മഴപ്പൊതി

മഴക്കാലം
തലയില്‍ ചൂടുവാന്‍
അനിയത്തിക്കൊരു
ഫോറിന്‍ കുട
കൊടുത്തയക്കണം.

വീട്ടിലേക്കുള്ള
വിളിയില്‍
മഴ
പെയ്തിറങ്ങി.

നാലു മണിക്കുള്ള
ലോങ് ബെല്ല്`
തുറന്നു വിടുന്ന
കുടകളുടെ കാട്ടിലെ
പണ്ടത്തെ
മഴപ്പൊട്ടനുണര്‍ന്നു.

ഇടവപ്പാതിയില്‍ നിന്ന്`
ഒരു പൊതി
കൊടുത്തയക്കുമോ..
.........
.........
നല്ല മഴയാണ്
നീ പറയുന്നതൊന്നും
മനസ്സിലാവുന്നില്ല.
പിന്നെ വിളിക്കുമോ നീ,
ലൈന്‍ കട്ടായി.

കോടതിയലക്`ഷ്യം

Wednesday, June 13, 2007

ചിരി മുറിയില്‍ വിശ്രമത്തിലായിരുന്നു.
ഒരു
കിനാവ്
അന്നേരം
അതിനായി കൊണ്ടുവരപ്പെട്ടു.

കട്ടില്‍
ഒന്നു കരയുക മാത്രമുണ്ടായി.
ചുറ്റും കുതറിയോടുന്ന
കിനാവിന്‍റെ നിലവിളി കേട്ട്.

ഒരു കട്ടിലിന്`
ഒറ്റക്കൊന്നും ചെയ്യാനാവുകയില്ല.
ഒന്നു തെളിവു പറയാന്‍ പോലും.

പിഞ്ഞിത്തുടങ്ങും മുമ്പേ
പൊട്ടിപ്പോകുന്നതിന്‍റെ നൊമ്പരത്തില്‍
‍തുന്നലിന്‍റെ നൂലിഴകളും
ചെറുത്തു നോക്കി.
ഉടുപ്പുകള്‍ക്ക്
അഴകിനെയും അഴുക്കിനെയും
കാണിക്കാനേ ആവൂ.
തടുക്കാനാവില്ല.

കിനാവ് അപ്പോഴും അതേ നിലവിളി.
ചിരി പഴയ ചിരിയും.

വര്‍ക് ഷീറ്റ്:

എന്നതു തിരുത്തിയാണോ
കിനാവെന്നു വരുത്തിയത്
എന്നറിയാന്‍
അന്യദേശത്തെ
രാസപരിശോധനാ മുറിയില്‍
‍അയക്കപ്പെട്ടിരിക്കുന്നൂ
കവിത.

അബറ

2007 ജൂണ്‍ 7

കടവത്ത്
ബര്‍ദുബയില്‍ നിന്നും
വരാനുള്ള
ചങ്ങാതിയേയും കാത്ത്
അങ്ങനെ നില്‍ക്കുമ്പോള്‍
അബറയുടെ മരപ്പലകമേല്‍ നിന്ന്
ഒരു നൂറിന്‍റെ നോട്ട് കിട്ടി.

വല്ലാതെ മുഷിഞ്ഞിരുന്നു
സൂര്യകോപം
ഇത്ര കടുപ്പത്തില്‍
ആദ്യമേല്‍ക്കയാലാകണം.

ഒരരുക്ക്
തനിച്ച് വിമ്മിട്ടപ്പെട്ടിരിപ്പായിരുന്നു
കടല്‍ കടന്നതോടെ
ഉള്ള വിലയും പോയതിന്‍റെ
ഖേദത്തിലാകണം.

എടുത്ത്
ഒന്നുരണ്ടുവട്ടം
തിരിച്ചും മറിച്ചും നോക്കിയിട്ടേ
എന്നോടും പരിചയം ഭാവിച്ചുള്ളൂ.
എടുത്തുനോക്കിയ ഒരുപാടുപേര്‍
ഉറുപ്പികയെന്നോ
ഉലുവയെന്നോ
വായിക്കേണ്ടതെന്നറിയാതെ
കിട്ടിയേടത്തു തന്നെ ഉപേക്ഷിച്ചു പോയതല്ലേ
അതിന്‍റെ കോപം കാണും.

ഗാന്ധിയെ അറിയും എന്നു പറഞ്ഞപ്പോള്
കൂടെപ്പോരാന്‍ കൂട്ടാക്കി.
ഊന്നുവടി കളഞ്ഞു പോയൊരു
കാരണവരുടെ
ചാഞ്ചല്യത്തോടെ.

ഇപ്പോഴെന്‍റെ കൂടെ നില്‍ക്കുന്നു
ഒരു സഹായത്തിന്,
നാട്ടില്‍ നിന്ന് വന്ന
സച്ചിദാനന്ദന്‍ കവിതകളുടെ
മൂന്നു വാള്യങ്ങളുള്ള സമാഹാരത്തില്‍
‍അടയാളമായി വര്‍ത്തിക്കുന്നു

കേട്ടെഴുത്ത്

കഴിഞ്ഞ കാലത്തെപ്പറ്റി
തത്വ വിചാരങ്ങളിൽ മുഴുകി
സ്കൂൾ മുറ്റത്തെ നാട്ടുമാവും
മറ്റേ കൊള്ളിലെ പുളിമരവും
ഇംഗ്ലീഷ് മീഡിയം കുട്ടികളെ
വാടകവണ്ടികള്‍ കൊണ്ടു പോകുന്നത്
ഇടം കണ്ണിട്ട് നോക്കി ഗവൺമെന്റ് എല്പിയും.

പലവട്ടം പ്ലാനിട്ടതാണവരു
കുട്ടികളില്ലാത്ത തക്കംനോക്കി
മേൽക്കൂരയെ താഴെയിറക്കി
ക്ലാസുകളിലെ ബെഞ്ചിലിരുത്തി
നാട്ടുകാരെ ഒരു പാഠം പഠിപ്പിക്കണം.

കുട്ടികൾക്കൊപ്പം കേട്ടെഴുതിയ
ചുമരുകൾ സമ്മതിക്കുന്നില്ല,
അതുകൊണ്ടിന്നും ബാക്കിയുണ്ട്
ബോഡുപോലുമില്ലാതെ ഒരോടുപുര.