അഭേദം

നിര്‍ത്താതെയുള്ള
ആലിംഗനങ്ങള്‍ക്കിടക്ക്
ഒട്ടിപ്പോയ
രണ്ടു കമിതാക്കളെ
പോലെ
ഇന്ന്
എന്നും കാണാറുള്ള
ഇരട്ട ഗോപുരങ്ങള്‍

സ്വര്‍ഗീയം

ഞാനാണ് കട്ടുറുമ്പ്
സ്വര്‍ഗസ്ഥനായിരുന്നു മുമ്പ്

ആറ്റിറമ്പിലും
പൂമരച്ചോട്ടിലും
അവരിരുവരും
പ്രണയം പോലുമാകാതെ
നടന്നു,
നഗ്നത മാത്രം
കണ്ടു കണ്ടു മടുത്ത്
ഒരു കുറിപ്പെഴുതിവച്ച് ഞാന്‍
നാടുവിട്ടു

വൈകാതെ
അവരുമിങ്ങെത്തി
പച്ചിലയില്‍ പൊതിഞ്ഞ
അവരുടെ
പരിഭവങ്ങള്‍
അന്നേ കണ്ടു നില്‍ക്കാനായില്ല

അന്നു തുടങ്ങിയതാണേ
ഈ തിരക്കിട്ടുള്ള നടത്തം
ഇവിടെ സ്വര്‍ഗം
തീര്‍ക്കൂന്നവരോടുള്ള ഈ അസൂയ...
അതു കൊണ്ടവരെ തേടിപ്പോകുന്നു
ഒന്ന് ചെറുങ്ങനെ അലോസരപ്പെടുത്തണം
അതവര്‍ക്കും ഒരു രസം.

കഫ്തീരിയ


സഹനം
എന്നാല്‍ ഈ അടുപ്പുകളുടേതാണ്
എത്ര തീ തിന്നിട്ടാണ്
ഈ സല്‍ക്കാരങ്ങളൊക്കെ ഒരുക്കുന്നത്

എന്നാലോ
ഓരോ അടുപ്പിനുമുന്ണ്ട്
ഈ വിരുന്നൊക്കെ ഊട്ടിയിട്ടും
നേരെയാവാത്ത സഹനവ്യവസ്ഥ...
.........................................................

മുള്ളൂശി*


വളഞ്ഞ നട്ടെല്ലിനാല്‍
കൂനി നില്‍ക്കുന്ന ജീവി
പേനും താരനുമുള്ള തലയില്‍
മക്കനയിട്ട്
അതിന്‍റെ ഒളിച്ചിരുത്തം

വിട്ട തുന്നുകളിലുണ്ട്
അല്ലെങ്കില്‍
തുന്നല്‍ വിധിച്ചിട്ടില്ലാത്ത
ചേര്‍ച്ചകളില്‍
രണ്ടതിരുകളെ മുറിച്ചു കടക്കും വേരായും
ആരും കാണാതെ ഇടവഴി മുറിച്ചു കടക്കുന്ന പാമ്പായും

മേശപ്പുറത്ത്
അഴിച്ചിട്ട
ബ്ലൗസിന്‍റെ കുടുക്കിനൊപ്പം

അലക്കുകല്ലിന്‍റെ
തൊട്ടുതാഴെ
എത്രനാള്‍ വേണമെങ്കിലും
മുനപ്പെട്ടു കിടക്കും

കുടുക്കു വിട്ട മുറിവായില്‍
ഒളിച്ചേ കണ്ടേ കളിക്കും

ഒരുങ്ങിയിറങ്ങും നേരത്ത്
തട്ടത്തിനും തട്ടത്തിനും മുടിക്കുമിടയില്‍
അതിനെയും തെരഞ്ഞു തെരഞ്ഞു
പെങ്ങള്‍ പാഞ്ഞു നടക്കും

പിന്നീട് മറ്റെവിടെയെങ്കിലുമുണ്ടാകും
മുമ്പെന്നോ എവിടെയൊക്കെയോ
തൊട്ടുരുമ്മിയിരുന്നു
വിയര്‍ത്തതിന്‍റെ ഓര്‍മ്മയില്‍
ചിരിച്ച്, അബോധത്തിലെന്നവണ്ണം.

കൂര്‍പ്പ്
ചുണ്ടുകള്‍ വെച്ചു പൂട്ടിയാല്‍ പിന്നെ
സാധു
നോക്ക് എന്നെ മൂപ്പിക്കണ്ട,
ഞാന്‍ കുത്തും എന്ന് പറയുകയേയുള്ളൂ
കുത്തില്ല.

ദ്വയാര്‍ഥങ്ങളൊന്നും
മനസ്സിലാവാതെ
ഉല്‍കണ്ഠകളില്ലാതെ
വെറുമൊരു സേഫ്റ്റി പിന്നല്ലേ
ഞാനെന്ന്
ഒരു നോട്ടത്തോടെയും ചിലപ്പോള്‍.

വളഞ്ഞിരിക്കുമ്പോഴെല്ലാം
അതൊരു പെണ്‍കുട്ടിയാണെങ്കിലും
വളവു നീര്‍ന്നാല്‍
സേഫ്റ്റി പിന്നേ അല്ലല്ലോ.


---------------------

*സേഫ്റ്റി പിന്‍

പത്രാധിപര്‍ക്കുള്ള കത്ത്

സാര്‍
ഞാനാണ്
ദുബായീന്ന് ഉമ്പാച്ചി
തങ്കള്‍ക്കും കുടും ബത്തിനും സുഖമെന്നു കരുതുന്നു
എനിക്കിവിടെ ഒരു മാതിരി സുഖം തന്നെ.
ഒരു കവിത അയക്കുന്നു,
ആഴ്ചപ്പതിപ്പില്‍
ഉള്‍പ്പെടുത്തി എന്നെ അനുഗ്രഹിക്കും
എന്ന് പ്രത്യാശിക്കുന്നു.

ആഴ്ചപ്പതിപ്പിന്‍റെ ആദ്യത്തെ കളര്‍ പേജുകള്‍
കവിതക്കായി നീക്കി വെക്കുന്നത്
ശ്രദ്ധേയമാകുന്നുണ്ട്
അവിടെ ഈയുള്ളവനും ഒരു സ്പേസ് തന്നാല്‍ വളരെ നല്ലത്.
കവിതകളുടെ ലേഔട്ട്
താങ്കള്‍ പത്രാധിപരായി വന്നതോടെ
വളരെ മാരിയിട്ടുണ്ട്,
മനോഹരം.
കവിത പോര എന്നു തോന്നിയാലും കാണാന്‍ എന്താ ചന്തം.

എന്‍റെ ഈ കവിത ഉള്‍പ്പെടുത്തുന്ന ലക്കം
ഏതെന്ന് അറിയിക്കണം
അതിറങ്ങുന്ന ദിവസം ഒരു മിസ്കാള്‍ തന്നാല്‍ മതി
ഞാന്‍ അങ്ങോട്ട് വിളിക്കാം
ആ ലക്കം വാങ്ങി കൊടുത്തയക്കാന്‍
വീട്ടില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്
അവള്‍ വാങ്ങി കൊടുത്തയച്ചോളും
-താങ്കള്‍ ഇടക്കു വിളിക്കാറുള്ള കാര്യം അവള്‍ പറയാറുണ്ട്.

കവിത ഇറങ്ങുന്ന ദിവസം
സര്‍, മിസ്കാളിടാന്‍ മറക്കരുത്

കഴിഞ്ഞ തവണത്തെ
അവധിക്കു വന്നപ്പോള്‍ ഞാനവിടെ വന്നിരുന്നുന്നു
താങ്കള്‍ ലീവിലാണെന്ന് ഓഫീസില്‍ നിന്നറിഞ്ഞു മടങ്ങി.
പിന്നെ വരാനൊത്തുമില്ല.
താങ്കള്‍ ഇവിടെ വന്നപ്പോള്‍ നാം തമ്മില്‍ കണ്ടിരുന്നു
ചില പരിപാടികളിലും കേള്‍വിക്കാരനായി ഞാനുണ്ടായിരുന്നു
നമ്മുടെ പെണ്‍ കുട്ടികളൊക്കെ എഴുത്തു തുടങ്ങിയതിനെ
പരാമര്‍ശിച്ച് താങ്കള്‍ അവതരിപ്പിച്ച നിരീക്ഷണങ്ങളെ ആസ്പദമാക്കി
ഞങ്ങളൊരു ചര്‍ച്ചയും പിന്നീട് സംഘടിപ്പിച്ചിരുന്നു

ഇനിയെന്നാണ് ഇങ്ങോട്ടോക്കെ വരുന്നത്
ഈ വര്‍ഷവും
ഏതോ വാര്‍ഷികത്തിന് താങ്കള്‍ക്കു ക്ഷണമുണ്ട് എന്ന് കേട്ടു
അതുവരെ കാത്തിരിക്കണമെന്നില്ല
ഒരു സന്ദര്‍ശനത്തിനുള്ള വിസ ഞാന്‍ ശരിയാക്കാം
വിസിറ്റ് വിസ ഞാന്‍ അയക്കാം

കവിത ഉള്‍പ്പെടുത്തും എന്ന് കരുതുന്നു
വിശദമായി ഫോണില്‍ സംസാരിക്കാം
ഈ എഴുത്തും
കവിതയും
കിട്ടിയാല്‍ ഒരു മിസ്കാള്‍ തന്നാല്‍ മതി
ഞാന്‍ തിരിച്ചു വിളിക്കാം
-കാവ്യ പൂര്‍വ്വം
ഉമ്പാച്ചി