകുക വീണ്ടും
ക്ഷതങ്ങളേ,
അക്ഷരങ്ങളാകുക വീണ്ടും.

3 comments:

  1. ക്ഷതങ്ങളേ,
    അക്ഷരങ്ങളാകുക വീണ്ടും.

    ReplyDelete
  2. ശക്തമായ കവിത. തിരുത്തൽശക്തി എന്നൊക്കെ കേട്ടിട്ടുണ്ട്. അയാളുടെ ചോരയ്ക്ക് അതിനു കഴിയുമോ സുഹൃത്തേ?

    ReplyDelete
  3. വ്രണിത നാരായം
    ലിപികളെഴുതിയ
    ദേഹമാകുക വീണ്ടും
    ക്ഷതങ്ങളേ,
    അക്ഷരങ്ങളാകുക വീണ്ടും.

    ReplyDelete