ഇമ


ഈ ലോല ചര്‍മ്മങ്ങള്‍
തമ്മിലൊന്നു തൊട്ടാല്‍ മതി
സൂര്യന്‍ കെട്ടു പോകും

ഏതു നേരവും
നിസ്സാരമായി തുറക്കുന്നവ
ഒരിക്കലെന്നേക്കുമടയുമെന്ന
സൂചന തരുന്നതിനോ മുഖം
കണ്ണുകളെ
ഈ ചെപ്പില്‍ ഉപ്പു നീരിട്ടു വച്ചത്.

ഫുഡ് കോര്‍ട്ട്


ഇത്രയധികം പച്ചിലകള്‍
ആളുകള്‍ തിന്നു തുടങ്ങിയാല്‍ പിന്നെ
ആടുകളുടെ കാര്യമെന്താകും

കൃശഗാത്രനായ
ഈ ആഫ്രിക്കക്കാരന്‍
എന്തിനാണിങ്ങനെ
ഭക്ഷണത്തോട് പൊരുതുന്നത്

അയാളുടെ
വിശക്കുന്ന രാജ്യത്തിനു മുഴുവന്‍
വേണ്ടിയാകുമോ ഈ പോരാട്ടം
ഇത്ര തിന്നിട്ടും
അയാളിങ്ങനെ മെലിഞ്ഞിരിക്കുന്നതിനും
കാരണമതാകുമോ
?

മരണചക്രം

അറുത്തെടുത്ത എന്റെ ശിരസ്സ്
നിനക്ക്
കൊറിയറില്‍ അയക്കും
നിന്റേത്
മറ്റാര്‍ക്കെങ്കിലും

വിരുന്ന്
പട്ടു മെത്ത നിവര്‍ത്തിയ
മുറികളില്‍
ഭയത്തെ കൊണ്ട്
ശവപ്പുടവ വിരിപ്പിക്കും

മാന്ത്രിക വിളക്കുകളും
പറക്കുന്ന പരവതാനികളും
കട്ടെടുത്ത്
കഥകളില്‍ പകരം വെക്കും
പടക്കോപ്പുകളും
ബ്ലാക്ക് ബറി ഫോണുകളും

തോളില്‍ കയ്യിട്ട
സൌഹാര്‍ദ്ദങ്ങളെ
തട്ടിമാറ്റും
ഇളം പ്രായത്തിന്റെ മിനുപ്പും
തുടിപ്പുമുള്ള
തോക്കിന്‍ കൈകള്‍

മരിച്ചവരുടെ
ആത്മാക്കള്‍ക്കുള്ള
മെഴുകുതിരികളൂതിക്കെടുത്തി
കോപാഗ്നിയെക്കൂട്ടി
വീടുകള്‍ക്ക് തീകൊടുക്കും

വാക്കുകളേയും
സംഭാഷണങ്ങളേയും
തിരിച്ചു വിളിച്ച നിശ്ശബ്ദതയില്‍
നിലവിളികളും
വെടിയൊച്ചകളും
നയതന്ത്രപദമേല്‍ക്കും

ഭാഷയെത്തന്നെ
മാറ്റിക്കളയുമെന്നിട്ട്
അര്‍ത്ഥങ്ങള്‍
വിപര്യയങ്ങള്‍
പര്യായങ്ങളൊക്കെ തെറ്റും
സാധുവിന്റെ
പര്യായമല്ലാതാകും സന്യാസി
ഹിന്ദുവിന്റെ
വിപരീതമാകും മുസ്ലിം

കാലചക്രം പോലെയല്ല
കറങ്ങുക
കറങ്ങുന്നുണ്ടെന്ന് തന്നെ തോന്നുകയില്ല
നമുക്കിടയിലെ
ദൂരവും വേഗവും
*അനക്കങ്ങളെയാണ് ആദ്യം ഇല്ലാതാക്കുക.

*അനക്കം എന്ന വാക്കിനു ഞങ്ങളുടെ ഗ്രാമനിഘണ്ടുവില്‍ ചലനമെന്നും സംസാരമെന്നും അര്‍ത്ഥങ്ങള്‍.

ഗര്‍ഭം


ആണുങ്ങളും
ഒരു ദിവസം പെറ്റുകൂടായ്കയില്ല
വയറ്റിലുള്ളവളെ
അതുകൊണ്ടാണ് ഗര്‍ഭിണി
എന്നു വിളിക്കുന്നത്

ഗര്‍ഭി
അവിടെ എടുത്തു വച്ചിട്ടുണ്ട്
നിനക്ക്
കേട്ടോടാ ക്രൂരാ...

സ്വപ്ന വാങ്മൂലം


സ്വപ്‌നങ്ങളുടെ ജീവിതം
അവയെ കണ്ടവരുടെ
ജീവിതത്തിലുമെത്രയോ ദുസ്സഹം

ആരെ കാണിക്കണമെന്നു
തെരഞ്ഞെടുക്കുന്ന നാള്‍ തൊട്ട്‌
തീരുമാനിക്കപ്പെടുന്നു
ഓരോ സ്വപ്‌നത്തിന്റെയും ഭാവി

മോഹനിദ്ര വിട്ടുണര്‍ന്നെങ്കിലും
വെറും സ്വപ്‌നങ്ങള്‍ മാത്രമായിത്തുടരുന്ന
എത്ര സ്വപ്‌നങ്ങളുണ്ട്‌!
ഭൂരിപക്ഷം വരുന്ന അവയുടെ
നിജസ്ഥിതി മറച്ചുവെച്ചാണു നിങ്ങള്‍
സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങള്‍ എന്നു
കവിതയെഴുതുന്നതും
വിപ്ലവം പറയുന്നതും
പ്രസംഗിക്കുന്നതും

ദുസ്വപ്‌നങ്ങള്‍ എന്നു മുദ്രയടിക്കപ്പെട്ട
ഹീനജാതികളുടെ കാര്യം വിട്‌
കുറച്ചെങ്കിലും ഭേദം
അവയുടെ ജീവിതം തന്നെ
പേടിപ്പെടുത്തി
രക്ഷപ്പെടുകയെങ്കിലുമാവാമവക്ക്‌

തന്നെ ആദ്യം കണ്ടയാളുടെ
ജീവിതത്തിനു
മിന്നുകെട്ടുക എന്നതു തന്നെ
സ്വപ്‌നങ്ങളുടെയും പതിവ്
അങ്ങനെ വരിച്ചവര്‍ക്കൊപ്പം
ജീവിതം നിത്യസങ്കടം എന്നു വീര്‍പ്പുമുട്ടുന്ന
എത്ര ഹതഭാഗ്യര്‍!.
പ്രത്യുല്‍പ്പാദന ശേഷിയില്ലാത്ത
പുരുഷന്മാര്‍ക്കൊപ്പം
ജീവിതം പാഴാക്കുന്ന
പെണ്ണുങ്ങളെ പോലെ
എല്ലാം സഹിച്ചും ത്യജിച്ചും
കഴിയുന്ന സല്‍സ്വഭാവികള്‍ തന്നെ
സ്വപ്‌നങ്ങളിലും ഉത്തമര്‍

എന്നാലുമുണ്ട്‌ കൂട്ടത്തില്‍
തന്നെ വച്ചുകൊണ്ടിരിക്കുന്നവരെ കബളിപ്പിച്ച്‌
മറ്റുള്ളവര്‍ക്കൊപ്പം പോകുന്നവ,
എത്ര സഫലം എന്നു കേളിമികച്ച
എത്രയോ സ്വപ്‌നങ്ങള്‍
ഇങ്ങനെ കണ്ണുവെട്ടിച്ച്‌ കടന്നവയാണ്‌

ഒരേ കിടപ്പറയില്‍
നിറവേറാത്തതും
നീട്ടിവെക്കപ്പെട്ടതും
സാക്ഷാല്‍ക്കാരങ്ങളെ
പ്രാപിക്കാനാവാത്തതും ജീവിതം

പുലരാതെ മടുത്ത സ്വപ്‌നങ്ങള്‍
കൂട്ടത്തോടെ സ്വപ്‌നം കാണുന്നുണ്ട്‌
കൂട്ടിപ്പോകുന്ന ഒരിടയന്റെ വരവ്‌

അതു സംഭവിക്കാന്‍ വൈകുംതോറും
മിക്ക സ്വപ്‌നങ്ങളുമിപ്പോള്‍ കൊതിക്കുന്നത്‌
ഭീതിയായോ വൈരമായോ
ആകുലതകളായോ ഒരു പുനര്‍ജന്മം

എളുപ്പത്തിലും വേഗത്തിലും സഫലമാകുന്ന
ജീവിതമാണ്‌
തല്‍ക്കാലം അഭികാമ്യമായത്‌.
000

ഒറ്റ വരിയില്‍ ഒരുകവിതയായ(കുഴൂര്‍ വിത്സണ്‍ പറയുന്നത്)
സ്വപ്ന വാങ്മൂലം എന്ന ശീര്‍ഷകത്തിനു
കവി റഫീക്ക് അഹമ്മദിനോട് കടപ്പാട്,
മാറ്റി എഴുതിയ സ്വപ്ന വാങ്മൂലം പുനപ്രകാശിപ്പിക്കുന്നു.

501

അലുത്തു പോയ
വിരലുകളുടെ
ഒരു പ്രാര്‍ത്ഥനാ യോഗമുണ്ട്
അലക്കൊഴിഞ്ഞ നേരത്ത്

പരസ്പരം തിരുമ്മിയും
കെട്ടുപൊട്ടിച്ചുമാണത് പിരിയുക

ഓര്‍ത്തെടുക്കാനാവില്ലിനി
കൈകള്‍ക്കൊന്നും
വെള്ളം തൊട്ടിട്ടും
ഉണര്‍വ്വൊന്നുമുണ്ടായില്ല

അഞ്ഞൂറ്റൊന്നിന്റെ മണം
മൂക്കുകള്‍ക്കിനി പിടിക്കാനാവില്ല
സുഗന്ധ സോപ്പിട്ട് തന്നെ
കുളിപ്പിക്കാം

പ്രത്യേകിച്ച്
ഒന്നുമുണ്ടായിരുന്നില്ല

കഴിഞ്ഞ ആഴ്ച
കാലൊന്നു പടം മറഞ്ഞിരുന്നു
മുറ്റത്തെ നിരപ്പില്‍
ഇല്ലാത്ത ചവിട്ടുപടി ഇറങ്ങിയതായിരുന്നു

പിന്നാമ്പുറത്തെ
അലക്കു കല്ലിന്റെ പൊത്തില്‍ നിന്ന്
ഒരു തേളു കുത്തുകയുമുണ്ടായി ഇന്നലെ
സോപ്പു കഷണം വച്ചിട്ടുണ്ടെന്ന് പറഞ്ഞ്
അതില്‍ കയ്യിട്ടതായിരുന്നു

വേറെ പ്രത്യേകിച്ച്
ഒന്നും, ഉണ്ടായിരുന്നില്ല

ഉണങ്ങിപ്പോയ വിരലുകളുടെ
വേറെ ഒരു പ്രാര്‍ത്ഥനാ യോഗമുണ്ട്
അഴുക്കൊഴിഞ്ഞ ദേഹത്ത്

ഭൂതകാലത്തിന്റെ
കടച്ചിലുകളൊന്നുമറിയാതെ വിശ്രമിച്ചു കൊണ്ട്.

അന്തരം(ഗം)


തലയിണയോ
തലയണയോ
?
അവള്‍ വരുന്നതു വരെ ഇണ,
വന്നതിൽ പിന്നെ അണ.

അറ്റം


നിശ്ശബ്ദത
എത്ര നീളം പോകുമെന്ന്
വീക്ഷിക്കുകയാണ്
അതിനു തുടക്കമിട്ട ഈ അറ്റം

നേരെ വരുന്ന
ശബ്ദങ്ങളുടെ അകമ്പടിയില്ലാത്ത
എതിര്‍പ്പില്‍ നിന്ന്
അകന്നകന്ന് പോകുകയാണ്
മറ്റേ അറ്റം

ഒരു ഭാരവുമില്ലാത്ത
ഒന്നിനെ
ചുമന്നു തളരുന്നൂ
രണ്ടറ്റങ്ങളില്‍
കാത്തു നില്‍ക്കുന്നവര്‍

ഏതു പെരുക്കവും
എത്രയോ കനം കുറഞ്ഞതാകുന്നു
മാന്ദ്യത്തിന്‍റെ
അളവു തൂക്കങ്ങളിലെന്ന്
മാന്ദ്യം ബാധിച്ച
ഇണക്കത്തിനു
കൈവരുന്ന നവോന്മേഷമാണ്
ഓരോ പിണക്കവുമെന്ന്
കണക്കു കൂട്ടല്‍ രണ്ടറ്റത്തും.

കക്കൂസ്


വൃത്തിയാക്കി വച്ചാല്‍
വെട്ടിത്തിളങ്ങുന്ന ഈ കൊട്ടത്തളത്തെ
മനസ്സിനോട് ഉപമിക്കാവുന്നതേയുള്ളൂ
എത്ര നിറച്ചോഴിച്ചാലും
ജലം
ഒരേ നിരപ്പില്‍ തുടരുന്നതിനാലും
ഛേ തീട്ടമെന്ന് മൂക്ക് പൊത്തുന്നവയെ
അകത്ത് അടക്കി വെക്കുന്നതിനാലും

പഴമ
ചിത്രപ്പണി ചെയ്ത
ഈ കുടുസ്സു മുറിയുടെ ചുമരുകള്‍ക്കുമുണ്ട്
മനസ്സിനോട്
മുറിച്ചാല്‍ മുറിയാത്ത ചേര്‍ച്ച

അഴിഞ്ഞ മുടിക്കെട്ടും
നീണ്ട മൂക്കുമുള്ള സ്ത്രീ രൂപം
സ്തനങ്ങളുടെ ഉയര്‍ച്ച കഴിഞ്ഞ്
നോക്ക്
ഒരു പുഴ പോലെ നിരങ്ങി
ചുഴി പൊലെ കുത്തി
മലഞ്ചെരിവു പോലെ ഇറങ്ങി
കണ്ണാടി തറച്ചിരുന്ന
ആണികള്‍ക്കപ്പുറം കടവ്

തൊട്ടപ്പുറത്ത്
കിടക്കുന്നതിനെ
അഴിച്ചു വച്ച പോലീസ് തൊപ്പിയാക്കാം
വാ പിളര്‍ന്നു നില്‍ക്കുന്ന
വേട്ട നായാക്കാം
ഈ മുറിയില്‍ പക്ഷെ നല്ലത്
എതിര്‍ ലിംഗങ്ങളെ
പിടിക്കുന്ന രൂപകങ്ങളാണ്

അത്
കുളി കഴിഞ്ഞു പോയവളുടെ
മുടികുടുക്കി ആവട്ടെ അപ്പോൾ.

അനേകാഗ്രത


മാംസവും രക്തവുമുള്ള
മനുഷ്യ ബന്ധങ്ങളൊക്കെയും
നമ്പറുകളായി മാറുന്നല്ലോ
എന്നൊരാധിയിലകപ്പെട്ട ദിവസം

അക്കമിട്ട തടവുകാരന്
കുടുസ്സു മുറിയിലേക്കിറ്റുന്ന
വെളിച്ചത്തിനോടെന്ന പോലെ
അവന്
ദൈവത്തോട് കമ്പം തോന്നി

ജയിലെന്നാല്‍
അത്യാവശ്യമായതിലും കുറഞ്ഞ സ്ഥലവും
ആവശ്യമായതിലുമേറെ സമയവും മാത്രമല്ല
പേരിനു പകരം കുത്തിയ അക്കവുമാണെന്ന്
അവന്‍ അപ്പോള്‍ ബോധവാനായി

പരമോന്നത നീതി പീഠവും
ന്യായാധിപനുമായ
ദൈവത്തോട് കുറച്ചധികം സംസാരിക്കണം
എന്നൊരു ഉള്‍വിളി വന്നതങ്ങനെയാണ്

ദൈവത്തോട്
സംസാരിച്ചിരിക്കുന്നതിനിടെ
അവന്റെ കൈഫോണ്‍
അരികെ പതുങ്ങി നിന്ന ആരോ
കൈക്കലാക്കിയിരുന്നു

പ്രാര്‍ത്ഥിക്കുന്നവനേക്കാള്‍
എത്രയോ കൂടിയ ഏകാഗ്രത വേണം
മോഷ്ടിക്കുന്നവന് എപ്പോഴും

പ്രാര്‍ത്ഥനകള്‍
ആഗ്രഹിച്ചതൊന്നും കവര്‍ന്നെടുക്കാനാവാത്ത
പാഴ് ശ്രമങ്ങളായി തുടരുമ്പോള്‍
മോഷണം എത്ര ഫലവത്താണ് മിക്കപ്പോഴും

നിലവിലില്ലാത്ത ഫോണിലേക്ക്
എന്നെ വിളിക്കേണ്ട നേരമായെന്ന
പ്രണയിനിയുടെ
പാഴ്വിളി പോലെയാകും
ചില നേരം പ്രാര്‍ത്ഥനകള്‍

കടം വാങ്ങിയവനെ വിളിച്ച പോലെ
പരിധിക്ക് പുറത്തോ
സ്വിച്ച്ഡ് ഓഫ്ഫോ ആവും
മിക്കവാറും ദൈവ സന്നിധി

രോഗികള്‍ക്ക് മരുന്നു കൊടുക്കുന്ന
അതേ കൃത്യതയില്‍
അവളെഴുതിയ
കുഞ്ഞു കുഞ്ഞു പ്രേമക്കുറികളാല്‍
ദിവസവും രണ്ടു നേരം
ശുശ്രൂഷ ചെയ്യപ്പെട്ട അവന്‍
അഞ്ചു നേരമുള്ള
ദൈവത്തിന്റെ വിളി
അറിഞ്ഞിരുന്നു പോലുമില്ല അതു കൊണ്ട്.
00

ഇത് കവിതയല്ല. ഇതിലെ അവന്‍ മറ്റൊരാളുമല്ല. പോയ്പ്പോയത് സ്വന്തം ഫോണ്‍ തന്നെയാണ്. എന്റെ പ്രിയപ്പെട്ട ഫോണ്‍ നോക്കിയ 5310 എക്സ്പ്രസ്സ് മ്യൂസിക്ക്. കഴിഞ്ഞ ജനുവരിയില്‍ 850 ദിര്‍ഹമിനു വാങ്ങിയത്. ദേരയിലെ ഗ്ലാസ്സ് മസ്ജിദില്‍, തൊട്ടപ്പുറം പ്രാര്‍ത്ഥിക്കാനെന്ന പോലെ നിന്നിരുന്ന ആരോ ഒരാള്‍ അതും കൊണ്ട് കടന്നു കളയുകയായിരുന്നു. വിചാരിക്കുമ്പോള്‍ കരച്ചില്‍ വരുന്നത് സൌഹൃദങ്ങളുടേയും സഹവാസങ്ങളുടേയും അക്കബന്ധങ്ങളൊക്കെ കൈവിട്ടു പോയതോര്‍ക്കുമ്പോഴാണ്. വീണ്ടെടുപ്പില്ലാത്തവയുമുണ്ട് ആ കൂട്ടത്തില്‍. എന്നേക്കുമായി കൈവിട്ട ചങ്ങാത്തങ്ങള്‍. കാത്തു വച്ച ചെറു ലിഖിതങ്ങള്‍ കുറെ. കേട്ടാല്‍ കൊതി തീരാത്ത പ്രിയ ഗാനങ്ങള്‍ വേറെ. നടപ്പുകളുടേയും ദുര്‍നടപ്പുകളുടേയും അവശിഷ്ടങ്ങളായുള്ള സൂക്ഷിപ്പുകള്‍ ഏറെ.
നഷ്ടങ്ങളുടെ നഷ്ടം വിവാഹ നിശ്ചയത്തിനും വിവാഹത്തിനുമിടയിലുള്ള കുറഞ്ഞ ദിനങ്ങളുടെ, ഹൃസ്വതയുടെ ദൈര്‍ഘ്യം വെട്ടിക്കുറക്കാന്‍ എന്റെ പ്രണയിനി എഴുതിയ കുഞ്ഞു കുഞ്ഞു ലിഖിതങ്ങളുടെ നഷ്ടമാണ്. പ്രണയക്കടുപ്പത്തില്‍ ആയിരുന്നു ഞങ്ങളപ്പോള്‍. പരസ്പരം കൂട്ടിയിടിച്ച് തകരാനുള്ള വെമ്പലോടെ ഭ്രമണ പഥങ്ങളില്‍ നിന്ന് പിണങ്ങിയ രണ്ടു ഗ്രഹങ്ങളുടെ വേഗവും പിണ്ഠവുമാകുമല്ലോ അക്കാലം ഏതു പ്രണയികള്‍ക്കും. ഈ വിരഹത്തിലാവട്ടെ അവളുടെ നേരം കൂട്ടിയുള്ള സ്നേഹ ശുശ്രൂഷകള്‍ എനിക്കായി സ്വീകരിച്ചിരുന്നതും ആ ഫോണായിരുന്നു. imei കോഡ് ഉപയോഗിച്ച് ആ ഫോണിനു പിന്നാലെ പോകാമെന്ന് കേള്‍ക്കുന്നു. 358976018271477 ആണ് ആ നമ്പറ്. അതിനൊന്നും നില്‍ക്കണ്ട, നിനക്കേതായാലും പോയി, അതെടുത്തവനെങ്കിലും ഉപകാരത്തിനെത്തിക്കോട്ടെ എന്ന് പറയുന്നു ഉള്ളിലെ മാന്യന്‍. അപ്പോഴും ചില ജീവിത രംഗങ്ങള്‍ ഓര്‍മ്മയിലെത്തുമ്പോള്‍ അവിടെ സന്നിഹിതരും അതോടെ എനിക്ക് സുഹൃത്തുക്കളുമായി മാറിയ ചില മുഖങ്ങളെ ഇനി തിരിച്ചു പിടിക്കാന്‍ ഒരു വഴിയുമില്ലെന്ന ദുഖം മനസ്സില്‍ മൂടിക്കെട്ടി പെയ്യാതെ നില്‍ക്കുന്നു. അവരുടെ അസാന്നിധ്യം പകരുന്ന വേദന... ജീവിതത്തിന്റെ ഒരടര് ഡിലീറ്റ് ചെയ്യപ്പെട്ട പോലെ...

നീ വല്ലതും അറിയുമോ


നീയെന്തെങ്കിലും അറിയുമോ
ഞാനൊന്നുമറിയുന്നില്ല
അതു കൊണ്ടാണ് ചോദിക്കുന്നത്
നീ വല്ലതും അറിയുമോ
അല്ല എല്ലാം എന്നോടും ഒളിക്കുകയാണോ

അന്നും
മരിക്കാനെനിക്ക് ഭയമായിരുന്നു
ഇന്നുമതേ ഭയമാണ്

തക്കാളിക്കു വിലകുറഞ്ഞതിനെ പറ്റി
കേട്ടു കൊണ്ടു നില്‍ക്കേ
പച്ചക്കറി വില്‍പ്പനക്കാരനൊപ്പം

ചോന്ന മുളകിനു
ഡിമാന്‍റ് കൂടിയതിന്
അവിശ്വാസത്തില്‍ പെട്ട
പ്രധാന മന്ത്രി
ടണ്‍ കണക്കിനു മുളകു കത്തിച്ച്
പൂജ ചെയ്തതാ കാരണം

പഞ്ചാരയുടെ വില
പിടിച്ചു നിര്‍ത്തുന്നത് രാഷ്ട്രപതിയാ
കരിമ്പിന്‍ പാടങ്ങളും ഫാക്റ്ററികളും
അവര്‍ക്കുള്ളതല്ലേന്ന്
വിവരം വച്ചു വരുമ്പോള്‍
പലചരക്കു കടയിലെ
വന്‍ ചാക്കുകള്‍ക്കിടയില്‍

ചിന്ന ഭിന്നമായി
തീപ്പെട്ട്

വീട്ടില്‍ കിടന്ന്
മരണത്തിലെങ്കിലും
സ്വസ്ഥത വേണമെന്നെനിക്കുണ്ട്

അതു കൊണ്ടാണ്
വീണ്ടും വീണ്ടും ചോദിക്കുന്നത്
നീ വല്ലതും അറിയുമോ..

സൈനബ


സൂപ്പര്‍ മാര്‍ക്കറ്റിന്റെ
പാതി തുറന്നിട്ട വാതില്‍ പോളയില്‍
കണ്‍പോളകളടച്ചു കിടക്കുന്ന
ഒരു പൂച്ചക്കുട്ടി മാത്രമായിരുന്നു സൈനബ
ലോകത്തെ മറ്റെല്ലാ പൂച്ചകളെയും പോലെ
അസമയങ്ങളില്‍
കയറിയിറങ്ങുകയും
അവസരങ്ങളില്‍
കണ്ണടച്ചുറങ്ങുകയും ചെയ്യുമായിരുന്നു അത്.

അറബിക്കുട്ടികള്‍ അതിനെ കണ്ട്
ഉമ്മമാരുടെ അബായകളില്‍ പറ്റിപ്പിടിക്കും
അലിവോടെ അവരുടെ നേരെ നോക്കും
കാലിലോ വിരലിലോ നക്കിയെന്നും വരും
ആരോ വളര്‍ത്തുന്നതിന്റെ സ്വാതന്ത്ര്യത്തിലുള്ള
അതിന്റെ ചുറ്റിക്കറക്കങ്ങള്‍
പലപ്പോഴും അവഗണിക്കപ്പെടും
അതിന്‍റെ കണ്ണുകളില്‍
കണ്ടില്ല
അന്വേഷണത്തിന്റെ വഴിരേഖകളൊന്നും.

ദുരൈ എന്ന തമിഴനെത്തിയാല്‍
സൂചികള്‍ പോലെ അതിന്‍റെ രോമങ്ങള്‍ എഴുന്നു നില്‍ക്കും
സൈനബ എന്ന അവന്‍റെ വിളിയില്‍ കണ്ണു തുറക്കും
പൂച്ചയില്‍ അങ്ങനെയൊരു പേരിനും
അവനില്‍ അങ്ങനെയൊരു വിളിക്കും
എന്ത് സാധ്യതയെന്നു
ഞങ്ങള്‍ വഴിപോക്കരില്‍ ചിലര്‍
വെറുതെ ചിരിക്കുമായിരുന്നു.

അപ്പോഴും അവര്‍ ഏറെക്കാലം കഴിഞ്ഞു കണ്ട
രണ്ടു കൂട്ടുകാരെ പോലെ തിമര്‍ക്കുകയാവും
ചിലപ്പോള്‍ കണ്ണില്‍ കണ്ണില്‍ നോക്കി
ഒരേ ഇരിപ്പിരിക്കും
പൂപ്പാടങ്ങളില്‍ പകല്‍ വീഴുന്ന പോലെ
അവനില്‍ വെളിച്ചം പരക്കുന്നതും കാണണമന്നേരം
പൂച്ചയേക്കാള്‍ അതിന്‍റെ പേരിനെ ഉപാസിക്കുന്നതു പോലെ
അവന്‍ അതുച്ചരിക്കുന്നതും കാണാം

നഖങ്ങള്‍ ഉള്ളിലേക്ക് വലിച്ച്
മൃദുവാക്കിയ കൈകള്‍ കൊണ്ട് അതവനെ തൊടും
അവന്‍ സൂര്യയോ വിക്രമോ ആയ പോലെ നടിക്കും
അതു സിമ്രാനെ പോലെ പൂച്ചക്കുട്ടി അല്ലാതാകാന്‍ നോക്കും
ഉച്ച തുടങ്ങുമ്പോഴത്തെ ചൂടുള്ള കാറ്റ് വരും അപ്പോള്‍
അവര്‍ പൂക്കാറ്റില്‍ എന്ന പോലെ ഉലയും

ഇരുട്ടിയാല്‍ മാത്രം
സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്
വിരുന്നു പോലെ വരുന്നൊരു പെണ്‍കുട്ടിയുണ്ട്
പൂച്ച വാതില്‍ക്കലുണ്ടൊ എന്ന്
നിര്‍ത്തി നിര്‍ത്തി
ഒരോട്ടത്തിന് അവള്‍ അകത്തെത്തും
പിന്നെ ചില്ലു വീണുടയുന്ന പോലെ ചിരിക്കും
തന്നെ കാണാന്‍ കാത്തിരുന്നവര്‍ക്കുള്ള സമ്മാനം എന്ന പോലെ

തമിഴന്‍ മാത്രം അവളെ നോക്കുകയേയില്ല
അവന് അവളെന്നേ തന്‍റെ സൈനബ എന്ന പൂച്ചക്കുട്ടിയാണ്

അവളുടെ ഓര്‍മ്മക്ക്‌



മഴ പെയ്യേണ്ടതായിരുന്ന
ഒരു ദിവസം
പൂര്‍ണ്ണ ഗര്‍ഭിണിയായ
ഒരാകാശം
ഞങ്ങളുടെ അടുത്തുള്ള
എല്‍.പി സ്‌കൂളിന്റെ
മുറ്റത്തേക്ക്‌
തുറിച്ചുനോക്കി നിന്നു

ഇന്റര്‍വെല്ലിനു ശേഷം
പെട്ടെന്ന്‌ കാണാതായ
ഒരു കുട്ടിയുടെ
നിബ്ബ്‌
ഡബ്ബര്‍
ചിത്രങ്ങളൊട്ടിച്ച
ബൗണ്ട്‌ പേപ്പറുകള്‍
ക്രയോണ്‍ പെട്ടി
എല്ലാം
കുഞ്ഞുങ്ങളുടെ പാര്‍ക്ക്‌ പോലെ
കാണുന്നവര്‍ക്ക്‌ കൗതുകമായി

പിന്നെ കണ്ട
അഴിച്ചുവച്ച
രണ്ടു ചെരിപ്പുകള്‍
അവരുടെയൊക്കെ
മുഖത്ത്‌
കനത്തില്‍ പതിഞ്ഞുകൊണ്ടിരുന്നു.

ദാഹം
ശ്വാസം മുട്ടിച്ച
ഒരു കുട്ടിയുടെ
കരച്ചില്‍ പോലെ
ഒരു മഴ പെയ്യുകയുണ്ടായി.

ഉച്ച


മീതെ വിരിച്ചിട്ട
വെയിലിന്റെ
പൊളിത്തീന്‍ ഷീറ്റിനു ചുവട്ടില്‍
ആകാശത്തേക്കുള്ള
ആസക്തി
അടക്കിനിര്‍ത്താനാവാതെ
തുളുമ്പുന്ന കടല്‍.

അതിന്റെ
വിയര്‍പ്പ്‌ പുരണ്ടിട്ടാണോ
ഉച്ചക്കാറ്റിന്‌ ഈ ഉപ്പുരസം.

ഇതാണെന്‍റെ സജ്ന


ഇതാണെന്‍റെ സജ്ന...
സ്വപ്നങ്ങളെ ജാഗ്രത്തും
ജാഗ്രത്തുകളെ സ്വപ്നങ്ങളുമാക്കും
ഞങ്ങളന്യോന്യമെന്ന് പുതിയ സ്വപ്നം.
വിഷാദത്തിന്‍റെ നെറുകയില്‍
ഒരു പൂവിരിയിക്കനായാല്‍ തന്നെ മഹാഭാഗ്യം.

-കണ്ണീര്‍പ്പാ‍ടം വായിക്കുന്നൂ ഉമ്പാച്ചിയിപ്പോൾ.

മാറ്റം


മാറ്റണം
എന്ന വിചാരം വന്നതു മുതല്‍
കാറിനു
പഴക്കം വന്നു
കറക്കം കുറവ് ടയറുകള്‍ക്ക്
മുഖത്തു നിന്നഴിഞ്ഞു ഓമനത്തം
തിരക്ക്
വരിയൊപ്പിച്ചു നിര്‍ത്തിയ
സമശീര്‍ഷര്‍ക്കിടയില്‍
പാവമായി
പാവം

നിനക്കിനി
അധികം ആയുസ്സില്ലെന്ന്
ചുരുങ്ങി വന്നു
മുമ്പുണ്ടായിരുന്ന
രാഗദ്വേഷങ്ങളൊക്കെയും

കയറ്റി നിര്‍ത്താനുള്ള ഇടം നോക്കി
അലയുന്നേരം
ഒഴിവുകളൊക്കെയും
അതിനെ
അകറ്റാന്‍ തുടങ്ങി

ഉപേക്ഷിക്കപ്പെടും
എന്ന ഉറപ്പിലായാലും
ഉപയോഗിക്കപ്പെടുന്ന സമയത്തെ
സഹിക്കുന്ന
ഒരു ജീവിതം അതിനിപ്പോള്‍

അവളെ മാറ്റണം
എന്ന് പറയാറുള്ളവനും
അവള്‍ക്കും
ഇങ്ങനെത്തന്നെയാകുമോ ജീവിതം

മ-അസ്സലാമ


മടക്ക യാത്രയുടെ
ദിവസമായി.
വീട്, നാട്ടുവഴികളെല്ലാം കാത്തിരിക്കുന്നു.
എയറിന്ത്യ വാക്കു പാലിച്ചാല്‍ വ്യാഴാഴ്ച
ഉമ്മ വച്ച ചോറു തന്നെ തിന്നാം രാം മോഹന്‍.
പശുവും അതിന്റെ കുട്ടിയും
ആറേഴാടുകള്‍
വല്ലിമ്മ പോറ്റുന്ന കോഴികള്‍
ഓരോരുത്തരായി വന്ന് ഹാജര്‍ പറയുന്നത്
ഇപ്പോഴേ കാണാം.

ഉമ്മാമയെ ചെന്ന് കാണും
എന്റെ കവിളില്‍ അതി പ്രാചീനമായ
ഉമ്പാച്ചികള്‍ തരും
ഞാന്‍ പിന്നെയും മഴയേറ്റു നില്‍ക്കുന്ന കുട്ടിയാകുമന്നേരം
തുടങ്ങും പിന്നെ
പത്തു മാസമായി നിര്‍ത്തി വച്ച റിയാലിറ്റി ഷോ.

കോന്‍ ബനേഗ നേര്‍പാതി?
അഞ്ചും അഞ്ചും എത്തിരയാ?
പത്ത്
ആറും നാലും എത്തിരയാ?
പത്ത്
ഏഴും മൂന്നും എത്തിരയാ?
പത്ത്
എട്ടും രണ്ടും എത്തിരയാ?
പത്ത്
ഒന്‍പതും ഒന്നും എത്തിരയാ?
പത്ത്

''എന്നാലിനിക്ക് കേക്കണോ കുഫ്-വൊത്ത പത്ത്
അഞ്ചും അഞ്ചുമാ...''

കുഫ്-വ്
എന്നാല്‍ വിവാഹിതരാകുന്നവര്‍ തമ്മിലുള്ള
പൊരുത്തത്തെ കുറിക്കുന്ന
അറബി വാക്കാകുന്നു.
ഉമ്മാമ എന്റെ നേര്‍പാതി ആരാകണം എന്ന് വിശദമാകാനുള്ള ശ്രമത്തിലാണ്.
ഞാനപ്പോള്‍
പിന്നെയും ഗുണനപ്പട്ടിക നോക്കി നെടുവീര്‍പ്പിടുന്ന കടിഞ്ഞൂല്‍പ്പൊട്ടനാകും...

വീട്,
അതിലെ എന്റെ മാളം,
പത്തുമാസമായി ആളനക്കമറിയാത്ത പുസ്തകങ്ങള്‍

''തായ്യകത്തെ
ചുമരു തുളച്ച പൊത്തിലും
വാതുക്കലകത്തെ മരപ്പെട്ടിയിലും
ഈര്‍പ്പം കൊണ്ട്
അവര്‍ പനിച്ചിരിക്കുകയാവും
ഒരു വിരല്‍ തൊടലിന് തരിക്കുകയാകും
എത്രകാലമയി കൂടെ നടന്നിരിക്കുന്നു
എത്രരാവുകള്‍ ഒപ്പമുറക്കൊഴിച്ചിരിക്കുന്നു

കൂടെക്കിടന്നിരിക്കുന്നു
അവരല്ലേ അറിഞ്ഞിട്ടുള്ളൂ
ശരിക്കുമെന്‍റെ രാപ്പനികള്‍

നസറേത്ത്
വിധവ
രജസ്വലയായ
ഉര്‍സുല
ജാരരൂകയായ
ദേവി
നിലത്തെ
പൊടിയില്‍ നിന്നും
നിഴലില്‍ നിന്നും
ഉടുപുടയില്ലാതെ ഉയരുന്ന
മൈമുന
കുരു
കുത്തിപ്പൊട്ടിക്കുന്ന
സുഹറ

പൊരിവെയില്‍
പുള്ളികുത്തുന്ന
പകലിലിരുത്തി
എന്നെ
കുറ്റം തീര്‍ത്ത്
ഉണക്കിയെടുക്കുകയാണ്
അവരുടെ ശാപം''
ആ പഴയ കവിത എടുത്തെഴുതിയതാ...

സഹവാസികളായിത്തീര്‍ന്ന ബ്ലോഗ് നിവാസികളേ,
കുഴൂര്‍, രാം മോഹന്‍, അനിലന്‍, നസീര്‍, ശാഹ്സാദ് കൂട്ടുകെട്ടുകളേ
പോയിട്ടു വരാം...

നല്ലവരായ കൂട്ടുകാരേ,
കുഫ്-വൊത്തൊരുത്തിയെ
കണ്ടവരുണ്ടെങ്കില്‍ അറിയിക്കണം,
ഒന്നുകിലെന്നെ അല്ലെങ്കില്‍ അവളെ....

ശരീന്നാല്‍
മ-അസ്സലാമ

കവിതയെഴുതുന്ന മുറി

കവിത
എങ്ങനെ ഉണ്ടാകുന്നു എന്ന്
നേരിട്ടു കാണാം
കവിതയെഴുത്തു മത്സരം
നടക്കുന്ന മുറിയില്‍

പേനകളുരയുന്ന
ശബ്ദം കേള്‍ക്കാം
കവിതകള്‍ വിളയുന്ന ഈ കാട്ടില്‍.

കവിതയെഴുതുവാനുള്ള ഏകാന്തത
ആരുമാവശ്യപ്പെടുന്നില്ല
അനുയോജ്യമായ വാക്കുകള്‍
വരാതെ
ആരെയും കളിപ്പിക്കുന്നില്ല

ആരും ക്ഷോഭിക്കുന്നില്ല
പ്രണയിക്കുന്നില്ല
സമരം ചെയ്യുന്നില്ല
ഒരേ ആയത്തില്‍ കുനിഞ്ഞ്
കണ്ണൂന്നി
വരികള്‍ കുറിക്കുന്നു
കവിതയെഴുതുന്ന ഈ കുട്ടികള്‍.

ഇടക്കിടെ ക്ലോക്കു നോക്കിയും
നീണ്ടു പോയ വരി
വെട്ടി നന്നാക്കിയും
ചില വാക്കുകള്‍ക്ക് പകരം
മറ്റെന്തെങ്കിലും
വെക്കാമോയെന്ന് ശ്രദ്ധിച്ചും.

അവരുടെ കവിതകള്‍
വിരിഞ്ഞുണര്‍ന്നതല്ല
അവയിലൊന്നു പോലും
വിപ്ലവം സ്വപ്നം കാണുന്നുണ്ടാവില്ല
ഒരു വിധി നിര്‍ണ്ണയത്തിന്റെ അപ്പുറം
അവയില്‍ മിക്കതും ജീവിക്കുക പോലുമില്ല.

പാവം കവിതകള്‍ എന്ന്
അവയെ വിളിച്ച്
കവിതയെഴുതുന്നവരെക്കുറിച്ചുള്ള
ഈ കവിത
അവസാനിപ്പിക്കാം

തളികയില്‍ വച്ച തല


ചൂഴ്ന്നെടുക്കപ്പെട്ട
കണ്ണുകളുടെ സ്ഥാനത്ത്
ബാക്കിയായ ശൂന്യത
ഭയം കൊണ്ട് സല്‍ക്കരിക്കുന്നു
ചുറ്റുമിരിക്കുന്നവരെ

ഇല്ലാത്ത കണ്ണുകളുടെ ഉറ്റുനോട്ടം
ചൂഴുന്നുണ്ട്
അവരുടെ ഇരിപ്പിനെ പോലും

തുറക്കപ്പെട്ട ആ ഗുഹയിലൂടെ
ഓര്‍മ്മകളിലേക്ക് പോകാമോ എന്ന്
തുറിച്ചു നോക്കിയിരിക്കുന്നു പ്രായമായൊരാള്‍
അയാളിലുണ്ട്
ആടുകളുമായി അലഞ്ഞ ഒരു കുട്ടിക്കാലം

വിളിക്കപ്പെട്ടവരില്‍
ഏറ്റവും സന്തുഷ്ടനെന്ന് തോന്നിക്കുന്ന
അഫ്ഗാനി
മൈനുകള്‍ വിതറിയ താഴ്വാരത്തില്‍
ആടിനെ മേക്കാന്‍ പോകുന്ന
മകളെ ഓര്‍ത്തു കഴിഞ്ഞു ഒരു നിമിഷം

മരിച്ചു കിടക്കുമ്പോള്‍ മാത്രം ആടുകള്‍
ആകാശം കാണുന്നു
എന്ന പഴമൊഴിയുടെ മരുഭൂ താണ്ടി
ആഥിതേയന്‍ അറബി
ചോരതൂവി കിടക്കുമ്പോള്‍ മാത്രം കണ്ട
ആകാശത്തിന്റെ വെണ്മയില്‍
അതിനു മരണം
രസകരമായിരിക്കണം എന്ന് പ്രോത്സാഹിപ്പിച്ചു

ആട്ടിന്‍കൂടു പോലുള്ള
വീട്ടില്‍ പച്ചിലയും പകല്‍ വെലിച്ചവുമില്ലാതെ
വളര്‍ന്നതിന്റെ കൊതിയിലും
പണിക്കാരന്‍ സോമാലി
വെള്ള നഖമുള്ള കറുത്തകൈകള്‍
കടല്‍ജീവികളിലേക്ക് മാത്രം കൊണ്ടു പോയി

ഇലപ്പച്ചകള്‍ നിറവും
ഇളങ്കാറ്റുകള്‍ സ്വരവും കൊടുത്ത
വീട്ടിലെ ആടിന്‍റെ അലച്ചിലുകളെ ഓര്‍ത്തപ്പോള്‍
കണ്ണു നിറഞ്ഞു മലബാരിക്ക്
ആടുകള്‍ക്കു പിറകെ
ആട്ടിന്‍‌കുട്ടികളേക്കാളുമടുപ്പത്തില്‍
ഓടിച്ചാടുന്ന കുട്ടികള്‍
സ്വന്തം മക്കളേക്കാളരുമയോടെ
ആടിനെ പോറ്റുന്ന ഉമ്മ
വീടതിന്‍റെ മുറ്റവും തൊടിയുമടക്കം
വിരുന്നു മുറിയില്‍ വന്നു അയാള്‍ക്ക്

മരണാനന്തര ബഹുമതി കിട്ടിയ
ഒരാളുടെ മൃതദേഹം കണക്ക്
ആ തല തളികയില്‍ തന്നെ
എല്ലാവരുടേയും ആദരമേറ്റ് കിടന്നു

ആലോചിക്കുന്ന കുറേ പേര്‍ക്കിടയില്‍
എങ്ങനെ തിരക്കു കൂട്ടുമെന്ന്
അറബി അക്ഷമയെ
തന്നിലൊതുക്കികൊണ്ടിരുന്നു

ഒപ്പം അതേ ആടിന്റെ
കൈകാലുകളും ചണ്ണയും കുറകുകളും
കടിച്ചു വലിച്ച ആര്‍ത്തികള്‍ നന്ദിയോടെ
മാപ്പിരക്കുകയാണ്
ചൂഴ്ന്നെടുക്കപ്പെട്ടാലും
വെന്തഴിഞ്ഞാലും
ഒഴിയാത്ത തീഷ്ണതയോടെ
നോട്ടം തുടരുന്ന കണ്ണുകള്‍ക്കു നേരെ
എങ്ങനെ കൈപൊങ്ങുമെന്ന്...

കണ്ണുകളില്‍ നിന്ന്
ഊരിപ്പോന്നതിന്‍റെ സ്ന്തോഷത്തിലെന്ന്
തോന്നിക്കും
വിരികള്‍ നീക്കിയ ജാനാലക്കു പുറത്ത്
വിശന്ന മെലിഞ്ഞ ആകാശം.

യുദ്ധവും സമാധാനവും

എപ്പോള്‍
പൊട്ടിപ്പുറപ്പെട്ടു എന്ന് ചോദിച്ചാല്‍ മതി
ദിവസങ്ങളായി സമാധാനം
തകര്‍ന്നുകിടപ്പായിരുന്നു കിടക്കകള്‍
ഉറക്കാത്ത കാലുകളില്‍
ഉറക്കം കിട്ടാതുള്ള അലച്ചിലുകളായിരുന്നു
മണിക്കൂറുകളൊക്കെയും

കുളിമുറിയില്‍ വല്ലതും
പാലിക്കപ്പെടാതെ കിടപ്പുണ്ടോ
അടുക്കളയില്‍ പാകം വരാതെയിരിപ്പുണ്ടോ
അങ്ങാടിയില്‍ നിന്ന്
കൂടെ വരാതെ നില്‍പ്പുണ്ടോ
എന്നൊക്കെയുള്ള
ഗൂഢമായ അന്വേഷണങ്ങള്‍ തുടങ്ങിയിട്ട്
നാളേറെയായിരുന്നു

കരയില്‍ നിന്നും കരയിലേക്ക്
ശകാരങ്ങള്‍ തൊടുത്ത്
ഇപ്പോള്‍ ഓര്‍ക്കാപ്പുറത്തായിരുന്നു തുടക്കം
നേരം വെളുത്തിരുന്നു
കുട്ടികള്‍ ഒഴിവു ദിവസത്തെ
കലികളിലേക്കിറങ്ങിയിരുന്നു

മുള്ളുവേലികളെക്കുറിച്ച്
മുള്ളുമ്പഴത്തിന്റെ അത്ര മാത്രം
ആലോചനയുള്ളവരായിരുന്നു കുട്ടികള്‍
വിമാനങ്ങള്‍
ചിറകനക്കാതെ പറക്കുന്ന
മറ്റൊരു പക്ഷി മാത്രം അവര്‍ക്ക്
യുദ്ധം അവരുടെ കളിസ്ഥലങ്ങളിലില്ല
തണലുകളില്‍ നിന്നും മടക്കി വിളിക്കുന്നില്ല

മുറ്റത്തു വന്നുവീണ പത്രം, പാല്
അതിനും മുന്നെ വീണ പഴുത്തിലകള്‍
ചപ്പുകളൊക്കെ അവിടത്തന്നെ കിടന്നു
യുദ്ധം ഉണ്ടാവും
എന്ന തോന്നലു തന്നെ എല്ലാ പതിവുകളേയും തെറ്റിക്കുന്നു
യുദ്ധം എല്ലാത്തിനേയും തൂത്തുകളയും
എന്ന കരുതലില്‍ ഒരു വിശ്രമം തരപ്പെടുത്തുന്നൂ മടി

വിളിക്കാതെ വന്നതിന്‍റെ
സങ്കോചമൊന്നുമുണ്ടായിരുന്നില്ല
യുദ്ധത്തിന്
അത്ചോദിക്കാതെ തന്നെ
അകത്തും കയറി
ഒരിടത്തും ഇരുന്നില്ല
കുട്ടികള്‍ പുറത്താണല്ലോ എന്ന് കണ്ട്
അവര്‍ കുറുമ്പു കാട്ടുമ്പോള്‍
ചെയ്യുന്നതൊക്കെ ചെയ്തു

പഴയതും പുതിയതുമായ
ആയുധങ്ങള്‍ എടുത്തു കൊടുത്തു
മുമ്പുപയോഗിച്ചവ
പിന്നെയും പ്രയോഗിക്കപ്പെട്ടു
വാരിവലിച്ചിട്ടൂ മുമ്പ് കഴിഞ്ഞവ

ഇതു വരെ ഒരു കാറ്റും
ഉച്ചരിച്ചു കേള്‍പ്പിച്ചിട്ടില്ലാത്ത
ചില ശബ്ദങ്ങള്‍ വന്നു
ഒരു വെളിച്ചവും
വെളിപ്പെടുത്തിത്തരാത്ത
കാഴ്ചകള്‍ വന്നു

അപ്പോള്‍ കുട്ടികള്‍ കളി നിര്‍ത്തി വന്നു
അവര്‍ വാവിട്ടുകരയാന്‍ തുടങ്ങി
കഴുകാതെ കിടന്ന പാത്രങ്ങള്‍ നിലത്തു വീണു നുറുങ്ങി
തുറക്കാതിട്ട കോഴിക്കൂട്ടില്‍ നിന്ന്
വറ്റും വെള്ളവുമില്ലാതെ
പൂവനും പിടയും കൊത്തു കൂടുന്ന ശബ്ദം
പുറത്തെത്തി പാഞ്ഞു നടന്നു

യുദ്ധം രണ്ടു പേര്‍ക്കിടയില്‍ സംഭവിക്കുന്നതല്ല
യുദ്ധത്തിലെത്തുന്നതോടെ
രണ്ടു പേര്‍ രണ്ടു രാജ്യങ്ങളായി മാറുന്നു
അടുക്കളത്തിണ്ണയും
കോലായിലെ ചാരുകസേരയും
അക്ഷമയുടെ തലസ്ഥാനങ്ങളായി വര്‍ത്തിക്കുന്നു
ആ രാജ്യത്തെ പ്രജകളൊക്കെയും
പട്ടിണി ശീലിച്ചും
പുറത്തിറങ്ങാതെയും
യുദ്ധച്ചെലവു വഹിക്കുന്നു

യുദ്ധം
അവസാനിപ്പിക്കാതെ പറ്റില്ല
അതില്‍ പൊരുതുന്നവര്‍ക്ക്
പുറമെ മൂടിവെക്കപ്പെടുന്ന വിശപ്പ്
യുദ്ധത്തില്‍ നിന്നവരെ പുറത്താക്കും
അതിന്റെ നേരമായാല്‍

അപ്പോള്‍ പിന്നെ
ശത്രു രാജ്യത്തിന്റെ
രാജ കുമാരനെ ഗര്‍ഭം ധരിക്കാതെ പറ്റില്ല
അതില്‍ ജയിച്ചവള്‍ക്ക്.

രാത്രിയിലെ നഗരപാതകള്‍

അവ
നിറഞ്ഞൊഴുകും തോടുകള്‍
അലകളില്‍
മടക്കിവെച്ചത്
വെളിച്ചത്തിന്റെ പൊട്ടുകള്‍
അകങ്ങളില്‍ ഇമപൂട്ടാന്‍ മറന്നു നിദ്രകള്‍

വെളിച്ചത്തിനെയും ഇരുട്ടിനെയും
തരം തിരിച്ചെടുത്ത്
ഒഴുകുന്നുണ്ട് പല വേഗങ്ങളില്‍
ഒരേ ധൃതികള്‍
ചുഴികളില്‍ മുട്ടിത്തിരിഞ്ഞും
തടവുകളില്‍ തട്ടിയും
നിന്നും

പരല്‍മീനുകളുണ്ട്
ശ്വാസമയക്കാന്‍ പാടുപെട്ട്
ഒഴുക്കിനെതിരെ തുഴ കുത്തി
വലിയ വാകളില്‍ നിന്നൊഴിഞ്ഞ്
കുഴഞ്ഞ്
ഇടക്ക് കരക്കു നോക്കുന്നു

അവസാനത്തെ ബസ്സിനു
വന്നിറങ്ങിയ
രണ്ടുമൂന്ന് സ്വര്‍ണ്ണമത്സ്യങ്ങള്‍‌
കരയിലേക്കു ചൂണ്ടയിട്ട്
വാലിളക്കി നടക്കുന്നു
അവയ്ക്കു പിറകേ
പകല് പഴുപ്പിച്ച കണ്ണുകള്‍

മുങ്ങിത്താഴുന്നു ചിലത്
ഒഴുകി നീങ്ങാന്‍ കെല്പില്ലാതെ
മരത്തില്‍ നിന്നോ മാളത്തില്‍ നിന്നോ
വന്നുവീണവ

കലങ്ങിമറിയുമ്പോള്‍ വീശാം എന്ന്
വല നിവര്‍ക്കുന്നുണ്ട്
കരയിലൊട്ടു വിശപ്പുകള്‍

വേഗം ഒഴുകിപ്പോട്ടേ എന്നോര്‍ത്താവാം
ബാറില്‍നിന്നിറങ്ങിയ
ഛര്‍ദ്ദി
ഇരുട്ടിന്റെ അരികുപറ്റി
തല കുമ്പിട്ടിരുന്നു രാകുന്നു തൊണ്ട

ആകാശം കുടഞ്ഞ ജലം പോലെ
ഒഴുകിയും വറ്റിയും
മായുകയാണ്
രാത്രിയിലെ പാതകള്‍

രാത്രി കറുക്കുംതോറും
അരികിലേക്ക് കയറിക്കയറി
ഒഴുക്കുമുണ്ട്
നേര്‍ത്തു നേര്‍ത്തു വരുന്നു

മരപ്പാലത്തില്‍ നിന്ന്
തോട്ടിലേക്കെന്ന പോലെ
കാലു തെന്നുമെന്ന് ഭയന്ന്
മുറിച്ചുകടക്കണം ഈ ഒഴുക്ക്

എത്ര നീന്തിയിട്ടും അക്കരെ കാണാത്ത
ജീവിതത്തിന്റെ വിസ്താരമുണ്ട്
ചിലപ്പോള്‍
രാത്രിയിലെ നഗരപാതകള്‍ക്ക്

രാത്രി
അര്‍ധ രാത്രിയും
അന്ത്യരാത്രിയുമായി
നഗരം
ഉറക്കവും പാതിയുണര്‍ച്ചയുമായി
പുലരുമ്പോഴേക്കും
പതിവു പോലെ
വറ്റിയും വരണ്ടും
പാതകള്‍
പാതകള്‍ തന്നെയാവുകയാണ്

നഗരത്തിലെ മരങ്ങള്‍

നഗരത്തിലെ മരങ്ങളാണു
ഫ്ലാറ്റുകളെന്ന്
കൂട്ടുകാരി പറഞ്ഞ ശേഷമാണ്
മുടങ്ങാതെ
നിരീക്ഷിക്കാന്‍ തുടങ്ങിയത്

അതെ,
ആദ്യം ആഴത്തില്‍
കുഴിക്കണം

വെള്ളമൊഴിക്കണം
തളിരില്‍
വെയിലു തട്ടാതെ മറപിടിക്കണം

കരുതലോടെ
പോറ്റിയില്ലെങ്കില്‍
ഉണങ്ങിയടരുകയോ
കൂമ്പിലേ വാടുകയോ ചെയ്യാം

ഏറ്റവുമൊടുക്കം
രണ്ടുമൊന്നെന്ന പോലെ

ചില്ലകളില്‍
ബഹളങ്ങളോടെ
വന്നു രാപാര്‍ക്കുന്നു
പലതരം നിശ്ശബ്ദതകള്‍

മുറിച്ചു വില്‍ക്കാന്‍
തക്കം
പാര്‍ത്തു നടക്കുന്നു
മഴുമുനകളേറെ ചുറ്റിലും.

പരമപൂജ്യമേ...



പൂജ്യമേ
വട്ടപ്പൂജ്യമേ...

ഒന്നാംതരം
തൊട്ടിന്നേ വരെ
ഇക്കാല‍മൊക്കെയും
ചുട്ട തല്ലും
പരനിന്ദയും മാനഹാനിയും
എനിക്കു വാങ്ങിത്തന്ന
നീ തന്നെയല്ലേ

എന്‍റെ ഗുരുവിന്
ഇക്കണ്ട കാണിക്കകളൊക്കെയും
കാണായ ശിഷ്യ സമ്പത്തുക്കളെത്രയും
വന്നു ചേരാനും കാരണമായത്...

ഒന്നും
ഒന്നും കൂട്ടിയാല്‍
ഒന്നുമാവില്ലെന്നുത്തരം
എത്ര മിഠായികളെന്നതിന്
ആറു കുട്ടികളുള്ള
ഞങ്ങളുടെ വീട്ടിലെ
സത്യം പറഞ്ഞതിന്ന്
അന്നത്തെ കണക്കുപിരീഡില്‍
തുടങ്ങിയതാണല്ലോ നീയിത്...

നിനക്കെന്നോടെന്താ
ഇത്രകാലം
കിഴിച്ചിട്ടും തീരാത്ത പക...

പരമപൂജ്യമേ
നീന്നെ
പേരു ചൊല്ലി വിളിക്കുന്ന
ഈ കേഴലു കേട്ടിട്ടാണെങ്കിലങ്ങനെ
എന്‍റെ ഗണിതങ്ങളെ
ശതഗുണീഭവിപ്പിക്കണേ
ഇനിയെങ്കിലും...

പൂജ്യമേ
പൂജ്യ വട്ടമേ...

ഖിയാമം

മുറിച്ചുമാറ്റപ്പെട്ട
സുഖാനുഭവങ്ങളെ ചൊല്ലി
പതിവായി
പരിഭവപ്പെടാറുള്ള
അഗ്രചര്‍മ്മം
അന്നാദ്യമായി
അതിനോട്
സഹതപിച്ചു കൊണ്ട്
കൃതജ്ഞത രേഖപ്പെടുത്തും,

പാപങ്ങളിലേക്കുള്ള
പ്രവേശങ്ങളില്‍
നിന്ന്
ചെറുപ്പത്തിലേ
മാറ്റി നിര്‍ത്തിയതിന്...

കഷണ്ടി

പണവും
പത്രാസും കൂടി
കൂടിവരുന്നേരത്ത്
തലയിലെഴുത്തിനുള്ള
സ്ഥലം
മതിയാകാതെ വരും
ദൈവത്തിന്,
പുതിയ
ഒഴിവിടങ്ങള്‍
കാഴ്ചവെക്കുമന്നേരം
ശിരസ്സ്


നിന്‍റെ
തലയില്‍ വരഞ്ഞ
കൊള്ളി കൊണ്ടൊന്ന്
ഞങ്ങളുടെ മാവിലെങ്കിലും
എറിഞ്ഞിരുന്നെങ്കില്‍
ദൈവം
എന്ന്
അസൂയപ്പെടും
ഇട തൂര്‍ന്ന മുടിയുള്ള
മരത്തലയന്‍മാര്‍
പേനോ താരനോ നോക്കി
വിരല്‍ നടത്തി
തലയില്‍ വല്ലതും
സ്വയമെഴുതിക്കൊണ്ട്...

2008

രണ്ടും രണ്ടു പൂജ്യവും എട്ടുമൊരു വരിയില്‍
വേറെ നിറമുള്ള നൂലിനാല്‍ തുന്നിയൊരു
ടീ ഷര്‍ട്ടുണ്ട്
പോയ വര്‍ഷം ഇടക്കിടെയിട്ടത്

അലക്കുമ്പോഴോരോ വട്ടവും
രണ്ടായിരത്തെട്ടിന്‍റെ
നൂലോരോന്ന് പിഞ്ഞിപ്പോയി

കടല്‍ ജലം വാറ്റിയ
കുളിനീരു പിടിക്കാതെ
മുടി കൊഴിഞ്ഞു തല മൊട്ടയാകുന്നതു പോലെ

ദൈന്യം
തളിരിട്ടു
കണ്ണുകള്‍ നിറം കെടുന്നതു പോലെ

ചോര പെയ്തു പെയ്തൊടുങ്ങുന്ന
പുതു വര്‍ഷത്തിന്‍ തുടര്‍ രാവുകളോരോന്നും
കാക്കയായ് ശ്രാദ്ധമുണ്ണാന്‍ വരുന്നതു പോലെ

പാഴില വീണ്
മരം പടം പൊഴിക്കുന്നത് പോലെ

അതിലൊരു കിളി വന്നു
പിന്നെയും
കൂടു കൂട്ടുന്നതു പോലെ

എല്ലാരും പറയും
കണക്കിന്
പുത്തനാമൊരു സ്വപ്നം...