ടാ തുടയാ...

മുട്ടു കുത്തി നിന്ന്‌ ഞാനും
മുട്ടു കുത്തി നിന്ന്‌ നീയും
പ്രാര്‍ത്ഥിച്ചു
ഇരുവരും ആത്മാവിനെ പ്രവര്‍ത്തിപ്പിച്ചു
ശരീരങ്ങളെ ഉഴുതു മറിച്ചു കൊണ്ട്‌
ലോകത്തെ മോചിപ്പിക്കുകയായിരുന്നു നാം
മോചനദ്രവം നല്‍കി
പരസ്‌പരം മാപ്പു നല്‍കുകയായിരുന്നു നാം

എല്ലാം കാണുന്ന അവന്‍
അത്യുന്നതങ്ങളിലിരുന്ന്‌
ഉള്ളിലെ ആരവം വചനങ്ങളാക്കി
ആഹ്ലാദം
കൊണ്ട്‌ തൊള്ള കീറി
ഒരിടി വെട്ടി
ആനന്ദം
കൊണ്ട്‌ കണ്ണു നിറച്ചു
ഒരു മഴ പെയ്‌തു
ഭൂമിയില്‍ വിത്തുകളുടെ മുള പൊട്ടി
ആദം എന്നും ഹവ എന്നും പോരുള്ള പരമ്പരകളുണ്ടായി.

തുടകളിലൂന്നി നിന്ന്‌ ഇന്നു ഞാനൊറ്റക്ക്‌
തിരിച്ചു യാത്ര പോകുന്നു
നിന്റേതെന്നു തോന്നുന്ന ഒരു മണം പിടിക്കുന്നു
നിന്റെ രൂപത്തിലൊന്നിനെ കണ്ടെത്തുന്നു
കടിച്ചു കീറി ചോരയൂറ്റി കുടഞ്ഞെറിയുന്നു...

എല്ലാം കാണുന്ന അവന്‍
ഉള്ളം നൊന്ത്‌,
തീരുമാനം മാറ്റി
ചാട്ടവാറോ കരവാളോ നല്‍കി
നീതിസാരവുമായി
ഭൂമിയിലേക്ക്‌
ഒരുത്തനെ വീണ്ടും അയക്കുമാറാകട്ടെ...
(ആമേൻ)

പുല്‍ക്കൂടോ പുരയിടമോ അവനെ സ്വീകരിക്കും
അവന്റെ വിളി
കാതു തുറന്ന്‌
കണ്ണു തുറന്ന്‌
ഹൃദയം തുറന്ന്‌
എന്റെ അരക്കെട്ടിലും പതിക്കും
അവന്റെ വചനം
ഇപ്രകാരം എന്റെ ആസക്തികളെ സ്‌പര്‍ശിക്കും

ടാ തുടയാ,
വണങ്ങെടാ മുട്ടുകുത്തി നിന്ന്‌
ക്രൂശിക്കപ്പെട്ടവളുടെ മുഖ കമലം,
തുടക്കെടാ അവളുടെ കവിളില്‍ ചാലിട്ട ദുഖത്തിനിളം നദി...
---

എസ്. ജോസഫിന്റെ 'ഒരു കുറിപ്പ്'

കേരള കവിത (2011-2012)യിൽ എസ്. ജോസഫ് 'തിരുവള്ളൂരി'നെ കുറിച്ച് ഒരു കുറിപ്പെഴുതിയിരിക്കുന്നു, ആ പുസ്തകത്തെ പറ്റി എഴുതപ്പെട്ടിട്ടുള്ള ആകെയൊരു കുറിപ്പ് അതായതിനാലും ജോസഫ് എന്റെ പ്രിയപ്പെട്ട കവിയായതിനാലും അതിവിടെ പകർത്തുന്നു:

റഫീക്ക് തിരുവള്ളൂര് - ഒരു കുറിപ്പ്
എസ്. ജോസഫ് 

90-കൾക്ക് ശേഷം മലയാള കവിതകളിൽ പുതിയൊരു തരംഗമുണ്ടാക്കുകയും മുമ്പെങ്ങും കാണാത്ത ജനുസ്സിൽ പെട്ട കവികളും കവിതകളും അരങ്ങത്തെത്തുകയും ചെയ്തു. കാണപ്പെടാതെ കിടന്ന ദേശങ്ങളും അവിടത്തെ പ്രകൃതിയും മനുഷ്യരും മനുഷ്യരൊടു ബന്ധപ്പെട്ട കാര്യങ്ങളും ഭാഷയും എഴുത്തിൽ ഇടം പിടിച്ചു. കവിതയിലെ ജനാധിപത്യം എന്ന് ഈ പുതിയ പ്രവണതയെ ചില കാവ്യ ചിന്തകർ വിവരിച്ചിട്ടുണ്ട്. ഇന്ന് ആ തരംഗത്തിന്റെ തുടർച്ചകളിൽ പലതും കവിതാ ധൂർത്തായി മാറിയിട്ടുണ്ട്. ഒരാളോ രണ്ടാളോ എഴുതിയ കവിതകൾ എന്ന് ഇക്കാലത്തെ കവിതകളെ പറ്റി പറയാം. എങ്കിലും അങ്ങിങ്ങായി ചില കവികൾ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്.


റഫീക്ക് തിരുവള്ളൂര് എന്ന കവി ഉമ്പാച്ചി എന്ന പേരിൽ ബ്ലോഗിൽ ശ്രദ്ധ നേടിയ ഒരു കവിയാണ്. മുമ്പേത്തന്നെ ഈ കവിയെ വലിയൊരു ബ്ലോഗ് വായനക്കാരനല്ലാത്ത ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. പ്രവാസിയുടെ എഴുത്താകയാൽ ബ്ലോഗിലെഴുതി എന്നത് ഒരു പുതിയ എഴുത്തിടം ആണെങ്കിലും കവിത ബ്ലോഗിലെഴുതിയാലും കല്ലിലെഴുതിയാലും കടലാസിൽ അച്ചടിച്ചാലും കവിതയാണെങ്കിലേ മനസ്സിൽ തൊടുകയുള്ളൂ എന്നത് നാം മറന്നു കൂടാ. പ്രവാസിയുടെ ഗൃഹാതുരമായ ജന്മ നാടും പ്രവാസ ഭൂമിയും ഈ കവിതകളിൽ ദൃശ്യപ്പെടുന്നു. പുതിയ ഒരു നോട്ടസ്ഥാനം കവിക്ക് ഉണ്ട്. അതിനാൽ കക്കൂസ്, സാന്റ് പേപ്പർ, ആദ്യ പകൽ, മാർച്ച്-16, നഗരത്തിലെ മരങ്ങൾ എന്നീ കവിതകളിലെല്ലാം പരമ്പരാഗതമായ നോട്ടസ്ഥാനം മാറുന്നു. മാർച്ച്-16 പോലുള്ള കവിതകൾ പുതിയ ഒരു കാവ്യാനുഭവം നൽകുന്നുണ്ട്. റഫീക്കിന്റെ കവിതകൾ പുതിയ ഒരെഴുത്തായി മാറുന്നത് കവി വേറിട്ട ഒരു നിരീക്ഷണ രീതി സൃഷ്ടിച്ചതു കൊണ്ടാണ്. ഇതു മാത്രമല്ല, രണ്ടാമത്തെ ഒരു മാറ്റം അചേതന വസ്തുക്കൾ കവിതയിൽ സചേതനങ്ങളാകുന്നു എന്നിടത്താണ്.

"വടകരക്ക് ഇപ്പോൾ ബസുണ്ടോ?
ആയഞ്ചേരിക്കുള്ള
ഗ്രീൻ സ്റ്റാർ പോയോന്ന്
റോഡിലിറങ്ങി 
നില്പുണ്ട് പീടികകൾ"

"ഇപ്പോഴും നിരത്തിലിറങ്ങി
അടുത്ത ബസിൽ പോയാലോ എന്ന്
നിൽപ്പാണ് അങ്ങാടി"

റഫീക്കിന്റെ കവിതകളിൽ അചേതന വസ്തുക്കൾ സചേതനങ്ങളെ പോലെ പെരുമാറുന്നു. അചേതനങ്ങൾക്ക് ആത്മാവു ലഭിക്കുന്ന ഒരു ചെയ്തിയാണിത്. അത് കവിതയിൽ നിശ്ശബ്ദത സംസാരിച്ചു തുടങ്ങുന്നതു പോലെയാണ്. ഇത് മറ്റു കവികളിലും കാണാവുന്നതാണ്. അതു കൊണ്ട് ആദ്യത്തെ മാറ്റം തന്നെയാണു പ്രധാനപ്പെട്ടത്. വളരെ വേഗം മാറിപ്പോകുന്ന കുറേ കാര്യങ്ങളും മാറാതിരിക്കുന്നതു മൂലം പാർശ്വവൽക്കരിക്കപ്പെടുന്ന കുറേക്കാര്യങ്ങളും ഈ കവിതകളിൽ ഉണ്ട്. വർത്തമാന കാലത്തിന്റെ സങ്കീർണതകളുടെ ഒരു ചിത്രീകരണവുമാണ് അത്തരത്തിൽ ഈ കവിതകൾ..

അമ്പത്തൊന്നക്ഷരാധീ,

അമ്പത്തൊന്നക്ഷരാളീ
മലയാളമേ
വ്രണിത തനു ലതേ
അമ്പത്തൊന്നു മുറിവുകളില്‍
ചോരയുടെ വേദമാകുക
വേദനേ,

തിരുത്തുന്നതിനു പകരം
വെട്ടിക്കളഞ്ഞല്ലോ കൈപ്പട
ശരിയായാലും തെറ്റായാലും
നീ പഠിപ്പിച്ചതില്‍ നിന്നും
കിട്ടിയ ഉത്തരങ്ങളായിരുന്നൂ
കൂട്ടിവായിച്ചതൊക്കെയും

അമ്പത്തിയൊന്നെന്ന്
അക്ഷയമാല പഠിപ്പിച്ച
നീ
അന്നേ പറഞ്ഞതല്ലേ
വേറെയും വര്‍ണ്ണങ്ങള്‍
സ്വരങ്ങള്‍ വന്നു ചേരുമെന്ന്,
സ്വരങ്ങളധികം വഹിച്ചതിനല്ലേ
ഇങ്ങനെ വരഞ്ഞു
വെട്ടിയതെന്നെ..

അമ്പത്തൊന്നക്ഷരാധീ,
കഠാരകള്‍ക്കു പകരം
വ്രണിത നാരായം
ലിപികളെഴുതിയ
ദേഹമാകുക വീണ്ടും
ക്ഷതങ്ങളേ,
അക്ഷരങ്ങളാകുക വീണ്ടും.

മുൻ പുഴു

പൂക്കൾക്കും കുഞ്ഞുങ്ങൾക്കുമൊപ്പമാണിപ്പോൾ
ഒരു പൂവിലുമിരിപ്പുറക്കാത്തതിനാൽ
മാറിമാറി പ്രേമിക്കുന്ന പൂവാലനെന്ന്
കളിയാക്കി ഇന്നാളൊരാൾ*
പൂമ്പാറ്റയെന്നത് വീട്ടിൽ വിളിക്കുന്ന പേരോന്ന്
ചോദിച്ചിരുന്നു അതിനും മുമ്പൊരു കുട്ടി*
കുട്ടികളെനിക്ക് ജീവൻ
അവർക്കുമെന്നെ പെരുത്തിഷ്ടം
ബാല സാഹിത്യങ്ങളേക്കാൾ
അവരെന്നെ ഇഷ്ടപ്പെടുന്നൂ

അവരെപ്പോലിരിക്കുന്നതിനാണ്
പല നിറങ്ങളുള്ള ഉടുപ്പിട്ട് പുറത്തേക്കിറങ്ങുന്നത്
അവരോടൊപ്പം കളിക്കുന്നതിനാണ്
അവരുടെ വഴികളിൽ വന്നിരിക്കുന്നത്

നിങ്ങൾക്കും എന്നെ സ്നേഹമാണെന്നറിയാം
പൂമ്പൊടിയേറ്റിച്ചെന്ന്
പ്രണയങ്ങളെ പൂവിടീക്കുന്നതു മുതൽ
സ്വപ്നങ്ങളിൽ പറ്റിക്കൂടി
ഓർമ്മകളുടെ ആൽബത്തിന്റെ വക്കിലെ 
തൊങ്ങലായിരിക്കുന്നതു വരേ,

ചിത്രച്ചിറകുകളിലെ
ഭാഷകൾക്കു മുന്നേയുള്ള ലിപികൾ
പാറ്റകളുടെ വംശത്തിലെ 
പറന്നു പോകുന്ന പൂക്കൾ
ഉടലിൽ ചിത്രത്തുന്നലുള്ള പുളകങ്ങൾ
സ്വപ്നദർശനം പോലെ മനംകിളിർപ്പിക്കുന്ന
ജീവന്റെ പലനിറത്തുള്ളികൾ
വെയിലിന്റെ നിലാവിന്റെ സൂര്യന്റെ
താരാട്ടിന്റെ വാൽസല്യത്തിന്റെ
പച്ചയുടെ പ്രാണന്റെ
ഏഴുനിറങ്ങളുടേയും പേരക്കിടാങ്ങൾ ഞങ്ങൾ

എന്നിട്ടും
ഭൂതകാലം തിന്നു കൊതി തീരാത്ത
ചില ജീവികളുടെ ദോഷൈകദൃഷ്ടിയിൽ
ഞാൻ മുൻ പുഴു,
അവർക്കറിയില്ല
കാറ്റിനു പോലും തുളക്കാവുന്ന ചിറകുകൾ കൊണ്ട്
ജീവിതമെഴുതുന്നതിന്റെ പ്രാണിവേദന.


*ശൈലന്റെ കവിതയിൽ
*വീരാൻ കുട്ടിയുടെ കവിതയിൽ

എന്നാപ്പിന്നെ:

നാളെ അഞ്ചുമണിക്കെണീറ്റ്‌
ഏഴു മണിക്കു പുറപ്പെട്ട്‌
എട്ടു മണിക്കെത്തണം
എന്നു കരുതി ഒപ്പിച്ചു വച്ച അലാറം
അടിച്ചു തുടങ്ങുമ്പോള്‍ തന്നെ കെടുത്തി
ഒരു മണിക്കൂറു കൂടി ഉറങ്ങി
അര മണിക്കൂറു കൂടി വൈകി
കാ മണിക്കൂറ്‌ ഒരുങ്ങി ഇറങ്ങി
എന്നും ചെല്ലുന്ന സമയവും കഴിഞ്ഞു
ചെന്നതിന്‌ മടക്കി അയച്ചിട്ടുണ്ടോ,
ശാസിച്ചിട്ടുണ്ടോ,
വല്ല മുടക്കവും വന്നിട്ടുണ്ടോ
ഇല്ലല്ലോ,
എന്നാപ്പിന്നെ
നാളെ അലാറം വച്ച്‌
നേരത്തിനെണീറ്റ്‌
നേരത്തെ ഇറങ്ങി
നേരത്തിനും മുന്നേ എത്തിനോക്ക്‌
എന്തു പറ്റീന്ന്‌ എല്ലാരും തുറിച്ചു നോക്കും,
ആളുകളുടെ തുറിച്ചുള്ള നോട്ടമേല്‍ക്കുന്നതിലും
നല്ലതല്ലേ നന്നായുറങ്ങുന്നത്‌,

ഉപയോഗ ശൂന്യമായ ഉണര്‍വ്വുകള്‍ക്കു പകരം
ഉറക്കത്തില്‍ തന്നെ നേരിടാന്‍ പഠിക്കൂ
ഈ ലോകത്തെ,
അഞ്ചുമണിക്കെണീറ്റ്‌
ഏഴു മണിക്കു പുറപ്പെട്ട്‌
എട്ടു മണിക്കെത്തണം
എന്നു കരുതി ഒപ്പിച്ചു വച്ച അലാറം
ഉറങ്ങും മുന്നേ കെടുത്തി വച്ചേക്കൂ,
എല്ലാ വിളക്കുകളേയും വിളികളേയും പോലെ.