"ഞാന്‍ നിന്നെ ഉമ്മ വച്ചതിനേക്കാട്ടിലും
പല ആയിരം വട്ടം
ഞാന്‍ നിന്നെ ഉമ്മവച്ചിട്ടുണ്ട്''
ഉള്ളതാണോന്നോള്‍
ഉള്ളാലായിരുന്നെന്നോന്‍.
അവന്‍ ഞാനും അവള്‍ നീയുമാണ്
വിശന്നപ്പോഴെല്ലാം
ഉള്ളു ചീഞ്ഞപ്പോഴെല്ലാം
മദം പൊട്ടിയ നേരത്തെല്ലാം
'വിശിഷ്ട ഭോജ്യങ്ങള്‍ കാണ്‍കിലും'
ഞാന്‍ നിന്നെ ഉമ്മവച്ചു
വലിയ അശുദ്ധികളെ ഉയര്‍ത്തി
നിന്നെയുമ്മ വെക്കുമ്പോൾ,
രാവിലെ,
ഉദിച്ച സൂര്യന്‍
മൂന്നാലു മുഴമുയര്‍ന്ന് വരുമ്പോള്‍
മണിമല വെളിച്ചത്തിലേക്കു മുഖമുയര്‍ത്തി
കഴുത്തു പൊക്കി നോക്കുന്ന അതേ കാഴ്‌ച.
ഉച്ചക്ക്,
കറിക്കു ചക്കക്കുരു നുറുക്കിയതിന്റെ
നടുവിരലിന്റെ
മോതിരമിട്ട അതേ ഒട്ടല്‍.
ഉച്ച തിരിഞ്ഞ്,
നീ പോറ്റുന്ന രണ്ട് മുയല്‍ക്കുഞ്ഞുങ്ങളുടെ
കുടുക്കഴിക്കും നേരത്തെ
മുരിക്കിലകള്‍ മടുത്ത ഓട്ടം.
വൈകീട്ട്,
ചപ്പു ചവറുകളിട്ട
കക്കുഴിയുടെ അടിവയറിലേക്ക്
വെട്ടുകല്ലിന്റെ അട്ടികള്‍ തുരന്നു പോയ
മരവേരുകളുടെ താഴ്‌ച.
രാത്രിയിൽ,
പതിനാലാം രാവ്
ഇശാ നിസ്‌കാരത്തിന്
'ഒളു'വര്‍പ്പിക്കുമ്പോള്‍ ചിതറിയ
നിലാ ബിംബത്തിന്റെ കലക്കം.
പിന്നെ,
നിന്നിലേക്ക് പ്രവേശിച്ച നേരത്തെ
പാളം മാറിയ എന്റെ രാത്രി വണ്ടിയുടെ ചൂളംവിളി.
നിന്നെ ഉമ്മ വെക്കുമ്പോള്‍
ഞാന്‍
വലിയ അശുദ്ധിയെ ഉയര്‍ത്തുന്നു
നീയെന്നെ ഉമ്മവെക്കുമ്പോള്‍
ഞാന്‍ വിശുദ്ധരുടെ കൂട്ടത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു
എനിക്കായി കത്തിക്കപ്പെടുന്ന
തീയടുപ്പിലെ വിറകുകൊള്ളികള്‍
നരകമന്നേരം കുത്തിക്കെടുത്തുന്നു.
നാമന്നേരം
കഴിഞ്ഞ കാലത്തിന്റെയും
വരുന്ന കാലത്തിന്റെയും
ഇടക്കുള്ള സമയത്തിന്റെ ഒരു കണികയെ
നാലു ചുണ്ടുകളാല്‍ അരിച്ചെടുക്കുന്നു.
ഉമ്മ വെക്കുമ്പോള്‍
പുറത്താക്കപ്പെട്ട സ്വര്‍ഗത്തിലേക്ക്
നമ്മള്‍ മയക്കയാത്ര തുടങ്ങുന്നു,
ഞാന്‍ ആദം നീ ഹവ്വ.
ഓരോ വാക്കുച്ചരിക്കുമ്പോഴും
പരസ്‌പരം ചുംബിച്ചു പിരിയുന്ന
മേല്‍ചുണ്ടിനെയും
കീഴ്‌ചുണ്ടിനെയും
മലക്കു വന്നൊട്ടിക്കുന്നതു വരേക്കും
നീയെന്റെ യാത്രാസഹായി.
No comments:
Post a Comment