പൂത്തുമ്പി

കോലായിലിരുന്നു കാണാം
ഒരു നിഴലുണ്ട് നടന്നു പോകുന്നു
പറമ്പിനപ്പുറം
അരമതിലിലെ തണലിനും
കാറ്റിനുമപ്പുറം.

അതിനുമപ്പുറം പറക്കുന്നുണ്ട്
നിറം മങ്ങിയൊരാകാശം
വെയിലുണ്ട് പറക്കുമാകാശത്തിന്‍
ചിറകിനു കീഴില്‍
തണലുണ്ടോ എന്നുറ്റുനോക്കുന്നു

ആദ്യം കണ്ട നിഴലിനെയുണ്ട്
പൂനുള്ളുന്ന പെണ്‍കുട്ടിയായി
മാറ്റിയെടുക്കുന്നു ഉച്ചനേരം

അവളുണ്ട്
നെറ്റിയില്‍ കൈപ്പടം കൊണ്ട്
തണല്‍ വിരിച്ചിട്ട്
ദൂരേക്കു ദൂരേക്കു പാറിപ്പോകുന്നു
ഓരോ കാട്ടു പൊന്തയിലും
ചെന്നിരിക്കുന്നു
മഴ കല്ലുവഴികളില്‍ ഒട്ടിച്ചുവച്ച
പായലുകള്‍ അവളുടെ
കൈപിടിക്കുന്നത്
ചെടികള്‍ ചിലതെങ്കിലും
ഇറുത്തോളൂ എന്ന്
പൂക്കള്‍ പുറത്തെടുക്കുന്നത്
അവളിലിരുന്നാലോ എന്ന
ഉച്ചയുടെ ആസക്തിയെ
കാറ്റ് പതുക്കെ ആറ്റി തണുപ്പിക്കുന്നത്
തിരിച്ചെത്താന്‍ വൈകുന്തോറും
അവളെഴുതിയ കളങ്ങളില്‍
പൊന്നോണം പൂ നിരത്തുന്നത്

പൂവിളികള്‍ നേര്‍ത്ത ഓണമാണ്

വീട്ടില്‍ നിന്നു പോകുന്ന അവള്‍
തിരിച്ചെത്തുവോളം
എന്തു പറഞ്ഞാണ്
അവളെ ഇതിനകം ഇഷ്ടമായ
ഒരാളെ സമാധാനിപ്പിക്കുക
അവളെയും നോക്കി
എത്ര നേരമാ
നമ്മളിങ്ങനെ കാത്തുനില്‍ ക്കുക.....

9 comments:

  1. ഓണമാണ്
    പൂത്തുമ്പിയെ
    ഇപ്പോഴല്ലാതെ എപ്പോഴാ
    നിങ്ങളെ കാണിക്കുക.
    ഓണാശംസകളോടെ
    ഉമ്പാച്ചി

    ReplyDelete
  2. ഉംബാച്ചിയുടെ പൂത്തുംബി മനോഹരമായിരിക്കുന്നു.
    പ്രകൃതിയുടെ മനോഹാരിത മനുഷ്യന്റെ രൂപത്തില്‍ ന്രുത്തംവക്കുന്നതായി കാണുന്ന ഉംബാച്ചി പ്രകൃതിയേയും മുനുഷ്യനേയും സമന്വയിപ്പിക്കുന്നു.
    അതെ .. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണല്ലോ !!

    ReplyDelete
  3. Atharado,pandu vadakarayile adikittiya case aanoo...nhanoru nalla madhysthan...shramikkano

    Rapadi

    ReplyDelete
  4. കൈപ്പടം കൊണ്ട്
    തണല്‍ വിരിച്ചിട്ട്
    ദൂരേക്കു ദൂരേക്കു പാറിപ്പോകുന്നു
    ഓരോ കാട്ടു പൊന്തയിലും ചെന്നിരിക്കുന്നു
    മഴ കല്ലുവഴികളില്‍ ഒട്ടിച്ചുവച്ച
    പായലുകള്‍
    അവളുടെ കൈ പിടിക്കുന്നത്
    ചെടികള്‍ ചിലതെങ്കിലും
    ഇറുത്തോളൂ എന്ന്
    പൂക്കള്‍ പുറത്തെടുക്കുന്നത്
    അവളിലിരുന്നാലോ
    എന്ന
    ഉച്ചയുടെ ആസക്തിയെ
    കാറ്റ്
    പതുക്കെ ആറ്റി തണുപ്പിക്കുന്നത്
    തിരിച്ചെത്താന്‍ വൈകുന്തോറും
    അവളെഴുതിയ
    കളങ്ങളില്‍
    പൊന്നോണം പൂ നിരത്തുന്നത്

    മനോഹരം..മനോഹരം

    ReplyDelete
  5. ഏറെ നന്ന് ഈ കവിത.
    ആശംസകള്‍.

    ReplyDelete
  6. ഒരുപാടിഷ്ടമായി...

    ReplyDelete
  7. ഉമ്പാച്ചീ,പ്രൊഫൈലില്‍ കുറച്ച് അക്ഷരത്തെറ്റ് കാണാനുണ്ട്.തിരുത്തണോ?

    ReplyDelete
  8. മാഷേ
    അതു പിന്നെ പറഞ്ഞിട്ട് വേണോ
    തിരുത്തി തിരുത്തി
    എന്നെത്തന്നെ നേരെയാക്കിത്തന്നാല്‍  അത്രയും നല്ലത്...

    ReplyDelete