രണ്ടു കത്തികള്‍

സഹ പ്രവര്‍ത്തകരായിരുന്ന
രണ്ടു കത്തികള്‍
പരസ്പരം പിന്നെയും കണ്ടുമുട്ടി

മുറിച്ചുകടന്ന
ചോര ഞരമ്പുകള്‍ ഒന്ന്
ഒളിവില്‍ പോയ
കാട്ടുപൊന്തകള്‍ രണ്ട്

മേല്‍പാലത്തിനു ചുവട്ടിലെ
വില്‍ക്കാന്‍ വച്ച വീട്ടില്‍ നിന്നും
പുഴവക്കത്തെ പൂട്ടിയ പീടികയുടെ
പിറകില്‍ നിന്നും
നാടോടികളായ തമിഴ് ബാലികമാര്‍ക്കൊപ്പം
പിന്നീട്
അവരുടെ അമ്മമാര്‍ക്കൊപ്പം
തുരുമ്പിച്ച നിലയില്‍
നഗര പ്രാന്തത്തിലെ കൊല്ലപ്പുരയിലെത്തി

സഹ പ്രവര്‍ത്തകരായിരുന്ന
രണ്ടു കത്തികള്‍
അങ്ങനെ
വീണ്ടും കണ്ടു മുട്ടി

ഉലയില്‍
തീക്കാറ്റേറ്റ്, ചുട്ടു പഴുത്ത്
മാനസാന്തരപ്പെട്ടിട്ടും
ചുടു ചോരയുടെ രുചി
മത്തു പിടിപ്പിച്ചു കൊണ്ടിരുന്നു
രണ്ടിനേയും

തൊട്ടരികിലെ
മണ്ണില്‍ കുഴിച്ചിട്ട
ഇരുമ്പു ചട്ടിയിലെ പച്ചവെള്ളത്തില്‍
തണുത്തു കിടക്കുമ്പോഴും
നാളത്തെ ഹര്‍ത്താലിലാണ്
രണ്ടിനും പ്രതീക്ഷ.

മൌനഭംഗം

എനിക്ക് ഒരു തുടക്കം കിട്ടുന്നില്ല
പറയാതിരുന്നിട്ട് കാര്യമില്ലാ എന്ന്
നാഡി ഞരമ്പുകള്‍
ഉറക്കെ നിലവിളിക്കുന്നുണ്ട്.
എന്നിട്ടും എനിക്ക്
എങ്ങനെ തുടങ്ങുമെന്ന്
ആലോചിക്കുന്നതേ പേടി,
ആലോചനയില്ലാത്ത തുടക്കത്തില്‍ നിന്ന്
നടന്നു തുടങ്ങുന്നതും.

ഒച്ച കേള്‍പ്പിക്കാതെ ഓരോന്ന്
അഴിഞ്ഞു പോകുന്നതും
ഒച്ച ഒറ്റു കൊടുക്കുന്നതു പോലെ
ഒളിച്ചിരിക്കുന്നതും
നിശബ്ദത ഉടലാകെ വാരിച്ചുറ്റുന്നതും
മനസിന്റെയും ശരീരത്തിന്റെയും
മരവിപ്പിനെ മറികടന്ന്
ഉള്ളില്‍ ഉണരാന്‍ തുടങ്ങുന്നതെന്തോ
കുഴഞ്ഞു വീഴുന്നതും

എനിക്കിതൊക്കെ ആരെയെങ്കിലും അറിയിക്കണം
എനിക്കുമുമ്പേ ആരോടൊക്കെയോ
പറഞ്ഞുകാണും
എന്റെയീ പരിഭ്രമം
എന്നു തോന്നുന്നുണ്ടെങ്കിലും.

എങ്കിലും ആവിഷ്കാരത്തിന്റെ
ആദ്യത്തെ വാക്കിലെ അക്ഷരങ്ങള്‍
ബലാല്‍ക്കാരത്തിനിടയില്‍
ഉടഞ്ഞുപോയ കുപ്പിവള പോലെ
ഒരിക്കലും ചേരില്ലെന്നു
വാശിപിടിക്കുന്നതെന്താണ്?

മടി

മതി വരുവോളം
ഉറങ്ങി
കൊതി തീരുവോളം
മുഷിഞ്ഞ്
മടിയിലിങ്ങനെ
തല വച്ചു കിടക്കുന്നതിന്
ആരിരുന്നു തരും മടിയേതുമില്ലാതെ.

നികത്താനാവാത്ത വടിവ്

താര സുന്ദരി
മരണമടഞ്ഞെന്നറിഞ്ഞ്
പതിവ് പോലെ
അവരതേ ക്രമത്തില്‍
അനുശോചനത്തിന് വന്നതായിരുന്നു

ജാള്യത
തോന്നിയിട്ടായിരിക്കണം
പിന്നെ നോക്കുമ്പോളുണ്ട്

സ്ഥാനം മാറി നിന്നിരിക്കുന്നു.

എടുത്തു വയ്പ്പ്

വളിപ്പ്
പുസ്തകപ്പുഴുവായ് തുടങ്ങി
അക്ഷരപ്രഭുവായ്
വളര്‍ന്നു
അനന്തരം കിട്ടിയതുപോലും പുസ്തകങ്ങള്‍
‍വായനാന്ന് വച്ചാല്‍ വായന തന്നെ
മാഹാകാവ്യങ്ങള്‍ മഹത് ഗ്രന്ഥങ്ങള്‍
‍സംസ്കൃതവും അസംസ്കൃതവും
എല്ലാം വെട്ടി വിഴുങ്ങുകയായിരുന്നു,
വയറാണിപ്പോള്‍ സംസാരിക്കുന്നത്.


ഉപ്പുപ്പ (കവിത -ഉമ്പാച്ചി)

വെയിലിനേതായാലും
മറക്കുവാനാകില്ല
ഉച്ച ചെരിയുവോളം
എതിര്‍ത്തിരുന്നൊരാ മനുഷ്യനെ
കൈക്കോട്ടും പടന്നയും
കയ്യും കാലുമായിരുന്നൊരാ മെയ്യിനെ

ഉപ്പു കുറുക്കിയിരുന്നു
സൂര്യന്‍
പൊടിയുന്ന വിയര്‍പ്പില്‍ നിന്ന്
പകലിനൊപ്പം ചേര്‍ന്ന്

വാഴ്വു
മെനഞ്ഞു നല്‍കീ മണ്ണ്
പണിയെടുക്കുന്ന പ്രാണനില്‍
വേരുകള്‍ പടര്‍ത്തിപ്പടര്‍ത്തി നടത്തി

പണി തീര്‍ന്നൂ
മരണമടഞ്ഞെന്ന് പറയുന്നതെങ്ങനെ
നട്ട മരങ്ങളൊക്കെയും
പുതുക്കി പുതുക്കി ജന്മമണയുമ്പോള്‍

ആളനക്കം പോല്‍
കേട്ടിരിക്കണം
മണ്ണടരുകള്‍ മൊഴിയുന്നത്
വിത്തുകള്‍ക്കുള്ളില്‍ മുളകള്‍ പൊട്ടുന്നത്

ഓര്‍മ്മ കാണുമല്ലോ
പച്ച മണ്ണിനും
കുഴിയെടുക്കുമ്പോള്‍ മുറിഞ്ഞ വേരിനും
കിളച്ചിട്ട കൈകളെ
വെള്ളവും വളവുമെറ്റിച്ച വിരലോട്ടങ്ങളെ

നോവിക്കാനും തോന്നില്ല
വാറ്റിയിരുന്നതല്ലേ ചോര
മണ്ണിലങ്ങിങ്ങു
വഴ്വറുതിയോളം

സ്വര്‍ഗവാതില്‍
തുറന്നു വരും വരെ
കാത്തു വെക്കുകയാകും ചെയ്യുക
വെയിലു കൊള്ളിക്കാതുള്ളില്‍ മണ്‍തരികള്‍
മത്സരിച്ചങ്ങനെ....മത്സരിച്ചങ്ങനെ

കൈക്കോട്ടും പടന്നയും : മണ്ണിളക്കുന്നതിനും നീക്കുന്നതിനുമുള്ള പണിയായുധങ്ങള്‍

ഉമ്മ വച്ച ചോറ്

ജീവിച്ചു പോകുന്നതിന് എന്തെങ്കിലും ഒന്ന്, ഭ്രാന്തായൊ, ബാധയായൊ വേണം.
ചില ബുക്കുകള്‍, കുറച്ചു കൂട്ടുകാര്‍, ഏതാനും സംഭവങ്ങള്‍
അടുത്ത ആഴ്ചയിലെങ്കിലും അച്ചടിച്ചു വരാനിടയുള്ള ഫീച്ചര്‍, അടുത്ത മാസാന്ത അവധി, വരുന്ന പെരുന്നാള്‍.
ഒരു മാസത്തെ അവധിക്കാലം പോലും കത്തെഴുതാമല്ലൊ കൂട്ടുകാര്‍ക്ക് എന്ന ആഹ്ലാദമായിരുന്നു.
ഇപ്പോള്‍ ബ്ലോഗായിരിക്കുന്നു ആ ഭ്രാന്തും ബാധയും.
ഒരു പോസ്റ്റിടാനായി പുലരുന്നു ദിവസം.

ഉമ്പാച്ചി ബ്ലോഗ് തുടങ്ങീട്ട് ഒരു വര്‍ഷം.
അജ്ഞാത മേല്‍ വിലാസമായാണ് ഉമ്പാച്ചി എന്ന ഐഡി ക്രിയേറ്റ് ചെയ്തത്.
പത്രമോപ്പീസിലെ പണിക്കെടുതികള്‍ക്കിടയില്‍ വിരിഞ്ഞൊരു പ്രണയം ഓണ്‍ ലൈനായി
സൂക്ഷിക്കാന്‍ അതു വഴി തരപ്പെട്ടു.
ഓണ്‍ലൈനല്ലാതായതോടെ ആ പ്രണയം മുറിപ്പെട്ടു, ഉമ്പാച്ചി പാഴിലായി.
അപ്പോഴാണ് കുരുത്തക്കേടിന് ഒരു മാട്രിമോണിയല്‍ സൈറ്റില്‍ ചെന്നു കേറി പെണ്ണുകാണല്‍ തുടങ്ങിയത്.
അത് ബ്ലോഗിലേക്കുള്ള നിമിത്തമായി, ബ്ലോഗായി പിന്നെ ഇഹലോകം.
ഈ കഥയിലെ കഥാപാത്രങ്ങളേയും പങ്കെടുത്തവരേയും മനസ്സാ നമിക്കുന്നു.

മലയാളത്തില്‍ എഴുതാനുള്ള വഴി കാട്ടിയത്ത് ശ്രീജിത്താണ്.
കവിത പോലെ ഞാന്‍ എഴുതുന്നത് കവിതയാണെന്ന് ഉറപ്പു പറഞ്ഞത് വിഷ്ണുമാഷാണ്.
പിന്നെ എത്രയോ കൂട്ടുകാരെ കിട്ടിയിരിക്കുന്നു.
സങ്കുചിത മനസ്കനാണ് ചില ബ്രൈക്കുകള്‍ തന്നത്.
ലാപൂട രാം മോഹന്‍ പാലിയത്ത് എന്നിവരെ ശ്രദ്ധിക്കണം എന്ന് ഓര്‍മിപ്പിച്ചു സങ്കുചിതന്‍.
കുഴൂര്‍ വിത്സണ്‍, അനിലന്‍ എന്നിവരെ അടുത്തു കിട്ടി.
കോഴിക്കോടും പരശുരാം എക്സ്പ്രസ്സും വിട്ടുള്ള കൂടുമാറ്റം
എന്നെ ബാധിക്കാതിരുന്നത് ഈ ബ്ലോഗുള്ളത് കൊണ്ടുകൂടിയാണ്.
ഇപ്പോള്‍ ഒഴിവു നേരത്തെ കളിയല്ലിത്, അത്രക്കുണ്ട് ഇവിടെ കണ്ടുമുട്ടാം എന്ന് പിരിയുന്നവര്‍.

ഇപ്പോഴും ഈ ഉമ്പാച്ചി എന്നാല്‍...? എന്ന് മിഴിക്കുന്നുണ്ട് ചിലര്‍.
ഉമ്പാച്ചി വടകരയുടെ നാട്ടുമൊഴിയില്‍ നിന്നും വരുന്നു.
ചുംബനം,
കുഞ്ഞു പൈതങ്ങളെ ഉമ്മ വെക്കുന്നതിനാ അങ്ങനെ പറയാറ്,
അല്ലാത്തതിനും പറയും.
കിസ്സിലുള്ള ആ അത് ഇതിലില്ല എന്ന് അവള്‍ പറഞ്ഞിട്ടുണ്ട്.
എന്ത് എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: മാലിന്യം.

എന്‍റെ തോന്നലുകളെ നിങ്ങളുടെ മിഴിച്ചുണ്ടുകള്‍ വന്ന് ഉമ്മ വെക്കുന്ന
ഈ കവിള്‍ത്തടത്തിന് മറ്റെന്തു പേരിടണമായിരുന്നു?
ഇപ്പോള്‍ ഉമ്പാച്ചി എന്‍റെ തന്നെ പേരായിരിക്കുന്നു,
ആയതിനാല്‍ ................. ഇനി പായും തലയണയും.
ഇവിടെ വെക്കുന്ന വാക്കുകളൊക്കെയും
ഉമ്മ വച്ച ചോറു പോലെ എനിക്ക് വിശേഷപ്പെട്ടത്...
ഞാന്‍ പലകുറി വിശപ്പാറ്റിയത്.

ചാവുകിടക്ക

കിടന്ന പുറം
മുറിഞ്ഞു പൊട്ടിയതിന്‍റെ
ചോരക്കലകളും ചലവും നീക്കി
കയ്യും കാലും കഴുകി
ഉപ്പയെ കുളിപ്പിച്ചെടുക്കുമ്പോള്‍
അവള്‍ പറഞ്ഞു,
അതിറ്റാലൊന്ന്
നമുക്കും വാങ്ങുന്നതാ നല്ലത്

നാരായണി ടീച്ചര്‍
ചരിഞ്ഞു മാത്രം കിടന്ന്
-ടീച്ചര്‍ ഹിന്ദി പടിപ്പിച്ചിരുന്നൂ അവളെ
എല്ലാ ഭാഷയും തെറ്റിച്ചപ്പോള്‍
മക്കള്‍ വാങ്ങിയ
വെള്ളം നിറക്കുന്ന കിടക്കക്ക്
എന്തു പറയണം എന്നറിയില്ല പാവത്തിന്

അതെവിടെയാണ് കിട്ടുന്നത്
എന്ന അന്വേഷണത്തില്‍
ദാമോദരന്‍ മേസ്ത്രിയുടെ വീട്ടിലുണ്ട്
ആറു മാസമദ്ദേഹം
അതിലായിരുന്നു നരകിച്ചത്

കമ്പോണ്ടര്‍ ശശി
അച്ചന്‍ കിടപ്പിലായപ്പോള്‍ വാങ്ങീട്ടുണ്ട്
അതില്‍ കിടത്തിയതിന്‍റെ
പിറ്റേന്ന് മൂപ്പരങ്ങു പോയി
അന്നു തന്നെ
അത്യാവശ്യക്കാരാരോ കൊണ്ടു പോയതാ

മെഡിക്കല്‍ കോളേജില്‍ നിന്നും
മടക്കിയ മൂസ മുസ്ലിയാരെ കിടത്തിയിരിക്കുന്നത്
പുതിയതൊന്ന് വാങ്ങിയാണ്

കഴിഞ്ഞ പള്ളിക്കമ്മിറ്റി കൂടിയപ്പോള്‍
വാങ്ങുന്നതിന് തീരുമാനിച്ചതാ
ഗള്‍ഫ് കമ്മറ്റിയുടെ പിരിവും എത്തീട്ടുണ്ട്
ഹാജിയാരെ ഒന്ന് കാണ്

വര്‍ഷങ്ങളുറങ്ങിയ ഉന്നക്കിടക്കയില്‍
ഉറക്കം കണ്ണു‍വിട്ട് പോകാന്‍ തുടങ്ങിയ
ആദ്യത്തെ വെള്ളിയാഴ്ച
മൂന്നാം കിടക്കയിലെ ദേഹം
തത്സ്ഥാനം ഒഴിഞ്ഞു തന്നു
മയ്യിത്ത് പുറത്തേക്കെടുക്കുമ്പോള്‍
ചായ്പ്പിലത് മടക്കി മൂലക്കിട്ടത് കണ്ടു

വേറെ നോക്കണ്ട
മുസ്ലിയാരു കിടന്നതല്ലേ
കണ്ണോക്കിനു ചെന്നപ്പോള്‍
അതാ നല്ലതെന്ന്
മനസ്സും മറ്റുള്ളവര്‍ക്കൊപ്പം നിന്നു

ഉപ്പയെ മാറ്റിക്കിടത്തി
കട്ടിലില്‍ നിവര്‍ത്തിയിട്ട്
വെള്ളം പിടിച്ച് വീര്‍പ്പിക്കുമ്പോള്‍
വീര്‍പ്പ് മുട്ടാന്‍ തുടങ്ങി
കണ്ണില്‍ ജലം നിറയാന്‍ തുടങ്ങി
ആരെയും കേള്‍പിക്കാനാകാത്തൊരു കരച്ചില്‍
അകമേ പടരാന്‍ തുടങ്ങി

വെള്ളത്തില്‍ ചേര്‍ത്ത നീലമരുന്ന്
അങ്ങിങ്ങു പരക്കാന്‍ തുടങ്ങി
കിടക്ക നിറയെ നീലച്ചോര നിറഞ്ഞ ഞരമ്പുകള്‍

ഹൃദ്രോഹം

മരുന്നും ഗുളികയുമൊന്നുമില്ല
പുറത്തിറങ്ങരുത്തെന്ന്
പറഞ്ഞിട്ടുണ്ട്
നിലാവ് കാണരുത്
കാറ്റ് കൊള്ളരുത്
പണ്ട് കൊണ്ടതും
കണ്ടതുമായ പലതും വേണ്ട
എന്നും ശാസിച്ചിട്ടുണ്ട്
അതൊക്കെയാണീ രക്തസമ്മര്‍ദ്ദത്തിന് ഹേതു.
മോളുംകുട്ടികളുമിന്നലെ
കടല്‍ക്കരയില്‍ പോകുന്നേരം
അതിനും കൂട്ടിയില്ല,
കടലും പറ്റില്ല
പകരം
കളര്‍മീനുകള്‍ പായുന്നൊരു
ചില്ലുവീടുമായവര്‍ മടങ്ങി വന്നിരിക്കുന്നു...
അത് കണ്ടുകൊണ്ടിരുന്നാല്‍ മതി.
പകല്‍ വെളിച്ചം വറ്റിയാല്‍
കുഞ്ഞു കോലായിലെ
ചാരുകസേരയിലേക്ക് വരാം,
റോട്ടിലേക്ക് നോക്കി ഈ ഇരിപ്പിരിക്കാം
ലേശം കാറ്റു കൊള്ളാം
അതും സൂക്ഷിച്ച്
ശുദ്ധവായുവാണേലും അധികമാകാതെ നോക്കണം.