അടുത്ത വീട്

ചായക്കോപ്പയുടെ
രൂപത്തിലുണ്ടാക്കിയ
വാട്ടര്‍ ടാങ്കിനു കീഴെ
വൈകുന്നേരത്തെ
വിശ്രമത്തിലാണ്
ആളില്ലാത്ത വീട്

ഒറ്റക്കിരുന്നു
മുഷിഞ്ഞിട്ട്

കാട്ടിലേക്കു
തന്നെമടങ്ങിയാലോ
എന്നാലോചിക്കുന്ന
ഒരുമരത്തിന്‍റെ
കയ്യോ കാലോ ആയിരിക്കണം
വാതിലും ജനലും

ഒരു കൂര്‍ക്കം വലിയോ
അടക്കംപറച്ചിലോ
കേള്‍ക്കുന്നതിന്
അപ്പുറത്തെ
വീട്ടിലേക്ക്
ജനല്‍ തുറന്നിട്ടുണ്ട്
ഒരു മുറി

കുഞ്ഞിലകള്‍

കാറ്റു
പറഞ്ഞു
വാ
കുറച്ചു
പറന്നു നടക്കാം
ഞാനില്ല
ഞാന്‍
മുളച്ചു പോയി
കണ്ടില്ലേ
എന്‍റെ വേരുകള്‍
എന്‍റെ കുഞ്ഞിലകള്‍

o
oo
ooo
oooo
ooooo
000000
0000000
00000000
000000000
0000000000
55
മണികളുള്ള
അബാക്കസ് സ്ലേറ്റില്‍

എഴുതാന്‍
ആച്ചിയുടെ
ശ്രമം

പച്ചപ്പനംപട്ടയും
പാപ്പാനും
അടുത്തില്ലാത്ത
കറുപ്പില്‍
തുമ്പിക്കൈ
പൊക്കി
സലാംവെച്ചു
നില്‍ക്കനാണ്
ആയുടെ
ശ്രമം

രണ്ടാമത്തെ
അക്ഷരം
തന്നെ
തെറ്റിച്ചതിന്
ചെവി
പിടിക്കുമോയെന്ന്
വട്ടം പിടിക്കുകയാണാച്ചി

മോളുടെ
ആ വേണോ
ആന വേണോ
എന്നൊരു
വാരിക്കുഴിയിലാണ്
വീട്ടുകാരി

പുതിയ കളിക്കാരന്‍

ഒരുത്തിയെ
പിറകിലിരുത്തീട്ട്
ഒരുത്തന്‍
റോഡിന്‍റെ
ഒത്ത നടുവിലൂടെ
പറപ്പിച്ചു പോയി

ഷട്ടര്‍ പൊക്കി
ഉള്ളിച്ചാക്കും
ഉപ്പുപെട്ടിയും
പുറത്തേക്കിറക്കുന്നതിനും

തല പോയി
മുലകള്‍ സ്ഥാനക്കയറ്റം നേടിയ
ബൊമ്മകള്‍ക്ക്
ചുരിദാറു ചുറ്റുന്നതിനും

എവിടെ നിന്നെന്നില്ലാതെ
ഓട്ടോറിക്ഷകള്‍
ഓരോന്നായി വന്ന്
വരി ചേരുന്നതിനുമിടയില്‍

അങ്ങാടി
മൊത്തം
അടക്കം പറഞ്ഞു
പുതിയ കളിക്കാരനാല്ലേ..
പടച്ചോന്‍..കാത്തു..

ഉച്ചയൂണിന്
വീട്ടില്‍ പോയി
മടങ്ങുന്ന
അറബി മാഷിന്‍റെ
തോളില്‍
ജമാഅത്തെ ഇസ്ലാമിയുടെ
ജില്ലാ സമ്മേളനത്തിന്‍റെ
ഫ്ലക്സ് ബോഡിലിരുന്ന
ഒരു കാക്ക തീട്ടമിട്ടുകൊടുത്തു

കക്ക തൂറുന്നതല്ല
തൂറിക്കഴിഞ്ഞിട്ട്
അതിന്‍റെ ഒരു നോട്ടമുണ്ട്
ഉദ്ദിഷ്ട സ്ഥാനത്ത്
എത്തിയോ എന്നറിയാനായിട്ട്
എന്നൊരഭിപ്രായത്തില്‍
ഉച്ചനേരം പോയി
വൈകുന്നേരം വന്നു

കട
തുറക്കുന്നേരം
ബൈക്കു പോയതിന്‍റെ
എതിര്‍ ദിശയിലേക്ക്
അങ്ങാടി
ഉറങ്ങാന്‍ പോകുന്നേരം
ഒരാമ്പുലന്‍സ്
പോയി

അങ്ങാടി പിറ്റേന്നും
ഓരോന്ന്
അടക്കം പറഞ്ഞു

പിറകിലിരുന്ന
പെണ്‍കുട്ടിയെപ്പറ്റി
ഒന്നും പറഞ്ഞു കേള്‍ക്കുന്നില്ല
മരിച്ച വീട്ടിലായാലും
ആശുപത്രിയിലായാലും
അവളിനി ഒറ്റയാണ്

ജീപ്പ്

അവതാരിക

ജീപ്പാണ്
ഞങ്ങളുടെ
ദേശീയ മൃഗം,
അങ്ങാടി
ആശുപത്രി
ഭാര്യാവീട്
വലിയ ഖബര്‍സ്ഥാന്‍
ഏതു ഭാഗം കൊള്ളേയും
അതിന്‍റെ നാലു കാലുകള്‍
വലിഞ്ഞു നടന്നു.

പോക്ക്
വരവ്
തീറ്റ
കുടി
പ്രണയം
മംഗലം
ഭോഗം
രോഗം
പ്രസവം
മരണം
കണ്ണോക്ക്
നടത്തിപ്പ്
ഏതും അതിന്‍റെ വക.

o
ഒന്ന്

കല്ലു തട്ടി
കാലു വേദനിക്കുമോ
എന്ന്
സങ്കടപ്പെട്ടാണവളെ
ആദ്യമാദ്യം
കയറ്റിയത്,

കാലു തട്ടി
മണ്ണിനു
നോവുമോ
എന്നാലോചിച്ച്
പിന്നെപ്പിന്നെ...
o

മൂന്ന് കുട്ടികളുമായി
ബദ്ധപ്പെട്ടു
പോകുന്നവളെ
വിശദമാക്കാനാണ്
ചങ്ങാതിയുടെ ജീപ്പ്
പഴങ്കഥയുടെ
കെട്ടഴിച്ചത്

പന്ചറായ
ടയറൊട്ടിക്കാനാണ്
നിര്‍ത്താതെ
ഓടിക്കൊണ്ടിരിക്കുന്ന
അത്
ഇടക്കിങ്ങനെ
ഒന്നു നിന്നു തരാറുള്ളത്

ഇപ്പോള്‍


പൂവിന്‍റെ
നിറമായിരുന്നു
ഉടുപ്പിനും
അതിനോട് ചേര്‍ന്ന നിറം

ചുറ്റിലും
മുള്ളിന്‍റെ
നോവായിരുന്നു
ഉള്ളിലതു
ചുമക്കുന്നതിന്‍റെ മൌനവും

അനേകം
വരികള്‍ കൊണ്ട്
നിനക്ക്
വട്ടത്തിലൊരു വേലി കെട്ടി
എന്‍റെ മുറ്റത്തു
പൂത്തു നില്‍ക്കണേയെന്ന്
പ്രാര്‍ത്ഥിക്കുകയായിരുന്നു

പൂനുള്ളിപ്പോയ
ഒരു കുട്ടിയായാല്‍ മതിയെന്നു നീ
പൂവിടലുകള്‍ക്ക്
കൂട്ടിരിക്കണം
എനിക്കെന്നു ഞാന്‍

ഇപ്പൊള്‍
എന്‍റെ മോഹം
നിന്‍റെ കുഞ്ഞായി
പിറക്കണമെന്നാണ്

വൈകുന്നേരത്തെ വട


ഉച്ച
കഴിഞ്ഞാല്‍
കണ്ണാടിക്കൂട്ടിലെ
വടക്ക്
ഒരു കുഴപ്പമുണ്ട്
നടുക്കുള്ള
വട്ടത്തിലുണ്ടാകും
വടയാണെന്നൊരു
മുന്നറിയിപ്പ്

പിന്നെ
വിശപ്പിനും
മുഷിപ്പിനുമൊന്നും
അതിനെ
സഹിക്കാനാവില്ല
വൈകുന്നേരം.

ശാരീരികം എന്ന തുടര്‍ നോവലിന്‍റെ ഒരാഴ്ചത്തെ ഭാഗം


കഥ ഇതുവരെ-

ഒരു ഹൃദയം
സുഹൃത്തിന്റെ പേരുമറന്ന്
ശരീരത്തില്‍ നിന്ന്
പുറത്തു കടന്ന്
തെരുവില്‍ നടന്ന്
ആകാശവാണിയില്‍ ചെന്ന്
പത്രമാപ്പീസുകള്‍ കയറി
പടവും പരസ്യവും കൊടുത്ത്
പകല്‍ മുഴുവന്‍ അലഞ്ഞു നടന്നു

പിറ്റേന്ന്
പോസ്റ്റാഫീസുകളില്‍ അന്വേഷിച്ച്
പോലീസ് സ്റ്റേഷനുകളില്‍
പരാതി എഴുതിക്കൊടുത്ത്
കാണുന്നവരോട് പേരുചോദിച്ച്
സുഹൃത്തിന്റെ പേരതെന്ന് സംശയിച്ച്
സ്വയംപരിചയപ്പെടുത്തി
സുഹൃത്തതല്ലെന്നുറപ്പു വരുത്തി,

റയില്‍വേ സ്റ്റേഷനില്‍
റിസര്‍വേഷന്‍ ലിസ്റ്റുകള്‍
പലവട്ടം പരിശോധിച്ച് നോക്കി
കാത്തിരിപ്പ് മടുത്തിരിപ്പായപ്പോള്‍
കാഴ്ചപ്പതിപ്പുകള്‍ വാങ്ങിമറിച്ചു
വരികള്‍ക്കിടയില്‍
കടന്നുപോകുന്ന വണ്ടികള്‍വായിച്ചു
ഇറങ്ങുന്നവരേയും കയറുന്നവരേയും
കണ്ണാലുഴിഞ്ഞു
സ്ത്രീകളെ ഒളിഞ്ഞും
ഒപ്പമുള്ളവരെ തുറിച്ചും നോക്കി.

(തുടര്‍ന്ന് വായിക്കുക)
ഒരു സുഹൃത്ത്
ഹൃദയം കടന്നുകളഞ്ഞ ശരീരവുമായി
അവസാനം ആശുപത്രിയിലെത്തി,
ആളില്ലാത്ത ഒരു ഹൃദയം
പൊതിഞ്ഞു വാങ്ങി;
ഇറങ്ങിപ്പോകുന്നത് പേടിച്ച്
ശരീരത്തിലടച്ചിട്ടു.

അന്ന്
ഒരു ഹൃദയം തിരിച്ചെത്തി
ഒറ്റക്ക് 
(തുടരും)

ഗാര്‍ഹികം

മുറ്റത്ത്
വെളുത്ത
നിറത്തില്‍
കറുത്ത
പാടുള്ളൊരു
മരമുണ്ട്

ഇംഗ്ലീഷ് മരം
എന്നാണതിനെ
വീട്ടില്‍
വിളിക്കുന്നത്

അതിന്‍റെ
കൂട്ടത്തിലുള്ളതൊന്നും
ഇപ്പോഴില്ല
എന്നാണ് കേള്‍വി

അടുത്തു
ചെന്നുനിന്നാല്‍
കാണാം
ദേഹത്തു
ചൂടുകുത്തിയ
പലപല ചിത്രങ്ങള്‍

ആട്ടിന്‍കുട്ടി
ചിരട്ട കത്തിച്ചിടുന്ന
ഇസ്തിരിപ്പെട്ടി
അരിഷ്ടത്തിന്‍റെ കുപ്പി
വീട്ടിലിപ്പോള്‍
ഉപയോഗത്തിലില്ലാത്ത
പലതും
ഒരു കിളിയും

അവധിക്കു
ചെന്നപ്പോള്‍
അനിയന്‍റെ
ബൈക്കിനു
വഴികൊടുത്ത്
ഇംഗ്ലീഷ് മരം
സ്ഥലംകാലിയാക്കിയ
ഒഴിവു കണ്ടു
മുറ്റത്ത്

നഷ്ട പ്രദേശങ്ങള്‍

സ്കൂളിലേക്ക് പോകുന്ന വഴിക്ക്
ഒരിടത്തും
സ്കൂളിലേക്ക് പോയ വഴി കാണാനില്ല.

മെല്ലെ മെല്ലെയെന്ന്
പതുക്കെയാക്കീട്ടും
കണ്ണ് വളവുകളാകെ
തപ്പിപ്പോയി നോക്കീട്ടും
കണ്ടില്ല പഴയ വഴി.

വീഴുമെന്നു ഭയന്ന 
കനാലിന്‍റെ കിണര്‍വട്ടം 
വാപിളർത്തിക്കാട്ടി
കുത്തുമെന്ന് നിവര്‍ന്ന 
കൈതോലകളുടെ കുടുംബം 
കൈകൾ മലർത്തി
മറ്റു പലരേയും കണ്ടില്ല
വഴി
എങ്ങു പോയെന്ന് ചൊദിക്കാന്‍.

റോഡ് റോട്ടുമ്മലും 
അങ്ങാടി അങ്ങാടിയിലും
തന്നെയുള്ള പോലെ
സ്കൂളിലേക്കുള്ള വഴിയും
അവിടെത്തന്നെ കാണുമെന്ന്
കരുതിയതായിരുന്നു.

പകരം കണ്ടത്
1986 ജൂണ്‍ മാസത്തിലെ
രണ്ടാം തിയ്യതി
പത്തു മണി നേരം
ഒന്നാംക്ലാസ്സില്‍ പുതുതായിച്ചേര്‍ന്ന
കുട്ടിയെയും കൊണ്ട്
കരയല്ലേ എന്ന് തലോടി നില്‍ക്കുന്നത്

തൊട്ടടുത്തുണ്ട്
മഞ്ഞക്കസവുള്ള
വെള്ള സാരിയും ചുറ്റി കദീശട്ടീച്ചര്‍.

കുട്ടീ..,
സ്ഥാനങ്ങളോക്കെ സ്ഥലംവിട്ടാലും
സമയം യഥാസ്ഥാനത്തു നില്‍ക്കും

ശരിക്കും
നോക്കിയാല്‍ കാണും

ബിര്‍ളാ മന്ദിരത്തിന്‍റെ*
മുന്നിലിപ്പോഴും
തോക്കു പിന്നിലൊളിപ്പിക്കുന്ന
മറ്റൊരു
പത്തു മണി നേരം,

ജര്‍മനിയിലെ
ഒളിമ്പിയാ സ്റ്റേഡിയത്തിലുമുണ്ട്*
വെട്ടാന്‍ വരുന്നൊരു
തലയോട്
വേദമോതി
ഒരു നട്ടപ്പാതിര നേരം. 
(2006)

**
​ ഗാന്ധി വധവും 2006 ലോകകപ്പിലെ സിദാൻ മറ്റരാസി കൂട്ടിയിടിയും.

വല്ല ആവശ്യവുമുണ്ടോ?

സ്കൂള്‍ വിട്ടു വന്ന്
കയ്യും മുഖവും കഴുകി
ചോറും തിന്ന് ഒറ്റയോട്ടത്തിന്
കളിക്കാനെന്ന് വീട്ടില്‍ നിന്നോടി
പോരുന്ന വഴിക്ക്
പ്രകാശനെ തല്ലിയ അജ്മലിനെ
ഗ്രൌണ്ടിലിട്ട് ചാമ്പി
നന്നായ്യിട്ട് തിരിച്ചു കിട്ടിയ
പൂശും കൊണ്ട് വരുന്നേരം കേട്ടിട്ടുണ്ട്
അന്ന് ഉമ്മ ചോദിച്ചത്
പ്രകാശന്‍റെ അമ്മ ചോദിച്ചതും

ഹെഡ്മാഷ് സ്റ്റാന്‍റപ്പ് പറഞ്ഞപ്പോള്‍
ഇരുന്നതിനു കിട്ടിയത്
കയ്യിലേറ്റു വാങ്ങിയപ്പോള്‍
അടുത്തിരുന്നവളും ചോദിച്ചു

നിര്‍ത്താതെ പോയ ബസ്സിനു
ക്ലാസിലെ കുട്ടികള്‍
കല്ലെറിഞ്ഞതിന്‍റെ പിറ്റേന്ന്
നിന്നെയങ്ങനെ
തോന്ന്യാസത്തിനു വിട്ടാല്‍ പറ്റില്ലെന്ന്
ബൈക്കില്‍ കേറ്റി
സ്കൂളില്‍ കൊണ്ടാക്കിയ
അമ്മാവനും ചോദിച്ചിട്ടുണ്ട്

അഭിനവിനെ തല്ലാന്‍ വന്ന
അനുപമയുടെ വീട്ടുകാര്‍
നെറും തലയില്‍ കെട്ടിവച്ചത് കണ്ടിട്ട്
ശ്യാമള ടീച്ചറും ചോദിച്ചു

സെക്കന്‍റ്‌ഷോ വിട്ടു വരുന്നേരം
മിഠായിത്തെരുവില്‍ തടഞ്ഞു നിര്‍ത്തി
നിങ്ങള്‍ വൈകുന്നേരത്തെ സമരത്തിനു വന്നതല്ലേ
എന്നു കുരച്ച ആപ്പീസര്‍ക്ക്
കീശയിലെ
ഐഡെന്‍റിറ്റി കാര്‍ഡ് കാട്ടി
തടി രക്ഷപ്പെടുത്തുമ്പോള്‍
പരിചയക്കരന്‍ പോലീസും ചോദിച്ചിട്ടുണ്ട്
ഏതാണ്ടിതേ വാക്യം

ഈയടുത്ത് ഇന്‍ബോക്സിലെ
sms മെസ്സേജുകള്‍
വായിച്ചുള്ള കൂട്ടച്ചിരിയില്‍ ചേരാതെ
ഹരോള്‍ഡ്പിന്‍ററുടെ
അമേരിക്കയെ പറ്റിയുള്ള
കവിത എടുത്തിട്ടു വഴിതെറ്റിച്ചതിന്
സംഭാഷണ വിദഗ്ധരായ
സഹജീവനക്കാര്‍ കോപിച്ചിട്ടുണ്ട്
ഇതേ ചോദ്യം കൊണ്ട്

അയലത്തെ ഹാജ്യാരുടെ പശു
വളപ്പില്‍ കയറി നിരങ്ങിയാല്‍
കുറ്റം ഞങ്ങള്‍ വേലി കെട്ടാത്തത്
വീട്ടിലെ കറമ്പി
അവിടത്തെ തൈ കടിച്ചാല്‍
തെറ്റ് ഞങ്ങള്‍ പശുവിനെ കെട്ടാത്തത്
എന്നായപ്പോള്‍ അനിയനുണ്ടാക്കിയ
വഴക്കു കഴിഞ്ഞതിന്‍റെ പിറ്റേന്ന്
പള്ളിയില്‍ വച്ചു കണ്ടപ്പോള്‍ ഇമാമും
കുശലം പോലെ ചോദിച്ചിട്ടുണ്ട്

നീ ചോദിക്കെന്ന് എല്ലാവരും
പിന്തിരിഞ്ഞ ദിവസം
ചോദ്യവുമായി എഴുന്നേറ്റ് നിന്നു
പണ്ടേ കുപിതനായ പ്രൊഫസറെ
വെള്ളം കുടിപ്പിച്ച
ചങ്ങാതിയോട്
ഞാനും ചോദിച്ചു പോയിട്ടുണ്ട്

ജനറല്‍ മാനേജരുടെ വിരട്ടലിനു
ചുട്ട മറുവെടി വെച്ച
പിരിച്ചുവിടപ്പെട്ട വാച്ച് മാനോട്
പ്ലാച്ചിമടയില്‍
സമരത്തിനു പോയ ചങ്ങാതിയോട്
ബുഷിന്‍റെ കോലം കത്തിച്ച പരിചയക്കാരോട്
ഞാനുമിയ്യിടെ
ഈ ചോദ്യം തുടങ്ങിയിരുന്നു

അന്നൊന്നും
തിരിച്ചു പറയാതിരുന്ന
തിരിച്ചു കിട്ടാതിരുന്ന
ഉത്തരം
കഴിഞ്ഞ വര്‍ഷത്തെ
അവസാന ദിവസത്തിന്‍റെ
തലേന്ന് കിട്ടി
ഇന്ത്യന്‍ സമയം 8.3oന്.

പായില്‍ കിടന്ന്
ചാവാതിരിക്കാന്‍

മരണം തൂക്കു കയറുമായി വന്നാലും
തൊണ്ട വരണ്ട്
നാവനങ്ങാത്ത നേരത്തും
ജീവിതത്തെ ആവിഷ്കരിക്കാന്‍
ആവശ്യമുണ്ട് വല്ലതും