സൈനബ


സൂപ്പര്‍ മാര്‍ക്കറ്റിന്റെ
പാതി തുറന്നിട്ട വാതില്‍ പോളയില്‍
കണ്‍പോളകളടച്ചു കിടക്കുന്ന
ഒരു പൂച്ചക്കുട്ടി മാത്രമായിരുന്നു സൈനബ
ലോകത്തെ മറ്റെല്ലാ പൂച്ചകളെയും പോലെ
അസമയങ്ങളില്‍
കയറിയിറങ്ങുകയും
അവസരങ്ങളില്‍
കണ്ണടച്ചുറങ്ങുകയും ചെയ്യുമായിരുന്നു അത്.

അറബിക്കുട്ടികള്‍ അതിനെ കണ്ട്
ഉമ്മമാരുടെ അബായകളില്‍ പറ്റിപ്പിടിക്കും
അലിവോടെ അവരുടെ നേരെ നോക്കും
കാലിലോ വിരലിലോ നക്കിയെന്നും വരും
ആരോ വളര്‍ത്തുന്നതിന്റെ സ്വാതന്ത്ര്യത്തിലുള്ള
അതിന്റെ ചുറ്റിക്കറക്കങ്ങള്‍
പലപ്പോഴും അവഗണിക്കപ്പെടും
അതിന്‍റെ കണ്ണുകളില്‍
കണ്ടില്ല
അന്വേഷണത്തിന്റെ വഴിരേഖകളൊന്നും.

ദുരൈ എന്ന തമിഴനെത്തിയാല്‍
സൂചികള്‍ പോലെ അതിന്‍റെ രോമങ്ങള്‍ എഴുന്നു നില്‍ക്കും
സൈനബ എന്ന അവന്‍റെ വിളിയില്‍ കണ്ണു തുറക്കും
പൂച്ചയില്‍ അങ്ങനെയൊരു പേരിനും
അവനില്‍ അങ്ങനെയൊരു വിളിക്കും
എന്ത് സാധ്യതയെന്നു
ഞങ്ങള്‍ വഴിപോക്കരില്‍ ചിലര്‍
വെറുതെ ചിരിക്കുമായിരുന്നു.

അപ്പോഴും അവര്‍ ഏറെക്കാലം കഴിഞ്ഞു കണ്ട
രണ്ടു കൂട്ടുകാരെ പോലെ തിമര്‍ക്കുകയാവും
ചിലപ്പോള്‍ കണ്ണില്‍ കണ്ണില്‍ നോക്കി
ഒരേ ഇരിപ്പിരിക്കും
പൂപ്പാടങ്ങളില്‍ പകല്‍ വീഴുന്ന പോലെ
അവനില്‍ വെളിച്ചം പരക്കുന്നതും കാണണമന്നേരം
പൂച്ചയേക്കാള്‍ അതിന്‍റെ പേരിനെ ഉപാസിക്കുന്നതു പോലെ
അവന്‍ അതുച്ചരിക്കുന്നതും കാണാം

നഖങ്ങള്‍ ഉള്ളിലേക്ക് വലിച്ച്
മൃദുവാക്കിയ കൈകള്‍ കൊണ്ട് അതവനെ തൊടും
അവന്‍ സൂര്യയോ വിക്രമോ ആയ പോലെ നടിക്കും
അതു സിമ്രാനെ പോലെ പൂച്ചക്കുട്ടി അല്ലാതാകാന്‍ നോക്കും
ഉച്ച തുടങ്ങുമ്പോഴത്തെ ചൂടുള്ള കാറ്റ് വരും അപ്പോള്‍
അവര്‍ പൂക്കാറ്റില്‍ എന്ന പോലെ ഉലയും

ഇരുട്ടിയാല്‍ മാത്രം
സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്
വിരുന്നു പോലെ വരുന്നൊരു പെണ്‍കുട്ടിയുണ്ട്
പൂച്ച വാതില്‍ക്കലുണ്ടൊ എന്ന്
നിര്‍ത്തി നിര്‍ത്തി
ഒരോട്ടത്തിന് അവള്‍ അകത്തെത്തും
പിന്നെ ചില്ലു വീണുടയുന്ന പോലെ ചിരിക്കും
തന്നെ കാണാന്‍ കാത്തിരുന്നവര്‍ക്കുള്ള സമ്മാനം എന്ന പോലെ

തമിഴന്‍ മാത്രം അവളെ നോക്കുകയേയില്ല
അവന് അവളെന്നേ തന്‍റെ സൈനബ എന്ന പൂച്ചക്കുട്ടിയാണ്

14 comments:

  1. ഒരു കവിത വന്നു തൊടുന്നത് അറിയുന്നു, തൊട്ടുരുമ്മി സ്നേഹത്തോടെ.

    ഉമ്പാച്ചിയുടെ കവിത!

    ReplyDelete
  2. ഉള്ളില്‍ ആര്‍ദ്രമാകാന്‍ കഴിയുന്ന ഒരാള്‍ക്കെ ഇങ്ങനെ എഴുതാന്‍ കഴിയൂ.............

    ReplyDelete
  3. നല്ല കവിത. ആദ്യമാണ് ഇവിടെ :-)

    ReplyDelete
  4. "പൂച്ചയില്‍ അങ്ങനെയൊരു പേരിനും
    അവനില്‍ അങ്ങനെയൊരു വിളിക്കും"

    ഉമ്പാച്ചിയുടെ ഇങ്ങനെയൊരു കവിതയിലൂടെ
    അതിന്റെ സാധ്യതയും അറിഞ്ഞു...
    നന്ദി നല്ല രചനയ്ക്ക്.

    ReplyDelete
  5. ഇരുട്ടിയാല്‍ മാത്രം
    സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്
    വിരുന്നു പോലെ വരുന്നൊരു പെണ്‍കുട്ടിയുണ്ട്
    പൂച്ച വാതില്‍ക്കലുണ്ടൊ എന്ന്
    നിര്‍ത്തി നിര്‍ത്തി
    ഒരോട്ടത്തിന് അവള്‍ അകത്തെത്തും
    പിന്നെ ചില്ലു വീണുടയുന്ന പോലെ ചിരിക്കും
    തന്നെ കാണാന്‍ കാത്തിരുന്നവര്‍ക്കുള്ള സമ്മാനം എന്ന പോലെ

    എത്ര കാത്തിരുന്നിട്ടാണ് ഒരു കവിത വീണു കിട്ടുന്നത്...

    ReplyDelete
  6. സൈനബ എന്ന പൂച്ചക്കുട്ടി...,
    പ്രതീകവും,ബിംബവും, രൂപകവുമൊക്കെ വിട്ട് അവളില്‍ തന്മയീഭവിക്കുന്ന പ്രണയം...

    നന്നായി ഉമ്പാച്ചി.

    ReplyDelete
  7. ഒരു പൂച്ചക്കുട്ടി കാലില്‍ വന്നു തൊട്ടുരുമ്മിയപോലെ തോന്നി....

    കവിതയുടെ ആര്‍ദ്രത!

    ReplyDelete
  8. കവിത മനസ്സിൽ തൊടുന്നു.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഫോട്ടോ ഇപ്പോള്‍
    സ്വന്തം,
    ആദ്യത്തെ കാമറ പ്രയോഗം.

    ReplyDelete
  11. ഉള്ളില്‍ ആര്‍ദ്രമാകാന്‍ കഴിയുന്ന ഒരാള്‍ക്കെ ഇങ്ങനെ എഴുതാന്‍ കഴിയൂ.............
    എന്തുകൊണ്ടോ മഹിയേട്ടനേപ്പോലെ ഞാനും പറയുന്നു...

    ReplyDelete
  12. ഒരു പൂച്ചക്കുട്ടിക്ക് പേരിടുന്നതില്‍ ഇങ്ങനെയും ചില സാധ്യതകള്‍ ഉണ്ടല്ലേ!ഞാനെന്റെ വീട്ടിലെ പൂച്ചക്കുട്ടിക്കും പേരിട്ടു :)

    ReplyDelete