പുതിയ വീട്‌ പാടത്തിനടുത്ത്‌ നിന്നെയും കാത്ത്‌ എന്റെ കൂടെ ഇരിപ്പാണ്‌

പണിതു തീരുകയാണ്‌ ഞങ്ങളുടെ വീട്‌. 
വീട്‌ ഉണ്ടാക്കാനാവില്ല എന്നാ ബാപ്പ പറയുന്നത്‌. 
അത്‌ ഉണ്ടായി വരണം പോലും.
സന്നാഹങ്ങള്‍ എല്ലാമുണ്ടായിട്ടും ഒരു വീട്‌ പണിതു 
തീര്‍ക്കാനാവാതെ മരിച്ചു പോയ ചിലരുണ്ട്‌ കുടുംബത്തിൽ. 
ബാപ്പ അവരെ ഓര്‍മ്മിക്കുകയാണോ എന്ന്‌ പേടിക്കും ഞാന്‍.
ബാപ്പ അവരെ ഓർമ്മിക്കുക മരണത്തെ പേടിക്കുന്നതിനാലാണ്.
ഒരിക്കൽ കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടിരുന്ന
എന്നോട് ബാപ്പ അത് പറഞ്ഞിട്ടുണ്ട്.
മരിച്ച വീടുകളിൽ എപ്പോഴും ഉമ്മയെ അയച്ചു, ബാപ്പ തിരക്കുണ്ടാക്കി ഒളിച്ചു.

ഇപ്പോള്‍ മേലാവൊക്കെ വാര്‍പ്പിട്ട്‌ വീട്‌ ഏതാണ്ടായി കേട്ടോ.
ഇനി കട്ടിളകളും വാതിലുകളും ജനലുകളും വെക്കണം.
അടച്ചുറപ്പായാല്‍ പാര്‍ക്കാമല്ലോ എന്നാ ഉമ്മ പറയാറ്‌.
നീ വന്നാല്‍ പാര്‍ക്കാമെന്ന്‌ ഞാന്‍ മനസ്സിലും പറയും.

നീ വന്നിട്ടുള്ള തറവാട്ടിനടുത്തല്ല പുതിയ വീട്‌.
ഇത്‌ വേറെ മണ്ണു വാങ്ങിയതാണ്‌; വീടിനായി മാത്രം.
പുതിയ വീട്‌ പാടത്തിനടുത്ത്‌ നിന്നെയും കാത്ത്‌ എന്റെ കൂടെ ഇരിപ്പാണ്‌.

ചെത്തിത്തേക്കാത്ത അതിന്റെ ഉള്ളിലെ ഇരുട്ടിനും
ചൂടിനും കട്ടി കുറവാണ്‌.
കറന്റില്ലാത്തതിന്റെ പ്രാചീനത.
കറന്റു പിടിപ്പിക്കാനുള്ള പണി നടക്കുന്നുണ്ട്‌.
എന്നെ കാണുമ്പോള്‍ നൂറു വോള്‍ട്ടില്‍ ചിരിക്കുന്ന ഒരാളാ
ചുമരു കുത്തി തുളക്കുന്നത്‌.
അവനറിയില്ല എന്നെ.
നിന്റെ വീടായ എന്റെ ശരീരം അവൻ കാണുന്നു,
നീ താമസിക്കുന്ന അതിന്റെ അകം അവൻ കാണുന്നില്ല.
വീട്ടിനുള്ളിലെ ആദ്യത്തെ ബൾബ് കത്തുമ്പോൾ
അവൻ കാണും അകത്തെ നിന്റെ താമസം..

No comments:

Post a Comment