ഗ്രാമം
കൂട്ടത്തോടെ വന്നു കുളിക്കുന്ന
കുളങ്ങളെ പറ്റി പറയുമായിരുന്നു
കുമരനെല്ലൂരിലെ കൂട്ടുകാരന്‍,
ഹോസ്റ്റല്‍ ബാത്ത് റൂമിലെ
ഇറ്റുവീഴുന്ന വെള്ളത്തില്‍
അവനാ കുളങ്ങളെ തിരഞ്ഞു പോയിരുന്നു.
വഴികളാണല്ലൊ എപ്പോഴും വലിച്ചിഴക്കുനത്,
അവന്‍റെ വീട്ടിലും പോയി പലവട്ടം.
അതിലൊരിക്കലൊരു
പെണ്‍കുളത്തിന്‍റെ കടവിലൂടെ
ആണുങ്ങള്‍ കുളിക്കുന്ന
പള്ളിക്കുളത്തിലേക്കവന്‍ കൂട്ടി.
കുളിച്ച് മടങ്ങുമ്പോഴും
മറ്റേ കുളം പിടിച്ചുവലി തുടങ്ങി
അതിലേ പോന്നു.
ആളുണ്ടേ
എന്നൊരു മുന്‍വിളി ആദ്യം വന്നു,
എല്ലാ മുന്നറിയിപ്പുകളും പോലെ അതൊരു ക്ഷണമാണ്.
ഉണങ്ങാനിട്ട
നനഞ്ഞ ഉടുപ്പുകളുടെ
ചെടിപ്പടര്‍പ്പുകളുടെ മുകളിലെ
ചാഞ്ഞുകിടത്തം കണ്ടു,
കാറ്റ് നേരെ കിടക്കാനയക്കില്ലവയെ.
കുളപ്പടവിലുണക്കമായ
സാബൂന്‍പുറ്റുകള്‍
വെള്ളത്തിലേക്ക് തെറിപ്പിച്ചു
പെരുവിരല്‍ തരിപ്പുകള്‍,
അതൊരു ശ്രദ്ധ ക്ഷണിക്കലാണ്.
നീന്തം പടിച്ചുപോയ
കുട്ടികളുടെ
ശ്വാസം മുട്ടലുകള്‍ കേട്ടു,
ഇതു കവിത തന്നെ എന്നൊരുറപ്പിന്.
ഇട്ടതുകൂടി നനച്ചിടാനുണ്ട്
പോണുണ്ടോ നിങ്ങള്‍
എന്നൊരു നോട്ടം
കുളപ്പടവുകള്‍ കയറി
മുകളിലേക്ക് വരുന്നതു വരെ
ഓരോന്നോരോന്നായി കണ്ടു.
അവിടന്നിങ്ങോട്ട്
കുളിക്കാന്‍ കേറിയാല്‍
അത്തരം കുളങ്ങളായി
ജനിക്കാഞ്ഞതെന്തേ മുറികളേ
എന്നൊരു കുളിപ്പക
കുളിമുറിക്കുള്ളില്‍ പതക്കാന്‍ തുടങ്ങി,
ഷവറിനു ചുവട്ടില്‍
നനഞ്ഞു നില്‍ക്കുമ്പോഴെല്ലാം
അതേ കുളത്തിന്‍റെ വറ്റിയ രൂപമായി
അരികിലെ ബാത്ത് ടബ്ബ് മാറാന്‍ തുടങ്ങി.
വഴികള്‍ തന്നെയാണല്ലോ
കുമരനെല്ലൂരിലെ കൂട്ടുകാരനേയും
വലിച്ചിഴക്കുക....
അടുത്തെങ്ങോ ഉണ്ടെന്നു കേട്ട
അവനെ
വെളുത്ത
പെണ്ണുങ്ങളും
കറുത്ത പെണ്ണുങ്ങളും
തുരു തുരാ വന്നു പോകുന്ന
കടയില്‍ കണ്ടെത്തി.
കുളിക്കാന്‍
നേരവും തരവും കിട്ടാത്തവര്‍ക്ക്,
കുളിനിന്നവര്‍ക്കൊക്കെ
മേത്തുപുരട്ടാനുള്ള
പലതരം ക്രീമുകള്‍
കയറ്റി അയക്കുന്ന
കാര്‍ട്ടണുകള്‍ക്കിടയില്‍
അപ്പോള്‍ കുളിച്ചിറങ്ങിയ ചേലില്‍
അവന്‍.... നല്ല താളിയുടെ മണം
കൊള്ളാം
ReplyDeleteകൊള്ളാം
ReplyDeleteകവിതകളെഴുതി കുളമായ ബൂലോഗത്തില്‍ തെളിനീരുറവകളുള്ള കുളം.
ReplyDeleteഈ നീലിമയില്‍ ചലിക്കുന്ന ജീവനുള്ള ബിംബങ്ങള്‍.
കൂളം കുളിര്‍മ്മയേകുന്നു