നൊന്ത് നൊന്ത്
നീറി നീറി
സ്വയം നോവായവരവര്‍
നയിച്ചാലും നോവിച്ചാലും
നാവനക്കില്ലവര്‍
മൗനമാകുമവരുടെ
ഒരേയൊരു ഭാഷ.
ഉള്ളനക്കങ്ങളെ
ഉള്‍പെരുക്കങ്ങളെ
കൊത്തിവെക്കാന്‍
ഇത്ര നല്ല ഭാഷയില്ല വേറെ
മൂകതയെ ഏതു നാട്ടിലേക്കും
വിവര്‍ത്തനം ചെയ്യാനാകും
എന്നതത്രേ ഭൂമിയിലുള്ളവര്‍ക്കാശ്വാസം.
നാവടക്കാത്ത നമുക്ക്
നാവനക്കമില്ലാത്ത അവര്‍
മൃതരെന്നു തോന്നാം,
നമുക്കു മൊഴി പുറം തോട്
അവര്‍ക്കതു ഉള്ളടക്കം
വാക്കുകളവര്‍ക്കു പ്രണയം
നമുക്കു പ്രണയ ലേഖനം
അപരിചിതര്‍ക്കു പോലും
വക്കിനു നമ്മളൊരു മറുവാക്കേകും
പരിചയം തൊട്ട്
പരിഭവം വരേ
നമുക്കു വാക്കു കൊണ്ടുള്ള
ജീവിതം ചമക്കല്‍
വാക്കുകളുടേ കൂട്ട്
അതിനുമപ്പുറമെങ്ങോ
കണ്ടു വച്ചിട്ടുള്ളവരവര്‍
യാചകര്‍ക്കു മുമ്പില്‍
നമ്മളെടുക്കാത്ത നാണയമെങ്കിലും
പുറത്തെടുത്തെന്നിരിക്കും
അവരുടെ മുമ്പില്‍ കൈ നീട്ടിയാലും
ഒരു വരി പോലുമുതിര്‍ന്നു വീഴില്ല
ആത്മാവില്‍ ധൂര്‍ത്തരായിരിക്കേ
ഒടുക്കത്തെ ലുബ്ധിലവര്‍
നമ്മളേറ്റവും വികാര ഭരിതമായി
വാക്കുകളുച്ചരിക്കുന്ന സമയങ്ങളില്‍
അവരേറിയാലവരുടേ
ഇടത്തേ കണ്‍പീലി തുടിച്ചതായറിയും
നമ്മളെത്ര അടക്കി നിര്‍ത്തിയാലും
വല്ലതും പറഞ്ഞു പോകും നേരത്തവര്‍
ഇമകള്‍ പൂട്ടി ലോകത്തെ തന്നെ ഒളിപ്പിക്കും
തൊട്ടരികിലിരുന്നു
ഉരിയാട്ടവും ഉയിരാട്ടവുമായാല്‍
അവരുടേ നീണ്ടു മെലിഞ്ഞ വിരലുകള്‍
ഇനിയും നിര്‍മ്മിക്കപ്പെടാത്ത
സംഗീത ഉപകരണത്തിലെ
കട്ടകള്‍ കണക്കൊന്നങ്ങനങ്ങും
ഉപേക്ഷിക്കപ്പെട്ട പിയാനോയിലെ
പൊടിതുടക്കുന്ന കാറ്റെങ്ങുനിന്നോ വരും
കാതു കൊണ്ട് കേള്‍ക്കാനാകാത്ത
ഒരു സിംഫണി പൊഴിയും
കാറ്റിനാലോ വിരലിനാലോ
അതെന്ന സംശയം ബാക്കി നില്‍ക്കും
ലോകം മുഴുവന്‍
അവരോട് സംസാരിക്കുണമെന്ന്
അവരാഗ്രഹിക്കുന്നതായി നമുക്കു തോന്നും
ഒരാളോടും ഒരു വാക്കും തിരിക
പറയാതിരിക്കുന്നതിനാണത്
വാക്കുകളെ കരുതി വച്ച്
മൂകതയെ സ്വീകരിക്കുന്നതിന്റെ
തപസ്സിലാണവര്‍
അവരങ്ങനെ സംഗീതമായി
നിശ്ശബ്ദത ഒളിച്ചിരിക്കുന്ന
മഹാ വനങ്ങളെയവര്‍
തങ്ങളില്‍ വളര്‍ത്തുകയാണ്
ഉച്ചാരണ ശേഷി ഇല്ലാത്ത കാരണം
ഒരു മരവുമവിടേ
ജീവിതമാവിഷ്‌കരിക്കാതെ പോകുന്നില്ല
ഒരു വേരും പൂക്കാതിരിക്കുന്നില്ല
കാട്ടിലെന്ന് നടിക്കുകയല്ലവര്‍
വാസ്‌തവത്തില്‍
അവര്‍ കാട്ടില്‍ തന്നെയാണ്
കാടു തന്നെയാണ്.
No comments:
Post a Comment