വിരലെഴുതിയത്


നഖങ്ങള്‍
ഇര പിടിക്കുന്നില്ല
എന്നാലും വേണം
വ്രണമായാല്‍
ഞെക്കിപ്പൊട്ടിക്കുന്നതിന്.

ചുര മാന്താറില്ല
എന്നാലും വേണമസ്ഥികള്‍
വിയര്‍പ്പായാല്‍
തുടച്ചെടുക്കുന്നതിന്.

പേടിക്കേണ്ടതില്ല ഞങ്ങളെ
എഴുന്നേല്‍ക്കുന്നത്
തോണ്ടി വിളിക്കുന്നതിനും
ചൂണ്ടിക്കാട്ടുന്നതിനുമാണ്;
ചൂണ്ടുവിരല്‍ എന്നു പറയും.

ഒത്തു നില്‍ക്കുന്നത് ഒരുറപ്പിന്,
മനുഷ്യരുടെ കയ്യിലല്ലേ ദൈവം മുളപ്പിച്ചത്.
ഒറ്റക്കൊരു തീരുമാനവും എടുക്കാറില്ല,
അടുത്തടുത്താണെങ്കിലും താമസം ഒറ്റക്കൊറ്റക്ക്.

ക്ഷണികം


നിന്നിടത്തെല്ലാം
ഇണ ചേരാനുള്ള
ഒരു ക്ഷണം
ഇട്ടേച്ചു
പോവാറുണ്ടെന്ന്
ഒരു മണം പരന്നു

അലസത അടര്‍ത്തിയിടുന്ന
ഷാളറ്റം
ഞെക്കിപ്പൊട്ടിക്കാന്‍
വിട്ട
ഒരു മുഖക്കുരു
വളവു വെട്ടിക്കുന്ന
ബസ്സിനൊപ്പിച്ചുള്ള
ആട്ടവുമിളക്കവും
കണ്ടു നിന്നവരെപ്പോഴും
ഒന്നു ക്ഷണിക്കപ്പെട്ട പോലെ
പരുങ്ങി

വളവില്‍ കൊന്ന
പൂത്തു നിന്നിരുന്നു
അതിനുമപ്പുറം
കോട്ടുവായ കൊണ്ട്
തുറന്നു വിടപ്പെട്ട
ഒരു വിരസത
ഒന്തമിറങ്ങി വന്നിരുന്നു
അതു കണ്ട് ചിരിച്ച്
മുണ്ടിന്‍റെ
മടക്കിക്കുത്തഴിച്ച്
കൊന്നച്ചോട്ടിലിട്ട
പോസ്റ്റ് തൂണിലിരിക്കാന്‍
ഓങ്ങുമ്പോഴാണ്
പറഞ്ഞു കേട്ട നോട്ടം
എതിരേ വന്നത്

വഴിനീളെ
കുറേ നോട്ടങ്ങളിറങ്ങി വന്നു
കണ്ണു കൊണ്ടെങ്കിലും
ഒരു ബന്ധം
സ്ഥാപിക്കാനാകുമോ
എന്നു നോക്കി നിന്നു

അങ്ങനെ നില്‍ക്കുമ്പോള്‍
ഓട്ടോ വന്നു
അടുത്തടുത്തിരുന്ന്
പുറപ്പെട്ടു
അങ്ങാടീല്‍
ഒരിടത്തിറങ്ങി
മരുന്നു ശാപ്പിനു
മുന്നില്‍
പച്ചക്കറിപ്പീടികക്കരികെ
ക്ഷണം കാത്തു
നില്‍ക്കുന്നവരെ കണ്ടു

മീന്‍ ചാപ്പയില്‍ വെച്ച്
പിന്നെയും
നോട്ടമിട്ടു
ക്ഷണിച്ചില്ല
ചത്ത മീനിന്‍റെ
കണ്ണു കിള്ളി നോക്കിയിട്ട്
മീന്‍ വാങ്ങാതെ
ഇറങ്ങിപ്പോയി
തല്‍ ക്ഷണം...

വെട്ടി ഒട്ടിച്ചത്

കാടിനെ
മുഴുവന്‍ വിളിച്ചിരുന്നു
ഒരു പാമ്പു മാത്രം
കനിവോടെ
ഇഴഞ്ഞു വന്നു

കടലില്‍ നിന്നും
വന്ന
ഒറ്റത്തിര
ചില്ലു ഭരണിയില്‍
ക്ഷോഭങ്ങളില്ലാതെ
ഇരിക്കുന്നു

പുഴയില്‍ നിന്ന്
മണലിന്‍റെ വേവ് വന്നു

പാടത്തു നിന്ന്
മീന്‍ കണ്ണിനെ
ധ്യാനിച്ചുള്ള
കൊറ്റിയുടെ മൌനവും
പുലരി മഞ്ഞിനെ
നെല്ലോല
അലക്കുന്ന പാട്ടും

ആകാശം
അയച്ചുതന്ന
രശ്മികളിലൊന്ന്
ഈര്‍പ്പത്തില്‍
കുടുങ്ങി
ഏഴു നിറങ്ങളായി
ചീന്തി

അപ്പോള്‍
പെങ്ങള്‍
വറ്റുമായി വന്ന്
ഒതുങ്ങിയിരുന്ന്
ഓരോന്ന്
ഓരോ പേജില്‍
എന്ന്
ഒട്ടിച്ചുവെക്കാന്‍ തുടങ്ങി

നടപ്പ്

മുറിയില്‍
ഒറ്റക്ക്
വെറുതേയിരുന്നു
മടുത്ത
ഒരു മുഷിപ്പ്
ഷല്‍ഫില്‍ കയ്യിട്ട്
ഒരു ബുക്കിനെ
പിടിച്ചു
കൊണ്ടുവന്നു

തുറക്കേണ്ട
താമസം
ഒരു ക്ഷമ
ഒറ്റച്ചാട്ടത്തിന്
ഇറങ്ങിയോടി
പിന്നെ
മുറ്റത്തു
വന്ന്
നിന്ന്
ഒന്നു നടന്നു വരാന്‍
വിളിക്കുകയുണ്ടായി
അങ്ങനെ വായന നടന്നുവന്നു

ഹോം വര്‍ക്ക്

എനിക്കിവിടെ തിരക്കാണ്
രാവിലെ
എഴുന്നേറ്റാല്‍
രാത്രി
പന്ത്രണ്ട് മണി
അടുപ്പിച്ചാവും കിടക്കാന്‍
വീട്ടിലെ
ചെറിയ പണിയൊക്കെ
തീര്‍ത്തിട്ടാണ്
ഒമ്പത് മണിയാകുമ്പോള്‍
ക്ലാസിനു പൊകുക
....................
അതിനിടക്ക്
മോളേയും അയക്കണം
ക്ലാസ് നാലു മണി വരേയാണ്
അഞ്ചു മണിയാകും
വീട്ടിലെത്താന്‍
പിന്നെയുമുണ്ടാകും
എന്തേലുമൊക്കെ പണികള്‍
അതിനു ശേഷം
അലക്ക്
അടിച്ചുവാരല്‍ ഒക്കെ വേറെയും

ഒന്നും
ചെയ്തിട്ടില്ലേലും
ആരും
ഒന്നും പറയില്ല
എന്നു കരുതി മടിച്ചിയാകാന്‍ പറ്റുമോ
അതു കൊണ്ട്
ചെറുതായെന്തെങ്കിലുമൊക്കെ
കാട്ടിക്കൂട്ടിയെങ്കിലും വെക്കും

സന്ധ്യയായാല്‍ പിന്നെ
കുട്ടികളെ പടിപ്പിക്കലും
എന്‍റെ പടിത്തവും ഒക്കെക്കൂടി നടക്കണം
അതിനിടെ
വല്ലവരും പ്രത്യേകിച്ചു
വീട്ടില്‍ വന്നാലോ
മറിഞ്ഞതു തന്നെ
തകിടം
..............
രാത്രി ഭക്ഷണത്തിനു ആളുണ്ടാകും
എന്നൊരു
കോളില്‍ തീരും അറിയിപ്പ്

മാവു കുഴച്ചും
ചപ്പാത്തി പരത്തിയും
നടുകുഴയും

വല്ലപ്പോഴും
നിന്നെപ്പോലൊരാള്‍
വന്ന്
എന്‍റെയീ തിരക്കുകള്‍
കൂട്ടിവായിക്കുമെന്ന്
കണക്കു കൂട്ടിയിട്ടുണ്ട്
വളരേ മുമ്പേ....