കണ്ണുപൊത്തിക്കളി

വീതി കുറഞ്ഞ ഒരിടവഴി കഴിഞ്ഞാല്‍
ഇപ്പോഴുമുണ്ട്
ആ വീടു നിന്നിടത്ത്
ആടു മേഞ്ഞ പൊന്തക്കപ്പുറം
ഇട്ടേച്ചു പോയ കളിയൊച്ചകള്‍

ആരു ചോദിച്ചാലും കൊടുക്കാതെ വച്ച
മുക്കു കമ്മലുകള്‍
വീണു പോയതും തിരഞ്ഞു പോയതും
മറന്ന മണ്‍തരികൾ,
നിറമുള്ളതെന്തു കണ്ടാലും
എടുത്തു നോക്കിയ പായ്യാരങ്ങള്‍
എത്ര വട്ടമാണ് അടി ചോദിച്ചുനടന്നത്.

ഇതാ ഇവിടെയെന്ന്
കൈ പിടിച്ചുവലിച്ച പൂക്കൈതകള്‍
അരിപ്പൂ കാട്ടിലെ മുള്ളു മേനികള്‍
കാലിൽ കേറി കളിപ്പിച്ച കട്ടുറുമ്പുകള്‍

തെങ്ങിനു പിന്നില്‍
കവുങ്ങിന്‍ പാള വീണു മറഞ്ഞ
കല്ലുവെട്ടു കുഴിയിൽ,
വിറകു പുരയുടെ ചുമരിനപ്പുറം,
വീട്ടിനുള്ളിലൊളിക്കരുതെന്ന് വിലക്കിയ
കോന്തലക്കുള്ളിൽ,
മറഞ്ഞിരുന്നവരൊക്കെ
കണ്ടേ കുറ്റിയടിച്ചേന്ന് ഓടിയെത്തുന്നു
കണ്ണു പോത്തിക്കളി നിര്‍ത്തി
മുതിര്‍ന്നു പോയല്ലോ നമ്മളെന്ന് കണ്ണുനിറയുന്നൂ.

പൊട്ടിയ ബക്കറ്റിന്‍റെ
മണ്ണില്‍ പൂണ്ട കഷണമുണ്ട്
ഇസ്തിരിക്ക് ചിരട്ട കത്തിച്ച പാടുണ്ട്
വെള്ളം കോരാതെ തുരുമ്പിച്ച കപ്പിയുണ്ട്
ഞങ്ങളെ കണ്ടോ ഞങ്ങളെ കണ്ടോ
ഒളിഞ്ഞു നോക്കുന്നു,
ഞാനുമനിയത്തിയും
കളി നിര്‍ത്തി പോയതറിയാതെ
കണ്ണു പൊട്ടിപ്പോയതറിയാതെ.

No comments:

Post a Comment