പുതിയ കളിക്കാരന്‍

ഒരുത്തിയെ
പിറകിലിരുത്തീട്ട്
ഒരുത്തന്‍
റോഡിന്‍റെ
ഒത്ത നടുവിലൂടെ
പറപ്പിച്ചു പോയി

ഷട്ടര്‍ പൊക്കി
ഉള്ളിച്ചാക്കും
ഉപ്പുപെട്ടിയും
പുറത്തേക്കിറക്കുന്നതിനും

തല പോയി
മുലകള്‍ സ്ഥാനക്കയറ്റം നേടിയ
ബൊമ്മകള്‍ക്ക്
ചുരിദാറു ചുറ്റുന്നതിനും

എവിടെ നിന്നെന്നില്ലാതെ
ഓട്ടോറിക്ഷകള്‍
ഓരോന്നായി വന്ന്
വരി ചേരുന്നതിനുമിടയില്‍

അങ്ങാടി
മൊത്തം
അടക്കം പറഞ്ഞു
പുതിയ കളിക്കാരനാല്ലേ..
പടച്ചോന്‍..കാത്തു..

ഉച്ചയൂണിന്
വീട്ടില്‍ പോയി
മടങ്ങുന്ന
അറബി മാഷിന്‍റെ
തോളില്‍
ജമാഅത്തെ ഇസ്ലാമിയുടെ
ജില്ലാ സമ്മേളനത്തിന്‍റെ
ഫ്ലക്സ് ബോഡിലിരുന്ന
ഒരു കാക്ക തീട്ടമിട്ടുകൊടുത്തു

കക്ക തൂറുന്നതല്ല
തൂറിക്കഴിഞ്ഞിട്ട്
അതിന്‍റെ ഒരു നോട്ടമുണ്ട്
ഉദ്ദിഷ്ട സ്ഥാനത്ത്
എത്തിയോ എന്നറിയാനായിട്ട്
എന്നൊരഭിപ്രായത്തില്‍
ഉച്ചനേരം പോയി
വൈകുന്നേരം വന്നു

കട
തുറക്കുന്നേരം
ബൈക്കു പോയതിന്‍റെ
എതിര്‍ ദിശയിലേക്ക്
അങ്ങാടി
ഉറങ്ങാന്‍ പോകുന്നേരം
ഒരാമ്പുലന്‍സ്
പോയി

അങ്ങാടി പിറ്റേന്നും
ഓരോന്ന്
അടക്കം പറഞ്ഞു

പിറകിലിരുന്ന
പെണ്‍കുട്ടിയെപ്പറ്റി
ഒന്നും പറഞ്ഞു കേള്‍ക്കുന്നില്ല
മരിച്ച വീട്ടിലായാലും
ആശുപത്രിയിലായാലും
അവളിനി ഒറ്റയാണ്

17 comments:

  1. പുതിയ
    ഒരൈറ്റം
    പോസ്റ്റിയിട്ടുണ്ട്,
    വായിക്കാനപേക്ഷ
    ഗുണദോഷിക്കാനും...

    ReplyDelete
  2. വടക്കോട്ടൊരു ബൈക്ക് പറപ്പിച്ചു പോയി
    കുറെക്കഴിഞ്ഞ്
    തെക്കോട്ടൊരു ആമ്പുലന്‍സ് പറപറപ്പിച്ചു പോയി.

    കവിത നന്നായി ഉമ്പാച്ചി.

    -സുല്‍

    ReplyDelete
  3. ഉംബാച്ചീ,

    നന്നായി..

    അങ്ങാടി വര്‍ണ്ണന, ദു:ശകുനം. പിന്നെ ഓടുവിലത്തെ വരികള്‍ വല്ലാതെ തറക്കുന്നു.

    ReplyDelete
  4. 'അങ്ങാടി പിറ്റേന്നും
    ഓരോന്ന്
    അടക്കം പറഞ്ഞു '

    അങ്ങാടിക്കെന്നും പറയാനുണ്ടാകും ഓരോ പുതിയ കാര്യങ്ങള്‍.

    ഉമ്പാച്ചി നന്നായിട്ടുണ്ട്.

    ReplyDelete
  5. ഉമ്പാച്ചി നന്നായിരിക്കുന്നു.
    ചിത്രങ്ങളിളുടെ കവിത മനസ്സിലാക്കി തരുന്ന കര വിരുതു് ശ്ലാഘനീയം.

    ReplyDelete
  6. ഉമ്പാച്ചീ,

    - തൂറിക്കഴിഞ്ഞ്, തല അല്പം ചരിച്ച് കണ്ണുകളില്‍ നിറഞ്ഞ കുസ്രുതിയോടെ, കാക്ക നോക്കുന്ന ആ നോട്ടമുണ്ടല്ലോ, അത് ‘പഷ്ട്”

    ReplyDelete
  7. വേണുവേട്ടന്‍ പറഞ്ഞപോലെ ശരിക്കും ഒരു ചിത്രീകരണമാണ് ഉമ്പാച്ചിയുടെ ഓരോ കവിതയും. ഒരു സിനിമ കാണുന്നത്പോലെ കാണാനാവും അതിലെ ഓരോ വരിയും.

    നിസ്സാരമെന്നോ അനാവശ്യമെന്നോ തോന്നാവുന്ന കാഴ്ചകളെ ദൃഷ്യവല്‍ക്കരിക്കുന്ന ആ ചാരുത അതിശയകരമാണ്.

    ReplyDelete
  8. ചെകിട്‌ പൊട്ടിക്കുന്ന പടക്കം മതിരി! ബൈക്ക്‌ = ആംബുലന്‍സ്‌ ദ്വന്ദ്വങ്ങളിലൂടെ ദുരന്തത്തിന്റെ സാധാരണത്വത്തെ തീവ്രതരമാക്കിയിരിക്കുന്നു. 'കാക്ക തൂറലി'ന്‌ സാംഗത്യമുള്ളതായി തോന്നിയില്ല. അതൊഴിവാക്കിയാല്‍ കവിത ഒന്നുകൂടി മുറുകും എന്ന്‌ തോന്നുന്നു. അഭിനന്ദനങ്ങള്‍.

    ReplyDelete
  9. nannayi....mashey..ee style...neo moernisathilekku oru olichu nottam..keep it up

    brijviharam.blogspot.com

    ReplyDelete
  10. ബൈക്കില്‍ പോയിട്ട് ആംബുലന്‍സില്‍ തിരിച്ചുവന്നോ?

    മരിച്ച വീട്ടില്‍ ആയാലും, ആശുപത്രിയിലായാലും, അവള്‍ക്ക് കൂട്ട് കുറേ തകര്‍ന്ന സ്വപ്നങ്ങള്‍ മാത്രം.

    നന്നായിട്ടുണ്ട് ഉമ്പാച്ചീ.

    ReplyDelete
  11. ഉമ്പാച്ചിയുടെ അങ്ങാടി വാക്കുകളില്‍ നിന്ന് പുറത്തുചാടി ജീവിക്കുന്നതായി തോന്നാറുണ്ട്.
    ഇഷ്ടമായി.

    ReplyDelete
  12. ഉമ്പാച്ചീ, ബിംബങ്ങള്‍ നന്നായി, പക്ഷേ ഉപയോഗിക്കുന്ന സ്ഥലത്തെക്കുറിച്ചുകൂടി ശ്രദ്ധിക്കുക. കുറേക്കൂടി മുറുക്കം കിട്ടും കവിതക്ക് അങ്ങനെയായാല്‍ എന്നു തോന്നുന്നു. ശിവപ്രസാദ് പറഞ്ഞതിനോട് യോജിക്കുന്നു. കാക്ക അനാവശ്യമായിരുന്നു. നെഗറ്റീവ് മാത്രം കാണുന്നു എന്ന് കരുതരുത്.കവിത നന്നായിട്ടുണ്ട്.

    ReplyDelete
  13. ഉമ്പാച്ചീ, ബിംബങ്ങള്‍ നന്നായി, പക്ഷേ ഉപയോഗിക്കുന്ന സ്ഥലത്തെക്കുറിച്ചുകൂടി ശ്രദ്ധിക്കുക. കുറേക്കൂടി മുറുക്കം കിട്ടും കവിതക്ക് അങ്ങനെയായാല്‍ എന്നു തോന്നുന്നു. ശിവപ്രസാദ് പറഞ്ഞതിനോട് യോജിക്കുന്നു. കാക്ക അനാവശ്യമായിരുന്നു. നെഗറ്റീവ് മാത്രം കാണുന്നു എന്ന് കരുതരുത്.കവിത നന്നായിട്ടുണ്ട്.

    ReplyDelete
  14. This comment has been removed by a blog administrator.

    ReplyDelete
  15. ഉമ്പാച്ചീ, ബിംബങ്ങള്‍ നന്നായി, പക്ഷേ ഉപയോഗിക്കുന്ന സ്ഥലത്തെക്കുറിച്ചുകൂടി ശ്രദ്ധിക്കുക. കുറേക്കൂടി മുറുക്കം കിട്ടും കവിതക്ക് അങ്ങനെയായാല്‍ എന്നു തോന്നുന്നു. ശിവപ്രസാദ് പറഞ്ഞതിനോട് യോജിക്കുന്നു. കാക്ക അനാവശ്യമായിരുന്നു. നെഗറ്റീവ് മാത്രം കാണുന്നു എന്ന് കരുതരുത്.കവിത നന്നായിട്ടുണ്ട്.

    ReplyDelete
  16. ഇങ്ങനെ ബൈക്കില്‍ പറക്കുന്നത്‌ കാണുമ്പോള്‍ കലുങ്കിലിരുന്ന് ഞങ്ങള്‍ പ്രതീക്ഷയൊടെ(!) പറയാറുണ്ട്‌ "അടുത്ത വളവു കഴിഞ്ഞാല്‍ ഒരൊച്ച കേള്‍ക്കാം". മെന്ന്. ഇപ്പൊ തോന്നുന്നു വേണ്ടായിരുന്നു എന്ന്.

    ReplyDelete
  17. മനോഹരം വാക്കുകള്‍ കൊണ്ടുള്ള ഈ ചിത്രം .. അങ്ങാടിയുടെ മുന കൂര്‍ത്ത നിസ്സംഗത

    ReplyDelete