പത്രാധിപര്‍ക്കുള്ള കത്ത്

സാര്‍
ഞാനാണ്
ദുബായീന്ന് ഉമ്പാച്ചി
തങ്കള്‍ക്കും കുടും ബത്തിനും സുഖമെന്നു കരുതുന്നു
എനിക്കിവിടെ ഒരു മാതിരി സുഖം തന്നെ.
ഒരു കവിത അയക്കുന്നു,
ആഴ്ചപ്പതിപ്പില്‍
ഉള്‍പ്പെടുത്തി എന്നെ അനുഗ്രഹിക്കും
എന്ന് പ്രത്യാശിക്കുന്നു.

ആഴ്ചപ്പതിപ്പിന്‍റെ ആദ്യത്തെ കളര്‍ പേജുകള്‍
കവിതക്കായി നീക്കി വെക്കുന്നത്
ശ്രദ്ധേയമാകുന്നുണ്ട്
അവിടെ ഈയുള്ളവനും ഒരു സ്പേസ് തന്നാല്‍ വളരെ നല്ലത്.
കവിതകളുടെ ലേഔട്ട്
താങ്കള്‍ പത്രാധിപരായി വന്നതോടെ
വളരെ മാരിയിട്ടുണ്ട്,
മനോഹരം.
കവിത പോര എന്നു തോന്നിയാലും കാണാന്‍ എന്താ ചന്തം.

എന്‍റെ ഈ കവിത ഉള്‍പ്പെടുത്തുന്ന ലക്കം
ഏതെന്ന് അറിയിക്കണം
അതിറങ്ങുന്ന ദിവസം ഒരു മിസ്കാള്‍ തന്നാല്‍ മതി
ഞാന്‍ അങ്ങോട്ട് വിളിക്കാം
ആ ലക്കം വാങ്ങി കൊടുത്തയക്കാന്‍
വീട്ടില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്
അവള്‍ വാങ്ങി കൊടുത്തയച്ചോളും
-താങ്കള്‍ ഇടക്കു വിളിക്കാറുള്ള കാര്യം അവള്‍ പറയാറുണ്ട്.

കവിത ഇറങ്ങുന്ന ദിവസം
സര്‍, മിസ്കാളിടാന്‍ മറക്കരുത്

കഴിഞ്ഞ തവണത്തെ
അവധിക്കു വന്നപ്പോള്‍ ഞാനവിടെ വന്നിരുന്നുന്നു
താങ്കള്‍ ലീവിലാണെന്ന് ഓഫീസില്‍ നിന്നറിഞ്ഞു മടങ്ങി.
പിന്നെ വരാനൊത്തുമില്ല.
താങ്കള്‍ ഇവിടെ വന്നപ്പോള്‍ നാം തമ്മില്‍ കണ്ടിരുന്നു
ചില പരിപാടികളിലും കേള്‍വിക്കാരനായി ഞാനുണ്ടായിരുന്നു
നമ്മുടെ പെണ്‍ കുട്ടികളൊക്കെ എഴുത്തു തുടങ്ങിയതിനെ
പരാമര്‍ശിച്ച് താങ്കള്‍ അവതരിപ്പിച്ച നിരീക്ഷണങ്ങളെ ആസ്പദമാക്കി
ഞങ്ങളൊരു ചര്‍ച്ചയും പിന്നീട് സംഘടിപ്പിച്ചിരുന്നു

ഇനിയെന്നാണ് ഇങ്ങോട്ടോക്കെ വരുന്നത്
ഈ വര്‍ഷവും
ഏതോ വാര്‍ഷികത്തിന് താങ്കള്‍ക്കു ക്ഷണമുണ്ട് എന്ന് കേട്ടു
അതുവരെ കാത്തിരിക്കണമെന്നില്ല
ഒരു സന്ദര്‍ശനത്തിനുള്ള വിസ ഞാന്‍ ശരിയാക്കാം
വിസിറ്റ് വിസ ഞാന്‍ അയക്കാം

കവിത ഉള്‍പ്പെടുത്തും എന്ന് കരുതുന്നു
വിശദമായി ഫോണില്‍ സംസാരിക്കാം
ഈ എഴുത്തും
കവിതയും
കിട്ടിയാല്‍ ഒരു മിസ്കാള്‍ തന്നാല്‍ മതി
ഞാന്‍ തിരിച്ചു വിളിക്കാം
-കാവ്യ പൂര്‍വ്വം
ഉമ്പാച്ചി

7 comments:

  1. കവിതക്കൊപ്പം
    വെക്കുന്ന കത്തില്‍
    പ്രസിദ്ധീകരിച്ചാല്‍ സര്‍, എനിക്കു നല്ലത്
    എന്ന മട്ടിലാവും അപേക്ഷ
    ഇതിപ്പോള്‍
    താങ്കള്‍ക്കു നല്ലത് എന്ന്
    നല്ല കൂത്ത് തന്നെ....

    ReplyDelete
  2. നിരാശപ്പെടുത്തി
    :(

    ReplyDelete
  3. ഉമ്പാച്ചീ..മോനേ...
    ഇനി അദ്ദേഹം ജന്മത്തില്‍ താങ്കളെ വിളിക്കുകയുമില്ല. മിസ്സ് കോളും അടിക്കുകില്ല, കവിതയൊട്ട് പ്രസിദ്ധീകരിക്കുകയുമില്ല... നോക്കിക്കോ...
    ഹഹാ...(അല്ല ഇതു നടന്ന കഥ തന്നേ..?)

    ReplyDelete
  4. മലയാള കവിതയുടെ ഒരു മുഖമാണിത്. പത്രാധിപ സ്ഥാനത്ത്റ്റെ അടുത്തറിഞ്ഞതു കൊണ്ട് ഇങ്ങനെ സത്യസന്ധമായി എഴുതാന്‍ ഒരു ഉമ്പാചിയെങ്കിലും ധൈര്യപ്പെട്ടു. നന്ദി.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. കലക്കി അളിയാ. നമ്മുടെ എന്‍.ആര്‍. ഐ. വിപ്ലവ സാഹിത്യകാരന്മാരുടെയും ഗള്‍ഫ് ഉത്തരാധുനികന്മാരുടെയും അവരെ സ്പോണ്‍സര്‍ ചെയ്യുന്ന പത്രാധിപ ശിങ്കങ്ങളുടെയും തനിനിറം താങ്കള്‍ തുറന്നു കാട്ടി. നന്ദി.

    ReplyDelete