അടുത്തൂണ്‍

പരശുരാമന്‍
മഴു കൊണ്ട്
ഇ എം എസ്
ബാലറ്റ് കൊണ്ട്
നക്സലൈറ്റുകള്‍
ബുള്ളറ്റ് കൊണ്ട്
ഉണ്ടാക്കിയതു
പല കേരളം.

വെറും
മൌസ് കൊണ്ട്
അടുത്ത സീറ്റിലെ
കുഞ്ഞിക്കണ്ണനുണ്ടാക്കി
ഒരു കേരളം.

തൊട്ടപ്പുറത്തിരിക്കുന്ന
രാഘവന്‍
പറഞ്ഞു
അഞ്ചു വറ്ഷം
കൂടിക്കഴിഞ്ഞാല്‍
ഞാനും കേരളവും പെന്‍ഷനാവും.

-കേരളപ്പിറവി ദിനാശംസകള്‍

ഉമ്പാച്ചിയുടെ യാത്രകള്‍

ല്ഹിയില്‍ നിന്നു പുറപ്പെട്ട
ഡല്ഹി-ഹൌറ എക്സ്പ്റെസ്സ്
കല്കത്ത നഗരത്തിലേക്കു പ്രവേശിക്കുന്നു. ഇരുപത്തി നാലു മണിക്കൂര്‍
നേരത്തെ മടുത്തിരിപ്പിനും കാത്തിരിപ്പിനും ശേഷം കേരളത്തിന്ടേതു പോലൊരു
ഭൂ പ്രക്രുതി തെളിഞ്ഞു വന്നു.
മഴ പതുക്കെ തുള്ളിയിടാന്‍ തുടങ്ങി. നദികള്‍, പാലങ്ങള്‍, സൂര്യകാന്തി പാടങ്ങള്‍ കടുകു ക്രിഷിനിലങ്ങള്‍....കടന്നു പാഞ്ഞ വണ്ടി മഴയേറ്റു തണുത്തു വന്നു.
''പര്ദേസി....പര്ദേസി ജാനാ.....നഹീ,
മുജേ ചോട് കേ.........മുജേ ചോട് കേ''
എന്ന കമ്പാര്റ്റ്മെന്റുകള്‍ തോരും കയറിയിറങ്ങി ,
കവിളില്‍ മറുകുള്ള ബീഹാരി പെണ്‍ കൊടി പാടിയ പാട്ട് തോറ്ന്നു.
മുകളിലെ ബറ്ത്തില്‍ നിന്നു,
അവിടെ ഉണ്ടായിരുന്ന പ്രണയിനികളാരോ ഇട്ടേച്ചു പോയ
മുല്ലപ്പൂക്കളിലൊന്നു എന്ടെ തലയില്‍ വീണു,
മുത്തുവിന്ടെ മടിയിലേക്കു തൊഴിഞ്ഞു .അവനതു നിലത്തേക്കിട്ടു.
നാക്കില്‍ കാവ്യ ദേവത കുടിപാറ്പ്പുള്ള സഹയാത്രികന്‍
ബീഹാരി പറഞ്ഞു.
''ബാരിശ് സേ സ്വാഗത് ഹോ രഹീ ഹേ''
മഴ കൊണ്ടു നനച്ചു കല്കത്ത ഞങ്ങളെ വരവേറ്റു.

പനി (വാരാധ്യ മാധ്യമം 22-10 -2006)

ഉമ്മ വേവിച്ച
അത്താഴ വറ്റുരച്ച്
കിനാവിലൊട്ടിച്ചു വയ്ക്കാം
നീ വരച്ചു മാറ്റിയ കിനാവുകള്‍
നീ മുറിച്ചിട്ട കളര്‍ ഞരമ്പുകള്‍.


കാന്സര്‍ വാര്‍ഡില്‍ നിന്നും
ഇറങ്ങിയോടിയ ചുമയാകണം
നെറ്റിക്കണ്ണുള്ള രാത്രി വണ്ടിക്ക്
കോഴിക്കോട്ടു വന്നിറങ്ങിയത്,
റെയില്‍ വേ സ്റ്റേഷനില്‍ നിന്നു
ടൌണ്‍ ഹാളിനു പിറകിലേക്കു
നടക്കാനേയുള്ളൂ ദൂരം.


കഫം, ചോര
ഉച്ഛ്വാസ വായു
മുടിയിഴകള്‍, ചുളിവുകള്‍
നീ നിറമറ്പ്പിച്ചതു
കുഴിച്ചു മൂടപ്പെടും മുമ്പേ
ബാക്കിയായ ജീവിതച്ചൂടിന്ന്.

ഞാന്‍ പ്രാറ്ത്ഥിച്ചതു
മരിച്ചവന്ടെ മൂക്കിലെ
വെളുത്ത പഞ്ഞിക്കെട്ടു പൊലെ
കനമില്ലാതെ കൊണ്ടുപോകണേ
ജീവിതമേ മരണമേ....


(കോഴിക്കോട്ടെ ലളിത കലാ അക്കാദമിയില്‍ കെ.ഷരീഫിന്ടെ ചിത്ര പ്രദറ്ശനം കണ്ടതിനു ശേഷം)

പഞ്ഞം

മൊതലാളി
ചക്ക
മുയ്മന്‍ വിറ്റു
ചൊള
ഒറ്റയും തന്നില്ല
കുരു
മൊത്തനെ
കൊണ്ടോയി
കുഴിച്ചിടണം
കൂട്ടാന്‍ വെക്കണം
കരിയിലകള്ക്കും കാരണങ്ങള്ക്കും
ഒരിക്കലും
പഞ്ഞമില്ല
പിലാവിന്‍ ചുവട്ടില്‍

നിനക്ക്

ഒന്നമർത്തി
മൂളുക
അയഞ്ഞ ശ്വാസത്തില്‍
വിളിച്ചതാണു ഞാന്‍
കണ്ണാലൊന്നു തൊട്ടതാവാം
കൈവിരല്‍ തൊടുന്നതെങ്ങനെ
നീ ഇത്ര മേല്‍ ദൂരെയാകയാൽ.

പുല്ലു വിളി

പുല്ലേ പുല്ലേ
എന്നെന്നെ കളിയാക്കേണ്ട,
വെല്ലു വിളിച്ചെത്തും
കൊടുങ്കാറ്റിനെ വെല്ലാറുണ്ടെന്റെ
പൊടിപ്പുകള്‍
ഒടിയാറില്ലെന്റെ കൊടിക്കൂറകൾ.

ഉസ്താദിന്ടെ മഴക്കാലം

ഒരു പോലെയാണ്
നീലം മുക്കി
ഉണക്കാനിട്ട
വെള്ളത്തുണിയും
ആകാശവും.

ഇടക്കിടെ
നീല നിറമോടിയ
ദീറ്ഘ പടങ്ങള്‍.

നീട്ടി വിളിച്ച
പ്രാറ്ഥനയും
തിരി നീട്ടിയ റാന്തലും.

കടുപ്പത്തില്‍
കാറ്റടിക്കുമ്പോള്‍
പിടിച്ചു നില്ക്കാന്‍
ഒരുലാവല്‍.

പള്ളിമുറ്റത്തെ
കാലന്‍ കുടയും
മുകളിലെ മിനാരവും.

അടുത്ത മഴക്കും
ബാങ്കിനും മുന്നേ
നനവിറ്റി
ഉണങ്ങണം.

തണ്ണീരും
കണ്ണീരും
പെയ്തു
തന്നെ
കനം തീരണം

റൂഹ്

(ഉമ്മയെ പറ്റി 
മലക്കുൽ മൗത്ത് അസ്റാഈല്‍ പറഞ്ഞത്)

'ഒറ്റ വലിക്കു
നിറുത്താനാവില്ല
അവളുടെ നടത്തം.
പുലർച്ചക്ക്
സുജൂദിനു കുനിയുന്നേരം
മൂക്കുകുത്തിയാണു വീഴുക,

വെളുപ്പിനു
അകിടിന്റെ ചുവട്ടില്‍
പാലിന്റെ വെളുപ്പകും
ചിന്തിപ്പോകുന്നത്,

അടുക്കളയില്‍
ചിരാപ്പൂവിലോ
തീക്കൊള്ളിയിലോ
ചെന്നു വീണെന്നു വരും,

മീന്‍ കൂവലിനുള്ള
പാച്ചിലിനിടയില്‍
ചെരിപ്പിന്റെ വാറാകും
പൊട്ടിപ്പോകുന്നത്,

ഉമ്മറത്ത്
മുറത്തില്‍ നിന്ന്
തൂവിപ്പോകുന്നത്
മല്ലിയും മഞ്ഞളുമായിരിക്കും,

ഇത്ര കാലമായിട്ടും
എനിക്കൊതുക്കനാവുന്നില്ല
ഒരു പിടിത്തത്തിൽ,
ഇതൊന്നു പറയാന്‍
നിന്നു തരുന്നില്ല
ഒഴിഞ്ഞു കിട്ടുന്നുമില്ല'.

പ്രണയം

അയലില്‍
നിന്നഴിഞ്ഞു വീണ
ഒരു പുടവ
വെയിലേറ്റു

കിടക്കുകയായിരുന്നു.
അതു വഴി വന്ന
ഒരു മനസ്സ്
അകത്തു കയറി
വെയില്‍ കൊള്ളാതെ

നടന്നു പോയി,

തിരിച്ചു നടക്കാന്‍ തുടങ്ങിയാല്‍
അന്ധത പൊയി 
ഓരോന്നു കാണാന്‍ തുടങ്ങും പ്രണയം.

പൂ പിറ്റേന്ന്

പൂച്ചട്ടികള്‍
കൊണ്ടുണ്ടാക്കിയ
അവളുടെ വീട്.
ഇലകള്‍ ചേർത്തു തുന്നിയ
അവയുടെ ഉടുപ്പുകൾ,

പൂമ്പാറ്റകളുടെ
നിർത്താതെയുള്ള
പ്രേരണയകണം
അവളുടെ
മുറ്റത്തെ ചെടികളും
പൂവിട്ടു,
എന്റെ നോട്ടങ്ങള്‍
ഏറ്റേറ്റവളും
പുഷ്പിണിയായി പിറ്റേന്ന്.

കുളി

മരിച്ചു ചെന്നാല്‍
ഞാന്‍
പുഴ കാണണം
എന്നു പറയും,
പുഴമണലില്‍
അ എന്നെഴുതണം
എന്നു കരയും.
ബഹുഭാഷിയായ
ദൈവം
വെളിപ്പെട്ട്
പുഴക്കരക്കു
കൂട്ടും.

വെള്ളത്തിലിറങ്ങി
ഊളിയിട്ടു
ഞാന്‍
തിരിച്ചു പോരും.
കുളി കഴിയുന്നതും
കാത്തു
ദൈവം
കരക്കിരിക്കുന്നതു
കാണാന്‍
എന്തു രസമായിരിക്കും

ഒന്നുമില്ല

എന്തൊക്കെയുണ്ട് വിശേഷങ്ങൾ?
ഒന്നുമില്ല!

എന്നാലും?
കിണറ്റുവക്കില്‍ വളർന്ന

ചീരത്തഴപ്പിനു മറവില്‍
ഒരു പൂച്ച പതുങ്ങി പോകുന്നു.

മുറ്റത്തെത്തിയ

മുരിങ്ങ മരത്തിന്റെ
പൊടിക്കയ്യിലിരുന്നിട്ട്
ഒരു കാക്ക
എന്നെത്തന്നെ നോക്കുന്നു, 
വേറെ ഒന്നുമില്ല.

ചിരവ

അടുക്കള
വാതിലിന്ടെ
മറവില്‍ നിന്ന്
ചെവിക്കുപിടിച്ച്
ഇറക്കി
കാലിണകളില്‍
കൊണ്ടുനിറ്ത്തി
പൂ പോലുള്ള
മുഖമൊന്നു തടവും.
തല
ഉയറ്ത്തി
ഉമ്മയെ നോക്കും
തേങ്ങാമുറിയില്‍ നിന്ന്
പൂത്തൊഴിയുന്നതും
നോക്കി
നില്ക്കുകയാകും
അമ്മിയും അതിന്ടെ കുട്ടിയും

വൈവാഹികം

വാതിലിനു
പിറകിലെ
വള കിലുക്കം പോലെ
ഓറ്മ്മക്കപ്പുറത്ത്
ഒരനക്കം.

മറവിയില്‍
നിന്നും
രക്ഷപ്പെദുന്നതിന്
ഒടുത്തൊരുങ്ങി
പുറപ്പെടുകയാവണം
ആദ്യത്തെ പ്രണയം

ഉപ്പിലിട്ടത്


കടല്‍ കാണുമ്പോൾ
കരയിലിണ്ടാകും
ഉപ്പിലിട്ടതോരോന്ന്
മാങ്ങ
നെല്ലിക്ക
കൈതച്ചക്ക
കാരറ്റ്
ഏതിലും പ്രിയമൂറും
ഉമിനീരിന്
കപ്പലോടിക്കാം
വായിലപ്പോള്‍ നിറയും
ഒരു കടലെന്നവള്‍
ഭരണിയില്‍
ഉപ്പുവെള്ളം
പച്ചമുളക്
എരിവ്
ഒക്കെ കാത്തു നിൽക്കും
ഉന്തുവണ്ടിയുമായ്
കടലുമുണ്ടാകും
ഉപ്പിലിട്ടോട്ടെ
സൂര്യനെ
എന്നു ചോദിച്ചു കൊണ്ട്..