തെരുവു തീരുന്നിടം

കറുത്ത പെണ്ണുങ്ങളുടെ
ധൂര്‍ത്തമായ അരക്കെട്ടുകള്‍ കൊണ്ട്‌
ഉണ്ടാക്കിയ ഒരു തെരുവിലാണ്‌
ഇപ്പോള്‍

ഒരു സ്‌ത്രീ എന്റെ നേരെ
ഒരു മുലയും കൊണ്ടു വരുന്നു
നിറം കണ്ടിട്ട്‌ ആഫ്രിക്കയിലെ
ഏതോ കാട്ടില്‍ നിന്ന്‌
പറിച്ചു കൊണ്ടു വന്നതാണെന്ന്‌ തോന്നുന്നു

ആണുങ്ങള്‍ കണ്ടിട്ടില്ലാത്ത
ഏതോ മരത്തിന്റെ കനിയായിരിക്കും

വേറെ ഒരു സ്‌ത്രീ
ഉരുട്ടിക്കൊണ്ടു പോകാവുന്ന
ഒരു തൊട്ടിലില്‍
കുഞ്ഞിനേയും കൊണ്ട്‌ പോകുന്നു
പോക്കു കണ്ടിട്ട്‌
അതിനെ അവളിറങ്ങി വന്ന
ഗ്രോസറിയില്‍ നിന്ന്‌ വാങ്ങിയതാണെന്നേ തോന്നൂ
ഈ തെരുവു തീരുന്നിടം
നിറയെ മുലകള്‍ കായ്ച്ചു നില്‍ക്കുന്ന ഒരു മരം.

*ദേരയില്‍ രാപാര്‍ത്ത കാലത്തെഴുതിയത്, ഇയ്യിടെ മലയാളനാടില്‍ വന്നിരുന്നു.

പൂമ്പാറ്റകളെ കുറിച്ച്‌

ഞാനോരു സ്‌കൂള്‍ അധ്യാപകനാണ്‌ 
കുട്ടികളെ അവരുടെ മാതൃഭാഷ പഠിപ്പിക്കുന്നു 
അവിവാഹിതനാണെങ്കിലും 
രണ്ടു കുട്ടികളുടെ രക്ഷിതാവുമാണ്‌ 
ഇരട്ടക്കുട്ടികള്‍ 
പ്രസവത്തോടെ മരിച്ചു പോയ  
പെങ്ങളുടെ രണ്ടു മക്കള്‍ 
അവരും എന്റെ ക്ലാസില്‍ തന്നെ 

കുട്ടികളെ അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ 
പഠിപ്പിക്കേണ്ടി വരുന്നു എന്നതാണ്‌ 
മാതൃഭാഷ പഠിപ്പിക്കുന്നവരുടെ പ്രശ്‌നം 
എന്റെ പ്രശ്‌നം അതല്ല 
എല്ലാ കുട്ടികള്‍ക്കും നല്ല അറിവുള്ള ചിലത്‌ 
എന്റെ കുട്ടികള്‍ക്ക്‌ മനസ്സിലാവുന്നേയില്ല 

പൂമ്പാറ്റകളെ കുറിച്ച്‌ 
ഒരു കൊച്ചു കുറിപ്പെഴുതാന്‍ പറഞ്ഞൂ ഒരിക്കല്‍ 
കുട്ടികള്‍ കൊച്ചു കൊച്ചു പൂമ്പാറ്റകളായി എഴുത്തു തുടങ്ങിയപ്പോള്‍ 
നോട്ട്‌ ബുക്കിന്റെ ഇതളുകളില്‍ വന്നിരിക്കാന്‍ തുടങ്ങി 
വാക്കുകള്‍ 
നിറങ്ങളിലേക്കും ഉടുപ്പുകളിലേക്കും പൂക്കളിലേക്കും 
മാറി മാറി ഇരിക്കാന്‍ തുടങ്ങി കുഞ്ഞുകുഞ്ഞക്ഷരങ്ങള്‍ 

അവര്‍ രണ്ടു പേരും അതൊന്നുമെഴുതിയില്ല 
ആരും കൊണ്ടു പോകാത്ത ദൂരത്തേക്ക്‌ പറക്കാന്‍ കഴിയുന്ന 
പൂമ്പാറ്റകളെ കുറിച്ച്‌ എഴുതാമോ കൂട്ടത്തിലിളയത്‌
അവര്‍ രണ്ടു പേരും ഒന്നുമെഴുതിയില്ല പൂമ്പാറ്റകളെ കുറിച്ച്‌ .